കൊച്ചി: പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കേ കൊച്ചിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി രാജ്യം കണ്ട ഏറ്റവും മികച്ച കാർട്ടൂണിസ്റ്റുകളിൽ ഒരാളായ യേശുദാസൻ രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതി എന്നാണ് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.
ആലപ്പുല മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസൻ കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ രചയിതാവാണ്. കേരള ലളിതകലാ അക്കാദമി, കേരള കാർട്ടൂൺ അക്കാദമി എന്നിവയുടെ അധ്യക്ഷ പദവി അലങ്കരിച്ചിട്ടുണ്ട്.
23 വർഷം മലയാള മനോരമയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായിരുന്നു. ശങ്കേഴ്സ് വീക്ക്ലി, ജനയുഗം, ബാലയുഗം, കട്ട്-കട്ട്, അസാധു എന്നീ സ്ഥാപനങ്ങളിലും പ്രവർത്തിച്ചു. മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിടെയും ഭാഗമായിരുന്നു.
കെ.ജി. ജോർജിന്‍റെ പഞ്ചവടിപ്പാലം സിനിമയുടെ സംഭാഷണം എഴുതിയത് യേശുദാസനായിരുന്നു. 1992-ൽ എ ടി അബു സംവിധാനം ചെയ്ത എന്‍റെ പൊന്നു തമ്പുരാൻ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്‌റ്റ്‌സ് 2001 ൽ ലൈഫ് ടൈം അവാർഡ് നൽകി ആദരിച്ച യേശുദാസന് മികച്ച കാർട്ടൂണിസ്‌റ്റിനുള്ള സംസ്‌ഥാന അവാർഡ് നിരവധി തവണ ലഭിച്ചിട്ടുണ്ട്.
സ്വദേശാഭിമാനി കേസരി പുരസ്‌കാരം, വി. സാംബശിവൻ സ്‌മാരക പുരസ്‌കാരം, എൻ.വി. പൈലി പുരസ്‌കാരം, പി.കെ. മന്ത്രി സ്‌മാരക സ്‌മാരക പുരസ്കാരം, ബി.എം. ഗഫൂർ കാർട്ടൂൺ അവാർഡ് എന്നിവയും സ്വന്തമാക്കി.
ഭാര്യ: മേഴ്‌സി. മക്കൾ: സാനു വൈ. ദാസ്, സേതു വൈ. ദാസ്, സുകുദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.