അരൂര്‍: ഒരുവര്‍ഷം മുമ്പുണ്ടായ അടിപടിയുടെ വൈരാഗ്യത്തിൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മേനാക്കോട്ടിച്ചിറ ദീപു സത്യന് (29), അരൂക്കുറ്റി രണ്ടാം വാര്‍ഡ് തൗണ്ടക്കേരില് വൈശാഖ്(28) എന്നിവരാണ് പിടിയിലായത്.
വാഹനാപകടം എന്ന നിലയില്‍ തുടങ്ങിയ അന്വേഷണം വഴിതിരിവിലായതോടെയാണ് ഇവർ അറസ്റ്റിലായത്. 30ഓളം സി.സി. ടി.വി ദൃശ്യങ്ങള്‍ നിരീക്ഷിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് 2023 ജനുവരിയില്‍ അരൂര്‍ റസിഡന്‍സി ബാര്‍ ഹോട്ടലില്‍ നടന്ന അടിപിടിയുടെ വൈരാഗ്യമാണ് കേസിനാസ്പദമായ സംഭവമെന്ന് തെളിഞ്ഞത്.
സി.സി. ടി.വി പരിശോധിച്ചപ്പോള്‍ വാഹനം മനപൂര്‍വ്വം ഇടിപ്പിക്കുന്നതായി പൊലീസിന് വ്യക്തമായി. തുടര്‍ന്ന് മറ്റ് സി.സി. ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നമ്പര്‍ വ്യക്തമായി. ഉടമയായ ദീപുവിനെ ചോദ്യം ചെയ്തപ്പോഴാണ് പഴയ വൈരാഗ്യത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
2023 ജനുവരിയില്‍ ദീപുവും കൂട്ടുകാരും ചേര്‍ന്ന് ബാര്‍ ഹോട്ടലില്‍ മദ്യം വാങ്ങാനായി ചെന്ന സമയം ഹോട്ടല്‍ ജീവനക്കാരുമായി അടിപിടി ഉണ്ടായി.
അന്നുണ്ടായിരുന്ന വൈരാഗ്യം മനസില്‍ സൂക്ഷിച്ചിരുന്ന ദീപു ഹോട്ടലിന്റെ യൂനിഫോം ധരിച്ച ജീവനക്കാരനെ കണ്ടപ്പോള്‍ പെട്ടന്ന് വാഹനം ഇടിച്ചു കയറ്റുകയുമായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ശ്രീജിത്ത് ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിനുശേഷം അരൂക്കുറ്റിയിലുള്ള കാര്‍ സ്പായില്‍ ഒളിപ്പിച്ചിരുന്ന വാഹനം പൊലീസ് കണ്ടെത്തി.
2019ല്‍ പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലും ദീപു പ്രതിയാണ്. അറസ്റ്റിലായ വൈശാഖും അരൂര്‍ പൂച്ചാക്കല്‍ സ്റ്റേഷനുകളിലെ അടിപിടി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.