കോൺഗ്രസിന്‍റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിൽ അര ലക്ഷം പേര്‍ പങ്കെടുക്കും -കെ. സുധാകരന്‍

തിരുവനന്തപുരം: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന വമ്പിച്ച റാലി ചരിത്ര സംഭവമായിരിക്കുമെന്ന് അധ്യക്ഷൻ കെ. സുധാകരന്‍ എംപി. നവംബര്‍ 23ന് വൈകുന്നേരം 4.30ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന റാലിയില്‍ എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തും.

ജില്ലകളില്‍ നിന്ന് അമ്പതിനായിരത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഐക്യദാര്‍ഢ്യ റാലിയോട് അനുബന്ധിച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹ്യ, സമുദായ സംഘടനാ നേതാക്കളും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

ഫലസ്തീന്‍ ജനതയുടെ ദുര്‍വിധിയെ ചൂഷണം ചെയ്ത് സി.പി.എം അവസാരവാദ പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസിന് എക്കാലവും ഫലസ്തീന്‍ ജനതയോടൊപ്പം അടിയുറച്ചു നിന്ന ചരിത്രമാണുള്ളത്. അറബ് ജനതയുടെ മണ്ണാണ് ഫലസ്തീൻ എന്ന് മഹാത്മ ഗാന്ധിജി വ്യക്തമാക്കിയ നിലപാടിലൂന്നിയ നയവും സമീപനവുമാണ് അന്നുമുതല്‍ ഇന്നോളം കോണ്‍ഗ്രസും കോണ്‍ഗ്രസ് സര്‍ക്കാരുകളും സ്വീകരിച്ചിട്ടുള്ളത്. ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ച ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളെ തിരുത്താന്‍ ദേശീയതലത്തില്‍ പ്രാപ്തമായ സംഘടനയും കോണ്‍ഗ്രസ് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സി.പി.എമ്മിനെ വിറളിപിടിപ്പിച്ചതു കൊണ്ടാണ് കോഴിക്കോട് റാലിയെ ഭരണകൂടത്തെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിച്ചത്. ചോരയും നീരും കൊടുത്താണെങ്കിലും റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ റാലിക്ക് അനുമതി നല്‍കിയതെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Half a lakh people will participate in Congress's Palestine solidarity rally -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.