ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ എല്ലാവിഭാഗങ്ങൾക്കും കടന്നുവരാനുള്ള വേദി -എം.വി. ഗോവിന്ദൻ

തൃശൂർ: സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ ഈ വിഷയത്തിൽ കോൺഗ്രസിനെപോലെ അഴകൊഴമ്പൻ നിലപാട് സ്വീകരിക്കാത്ത, വർഗീയതയെ പിന്തുണക്കാത്ത എല്ലാവിഭാഗത്തിനും കടന്നുവരാനുള്ള വേദിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എം ജില്ല കമ്മിറ്റി തൃശൂർ തെക്കേ ഗോപുരനടയിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം റാലിയിൽ പങ്കെടുക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞപ്പോഴും സി.പി.എം ലീഗിനെ ക്ഷണിച്ചപ്പോഴും കോൺഗ്രസിനും മാധ്യമങ്ങൾക്കും വലിയ ഉത്കണ്ഠയായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ കക്ഷിരാഷ്ട്രീയത്തിന് എതിരായ നിലപാടാണ് സി.പി.എമ്മും ഇടതുപക്ഷവും സ്വീകരിച്ചത്. ഫലസ്തീൻ ഐക്യദാർഢ്യം സി.പി.എം നടത്തിയാലേ ശരിയാകൂവെന്ന തെറ്റിദ്ധാരണയും ഞങ്ങൾക്കില്ല. ഞങ്ങൾ നടത്തുന്നതുപോലെയോ അതിനെക്കാൾ ചെറുതായോ വലുതായോ ലോകത്തെവിടെ നടത്തിയാലും അവർക്കൊപ്പമാണ് സി.പി.എം. അതേസമയം, ആര്യാടൻ ഷൗക്കത്ത് ഐക്യദാർഢ്യറാലി നടത്തിയപ്പോൾ അതിനെ വിലക്കുകയാണ് കോൺഗ്രസ് ചെയ്തത് -അദ്ദേഹം വിമർശിച്ചു.

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഈ ഐക്യദാർഢ്യറാലികൾ വെച്ച് സീറ്റ് കിട്ടുമോ കുറയുമോയെന്ന് നോക്കേണ്ട കാര്യം സി.പി.എമ്മിനില്ല. ഇസ്രായേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത് നരസിഹറാവു സർക്കാറാണ്. പി.എൽ.ഒയെ അംഗീകരിച്ച് യാസർ അറാഫത്തിനെ സ്വീകരിച്ച രാജ്യവും ഇന്ത്യയാണ്. ഈ രണ്ട് ചരിത്രവും നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് കോൺഗ്രസിന്‍റെ ഇക്കാര്യത്തിലെ അഴകൊഴമ്പൻ നിലപാട് മനസ്സിലാക്കാൻ വലിയ പ്രയാസമില്ല -അദ്ദേഹം പറഞ്ഞു.

സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്‌ അധ്യക്ഷത വഹിച്ചു. കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ, ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത, സി.പി.ഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ്, സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല വർക്കിങ്‌ ജനറൽ സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം, കേരള മുസ്‍ലിം ജമാഅത്ത് ജില്ല പ്രസിഡന്റ്‌ ഫസൽ തങ്ങൾ, എൽ.ഡി.എഫ്‌ ജില്ല കൺവീനർ കെ.വി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - CPIM does not need to hold Palestine Rally to get seats in election MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.