കൊച്ചി: പോക്സോ കേസിൽ മുൻകൂർ ജാമ്യത്തിലുള്ള പ്രതിക്ക് വിദേശത്ത് പരിപാടിയിൽ പങ്കെടുക്കാൻ ഹൈകോടതി ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിച്ചു. തൃശൂർ ചെറുതുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ചിറയിൻകീഴ് എ.എം. നൗഷാദ് ബാഖവിക്കാണ് ജസ്റ്റിസ് വി.ജി. അരുൺ ഇളവനുവദിച്ചത്. നേരത്തേ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുതെന്ന ജാമ്യ ഉപാധിയിൽ ഇളവ് തേടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഒപ്പു വെക്കണമെന്ന ഉപാധി പാലിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. മനാമയിലും ഷാർജയിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ അനുമതി തേടിയാണ് ഹരജി നൽകിയത്. എന്നാൽ, യാത്രക്ക് അനുമതി നൽകുന്നത് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഒപ്പു വെക്കണമെന്ന വ്യവസ്ഥ തടസ്സമാകില്ലെന്ന് വിലയിരുത്തിയ സിംഗിൾബെഞ്ച് ഹരജിക്കാരന്റെ ആവശ്യം അനുവദിക്കുകയായിരുന്നു.
മാർച്ച് 30നകം സംസ്ഥാനത്ത് തിരിച്ചെത്തുമെന്ന ഉറപ്പ് രേഖാമൂലം സമർപ്പിക്കണം, വിചാരണ കോടതിയിൽ 50,000 രൂപ കെട്ടിവെക്കണം, മടങ്ങിയെത്തുന്നതിന്റെ പിറ്റേന്നുതന്നെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണ് വിദേശ യാത്രക്ക് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.