കോട്ടയം: മലയാളിയുടെ മതസാഹോദര്യം മരിച്ചിട്ടില്ല എന്ന് തെളിയുക്കുന്ന വാർത്തയാണ് കോട്ടയത്ത് നിന്ന് പുറത്തു വന്നത്. ചികിത്സയിലിരിക്കെ മരണപ്പെട്ട ഹിന്ദു യുവാവിന്‍റെ മൃതശരീരം വീട്ടിലേക്കെത്തിക്കാൻ യാതൊരു വഴിയുമില്ല. അയൽവാസിയുടെ സങ്കടകരമായ അവസ്ഥ മനസ്സിലാക്കി മൃതദേഹം പൊതുദർശനത്തിന് വെക്കാൻ സ്വന്തം വീട്ടുമുറ്റത്ത് സൗകര്യമൊരുക്കി നൽകി ആലുങ്കൽ അലക്സാണ്ടർ മാത്യു എന്ന കൊച്ചുമോൻ.
ജീവിതശൈലീ രോഗങ്ങളാൽ ഏറെനാളായി ചികിത്സയിലായിരുന്ന മാങ്ങാനം തുരുത്തേൽ പാലത്തിനു സമീപം തൈക്കടവിൽ അപ്പുക്കുട്ടന്‍റെ മകൻ ടി.എ. സിബി (42) മെഡിക്കൽ കോളജിൽ വെച്ച് വ്യാഴാഴ്ചയാണ് മരിച്ചത്. വെറും മൂന്ന് സെന്‍റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സിബിയുടെ വീട്ടിലേക്ക് കയറി ചെല്ലാൻ ആകെയുള്ളത് ഒരു ഇടുങ്ങിയ നടപ്പാത മാത്രം. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ സംസ്കാരം നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്.
മൃതദേഹം പൊതുദർശനത്തിന് വെക്കാനുള്ള സൗകര്യം സിബിയുടെ വീട്ടുമുറ്റത്തില്ലെന്ന് മനസ്സിലാക്കിയ 17-ാം വാർഡ് കൗൺസിലർ ജൂലിയസ് ചാക്കോയാണ് സിബിയുടെ അയൽവാസി അലക്സാണ്ടർ മാത്യുവിനോട് അവരുടെ വീട്ടുമുറ്റത്ത് പൊതുദർശനം നടത്താൻ അനുവദിക്കുമോയെന്ന് ചോദിച്ചത്. അയൽവാസിയുടെ അവസ്ഥ മനസ്സിലാക്കിയ കൊച്ചുമോൻ അതിന് സമ്മതിക്കുകയും വീട്ടുമുറ്റത്ത് ഒരു പന്തൽ ഒരുക്കി നൽകുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചവരെ സിബിയുടെ മൃതദേഹം കൊച്ചുമോന്‍റെ വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം പിന്നീട് മാങ്ങാനം എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.