മുൻ കാമുകന്‍റെ ഫോണിലെ തന്‍റെ സ്വകാര്യ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ ഹാക്കറുടെ സഹായം തേടി പെൺകുട്ടി; ചിത്രം കൈക്കലാക്കി ഹാക്കറുടെ ഭീഷണി, ഒടുവിൽ അറസ്റ്റ്

കോട്ടയം: മുൻ കാമുകന്‍റെ ഫോണിലുണ്ടായിരുന്ന തന്‍റെ സ്വകാര്യ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ ഹാക്കറുടെ സഹായം തേടിയ പെൺകുട്ടിക്ക് ഒടുവിൽ ഹാക്കറുടെ ഭീഷണി. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്നും പണം നൽകണമെന്നുമായിരുന്നു ഹാക്കറുടെ ഭീഷണി. കൂട്ടുകാരിയുടെ സ്വർണമാല പണയം വെച്ച് 20,000 രൂപ നൽകിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ടു. ഒടുവിൽ പൊലീസിൽ പരാതി നൽകി. പോക്സോ വകുപ്പ് ചുമത്തി ഹാക്കറെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്താണ് സംഭവം. പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പിൽ താമസിക്കുന്ന പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബ് (22) ആണ് അറസ്റ്റിലായത്.

പെൺകുട്ടി പ്രണയത്തിലായിരുന്നപ്പോൾ സ്വകാര്യ ചിത്രങ്ങൾ കാമുകന് അയച്ചുനൽകിയിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ കാമുകന്‍റെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ഹാക്കറുടെ സഹായം തേടുകയായിരുന്നു. പെൺകുട്ടിയുടെ കൂട്ടുകാരിയാണ് ഇൻസ്റ്റഗ്രാമിലെ സുഹൃത്തായ ഹാക്കറെ പരിചയപ്പെടുത്തിയത്. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാമെന്ന് ഹാക്കർ ഉറപ്പുനൽകി.

പിന്നീട്, ചിത്രങ്ങൾ കാമുകന്‍റെ ഫോണിൽ നിന്ന് വീണ്ടെടുത്തെന്നും, ഇത് പെൺകുട്ടിയുടേത് തന്നെയാണെന്ന് ഉറപ്പിക്കാൻ പുതിയ നഗ്നചിത്രങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കുട്ടി സ്വന്തം ചിത്രങ്ങൾ അയച്ചുനൽകി. എന്നാൽ, ഇതിന് പിന്നാലെ ഹാക്കർ ഭീഷണിപ്പെടുത്താൻ തുടങ്ങുകയായിരുന്നു.

ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും 25,000 രൂപ വേണമെന്നുമായിരുന്നു ഹാക്കറുടെ ആവശ്യം. കൂട്ടുകാരിയുടെ സ്വർണമാല പണയം വെച്ച് 20,000 രൂപ ഇയാൾക്ക് കൈമാറി. വീണ്ടും ഭീഷണി തുടർന്നതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - girl sought the help of a hacker to delete her pictures from her ex-boyfriend's phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.