മലപ്പുറം: തിരൂരുകാരൻ ഹംസയുടെ കൈപിടിച്ച് കുലുക്കി ജില്ല കലക്ടർ അമിത് മീണ പറഞ്ഞു-വെൽകം ടു ഇന്ത്യ. മറുപടിയായി മലേഷ്യൻ ഭാഷയിൽ ഹംസ പറഞ്ഞു, ബാത്ത ബാത്ത തിരിമകസി (വളരെ വളരെ നന്ദി). പിറകെ ഇന്ത്യൻ പൗരത്വം ആലേഖനം ചെയ്ത സർട്ടിഫിക്കറ്റ് കലക്ടർ ഹംസക്ക് കൈമാറി. അങ്ങനെ 61 വർഷത്തിന് ശേഷം ഹംസ വീണ്ടും ഇന്ത്യൻ പൗരനായി.
അതിർത്തികളും ദേശങ്ങളും പൗരത്വവും നിയമപ്രശ്നമാകുന്നതിനും മുമ്പ് തിരൂർ മുത്തൂർ സ്വദേശി സൈതാലിക്ക് മലേഷ്യയിൽ കച്ചവടമുണ്ട്. പിതാവിനൊപ്പം 1957ൽ 14ാം വയസ്സിൽ ഹംസയും മലേഷ്യയിലെത്തി. വൈകാതെ മലേഷ്യയിലെ ഇന്ത്യൻ എംബസിയിൽനിന്ന് ഇന്ത്യൻ പാസ്പോർെട്ടടുത്തു. ഇതിനിടെ മലേഷ്യയിൽ പൗരത്വനിയമങ്ങൾ കർശനമാക്കി. പൗരത്വം ഉള്ളവർക്കേ മലേഷ്യയിൽ ജോലി ചെയ്യാനാകൂ എന്ന ഘട്ടത്തിൽ ഇന്ത്യൻ പൗരത്വം ഒഴിവാക്കി 1995ൽ ഹംസ മലേഷ്യൻ പാസ്പോർെട്ടടുത്തു.
ഇതോടെ സ്വന്തം ദേശത്ത് ഹംസ വിദേശിയായി. അപ്പോഴും സ്വന്തം നാടായ മൂത്തൂരിലെത്താനും കുടുംബത്തോടൊപ്പം താമസിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അസുഖം പിടിപെട്ടതോടെ 2000ത്തിൽ ഹംസ മലേഷ്യയിൽനിന്ന് തിരൂരിലെത്തി. ചികിത്സ കാരണം തിരികെ പോകാനായില്ല. ഇതോടെ പാസ്പോർട്ടും വിസയും രാജ്യം വിട്ടുള്ള യാത്രയും തിരൂരിലെ സ്ഥിരതാമസവും പ്രശ്നമായി.
അവകാശങ്ങൾ ഒന്നുമില്ലാതെ വിസ പുതുക്കി വർഷങ്ങൾ വീട്ടിൽ നിൽക്കേണ്ടിവന്നു. പൊലീസിനും മറ്റു ഏജൻസികൾക്കും ഹംസ പ്രത്യേകം ‘നിരീക്ഷിക്കേണ്ടവനായി’. 2001ൽ ഇന്ത്യൻ പൗരത്വം തേടി ജില്ല കലക്ടർക്ക് ഹംസ അപേക്ഷ നൽകിയെങ്കിലും നടപടികൾ നീണ്ടു. അപേക്ഷ നൽകി 17 വർഷത്തിന് ശേഷമാണ് തിങ്കളാഴ്ച സ്വന്തം രാജ്യത്തിെൻറ പൗരത്വം ഹംസക്ക് ലഭിച്ചത്. മലേഷ്യൻ പാസ്പോർട്ടും മറ്റുരേഖകളും റദ്ദാക്കിയ ശേഷമാണ് ഹംസക്ക് ഇന്ത്യൻ പൗരത്വം നൽകിയത്. ഇനിയുള്ള കാലം പിഴയടക്കാതെ നാട്ടിൽ നിൽക്കാമല്ലോ എന്ന ആശ്വാസത്തിലാണ് ഹംസ. കലക്ടർക്കും ഉദ്യോഗസ്ഥർക്കും മധുരം നൽകിയാണ് ഹംസ ആഹ്ലാദം പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.