Representation Image

നീറ്റ് പരീക്ഷക്കിടെ അപമാനിക്കപ്പെട്ട പെൺകുട്ടികൾക്ക് വീണ്ടും പരീക്ഷ നടത്തും

കൊല്ലം: 'നീറ്റ്' പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ ഉൾവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ വിവാദ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്തുന്നു. പരാതിക്കാരായ പെൺകുട്ടികൾക്കായി വീണ്ടും പരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി തീരുമാനമെടുക്കുകയായിരുന്നു. സെപ്റ്റംബർ നാലിന് ഉച്ചക്ക് രണ്ട് മുതൽ നാല് വരെ പരീക്ഷ നടത്തുമെന്ന അറിയിപ്പ് വിദ്യാർഥിനികൾക്ക് ലഭിച്ചു.

കൊല്ലം എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂളാണ് പരീക്ഷ കേന്ദ്രം. സംഭവത്തിൽ പത്തിലധികം പെൺകുട്ടികളാണ് ഔദ്യോഗികമായി പരാതി നൽകിയിരുന്നത്. സെന്‍ററിൽ പരീക്ഷ എഴുതിയ പെൺകുട്ടികളിൽ താൽപര്യമുള്ളവർ മാത്രം പരീക്ഷ എഴുതിയാൽ മതി എന്നാണ് നിർദേശം. മറ്റുള്ളവർക്ക് പഴയ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഫലം നിശ്ചയിക്കും. വിവാദ സംഭവം അന്വേഷിക്കാൻ എൻ.ടി.എ നിയോഗിച്ച വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുനപരീക്ഷ നടത്തുന്നത്. എൻ.ടി.എയുടെ തീരുമാനം വിദ്യാർഥിനികളും രക്ഷകർത്താക്കളും സ്വാഗതം ചെയ്തു. വിദ്യാർഥിനികളുടെ ആശങ്ക അകറ്റുന്ന തീരുമാനമാണെന്നും അവർ നേരിട്ട മോശം അനുഭവം ഇനി ആവർത്തിക്കരുതെന്നും പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു.

കഴിഞ്ഞ ജൂലൈ 17ന് ആയൂർ മാർത്തോമ എൻജിനീയറിങ് കോളജിലെ കേന്ദ്രത്തിൽ പരീക്ഷക്കെത്തിയ വിദ്യാർഥിനികളെയാണ് സുരക്ഷപരിശോധനയുടെ പേരിൽ ഉൾവസ്ത്രമഴിപ്പിച്ചത്. ഇത് കടുത്ത മാനസികാഘാതം ഉണ്ടാക്കിയെന്നും പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞില്ലെന്നും കാട്ടി ശാസ്താംകോട്ട സ്വദേശിയായ വിദ്യാർഥിനിയാണ് ആദ്യം കൊട്ടാരക്കര പൊലീസിനെ സമീപിച്ചത്. ഈ വിവരം പുറത്ത് വന്നതോടെ കൂടുതൽ വിദ്യാർഥിനികൾ പരാതി നൽകി. സംഭവം വിവാദമാകുകയും വലിയ പ്രതിഷേധമുണ്ടാകുകയും ചെയ്തതോടെ സുരക്ഷ പരിശോധന നടത്തിയവരും കോളജ് ശുചീകരണ ജീവനക്കാരുമായ അഞ്ച് വനിതകളും പരീക്ഷ ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകരും അറസ്റ്റിലായിരുന്നു.

കേരളത്തിന് പുറമെ കഴിഞ്ഞ നീറ്റ് പരീക്ഷ നടത്തിപ്പിനെ കുറിച്ച് പരാതി ഉയർന്ന രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി അഞ്ച് സെന്‍ററുകളിൽ കൂടി സെപ്റ്റംബർ നാലിന് പരീക്ഷ നടക്കുന്നുണ്ട്. സെപ്റ്റംബർ ഏഴിന് ആണ് പരീക്ഷഫലം പ്രഖ്യാപിക്കുന്നത്.

Tags:    
News Summary - Girls who were humiliated during the NEET exam will be re-examed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.