തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിഗുരുതരമായിരിക്കെ വിവിധ വകുപ്പുകൾ അധിക വിഹിതം ആവശ്യപ്പെടുന്ന ഫയലുകൾ മുഴുവൻ ധനവകുപ്പ് മടക്കുന്നു. എങ്ങനെയും ശമ്പളം കൊടുക്കുന്നതിനാണ് വകുപ്പിെൻറ മുൻഗണന. മറ്റ് ഫയലുകളെല്ലാം വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയാണ്.
പ്രതീക്ഷിച്ചപോലെ കേന്ദ്രത്തിൽനിന്ന് നികുതിവിഹിതം കിട്ടാത്തതും നികുതിയിൽ കാര്യമായ വർധനയില്ലാത്തതും കടമെടുപ്പ് പരിധി കുറച്ചതും ചെലവുകൾ അനിയന്ത്രിതമായി കൂടിയതുമാണ് സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് വീഴ്ത്തിയത്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകുന്ന ലീവ് ട്രാവൽ കൺസഷൻ (എൽ.ടി.സി) ആനുകൂല്യത്തിലെ വിമാനയാത്രയുടെ തോത് വെട്ടിക്കുറച്ച് ചൊവ്വാഴ്ച ഉത്തരവിറക്കി.
എൽ.ടി.സി ആനുകൂല്യത്തിലെ വിമാനയാത്രക്ക് ഇതുവരെ പരിധി ഉണ്ടായിരുന്നില്ല. 2500 കിലോമീറ്റർവരെ നൽകുന്ന വിമാനക്കൂലി 10000 രൂപയായി പരിമിതപ്പെടുത്താനാണ് പുതിയ തീരുമാനം. അതിൽ കൂടുതൽ ദൂരത്തിലെ യാത്രക്ക് നേരിട്ട് വിമാനമുണ്ടെങ്കിൽ 10000 രൂപതന്നെ തുടരും. വിമാനം മാറിക്കയറണമെങ്കിൽ 15000 രൂപ അനുവദിക്കും. അതേസമയം, എൽ.ടി.സി ജീവനക്കാരനും കുടുംബത്തിനും കൂടി ആണെന്നതിനാൽ 10000 രൂപ എന്നത് എല്ലാവർക്കും കൂടിയാണോ എന്ന് വ്യക്തമല്ല. ഡിസംബർ മൂന്നിന് ധന അഡീഷനൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്ര ജി.എസ്.ടി വിഹിതമായി 3000 കോടി രൂപയിലേറെ ലഭിക്കാനുണ്ട്. സെപ്റ്റംബറിൽ കിേട്ടണ്ട 1600 കോടിപോലും ഇതുവരെ കിട്ടിയിട്ടില്ല. ഇതോടെയാണ് സംസ്ഥാനം കടുത്ത ട്രഷറി നിയന്ത്രണത്തിലേക്ക് പോയത്. നവംബറിൽ ഏതാനും ഇനങ്ങൾക്കൊഴികെ നിയന്ത്രണങ്ങൾ മാറ്റാൻ കഴിഞ്ഞില്ല. സമീപകാലത്ത് മാസം മുഴുവൻ നിയന്ത്രണം നിലനിന്നത് നവംബറിലാണ്. ഡിസംബറിൽ ശമ്പള-പെൻഷൻ വിതരണം കാര്യമായ തടസ്സമില്ലാതെ നടന്നുവരികയാണ്.
ഇൗ മാസവും നിയന്ത്രണം തുടരുമെന്നാണ് സൂചന. ഡിസംബറിൽ ക്ഷേമ പെൻഷൻ കുടിശ്ശിക നൽകണം. ക്ഷേമനിധികളടക്കമുള്ളവയുടെ പണം ട്രഷറിയിൽ നിക്ഷേപിച്ച് കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. പൊതുവിപണിയിൽനിന്ന് കടമെടുപ്പിന് അനുവദിച്ച തുകയിൽ 6000 കോടി കേന്ദ്രം വെട്ടിക്കുറച്ചിട്ടുണ്ട്. പരമാവധി തുക കടമെടുത്താണ് ഇപ്പോൾ നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.