കോഴിക്കോട്: താൻ എപ്പോഴും ഫലസ്തീൻ ജനങ്ങൾക്കൊപ്പമാണെന്ന് കോൺഗ്രസ് കോഴിക്കോട്ട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ. ഇത് കോൺഗ്രസ് പാർട്ടിയുടെ നിലപാടാണെന്നും അത് തന്‍റെയും നിലപാടാണെന്നും ശശി തരൂർ വ്യക്തമാക്കി.
‘കഴിഞ്ഞ മാസം ഇതേ കടപ്പുറത്ത് മുസ്‌ലിം ലീഗിന്‍റെ ഫലസ്തീൻ റാലിയിൽ ഇവിടെ വന്ന് സംസാരിക്കാൻ അവസരം ലഭിച്ചു. ആ വേദിയിൽ ഞാൻ പറഞ്ഞു, ഈ വിഷയം ഒരു മുസ്‌ലിം വിഷയം മാത്രമല്ല, ജനിച്ച മണ്ണിൽ സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും സുരക്ഷയോടെയും ജീവിക്കാനുള്ള അവകാശം എല്ലാ മനുഷ്യനുമുള്ളതാണ്. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും ബോംബാക്രമണത്തിൽ കൊല്ലപ്പെടുമ്പോൾ ഇത് മനുഷ്യത്വത്തിന്‍റെ പ്രശ്നമാണ്. അതുകൊണ്ടാണ് നമ്മൾ എല്ലാവരും ഇവിടെ കൂടിയിരിക്കുന്നത്. അന്ന് ഞാൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിലർ മനപ്പൂർവമായ തെറ്റിദ്ധാരണ പ്രചരിപ്പിക്കാൻ ശ്രമിച്ചു. എന്‍റെ അന്നത്തെ 32 മിനിറ്റ് പ്രസംഗം ഇപ്പോഴും യുട്യൂബിൽ കാണാം. അപ്പോൾ പറഞ്ഞതും അതിന് മുമ്പ് പറഞ്ഞതും അതിന് ശേഷം പറഞ്ഞതും എപ്പോഴും ഫലസ്തീൻ ജനങ്ങൾക്കൊപ്പമാണെന്നാണ്. ഇത് കോൺഗ്രസ് പാർട്ടിയുടെ നിലപാടാണ്, അത് എന്‍റെയും നിലപാടാണ്. ’ -തരൂർ പറഞ്ഞു.
അതേസമയം, കോൺഗ്രസ് ലീഗ് ബന്ധം ശക്തമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയുടെ വേദിയിൽ വ്യക്തമാക്കി സാദിഖലി ശിഹാബ് തങ്ങൾ. അധികാരമല്ല, നിലപാടാണ് മുന്നണി ബന്ധത്തെ ശക്തിപ്പെടുത്തുന്നതന്നെ് സാദിഖലി തങ്ങൾ പറഞ്ഞു. അധികാരമല്ല, നിലപാടാണ് ഏത് മുന്നണി ബന്ധത്തിന്റെയും ശക്തി. കോൺഗ്രസ് ലീഗ് ബന്ധം വളരെ ശക്തമായി മുന്നോട്ട് പോകും. മുസ്‌ലിം ലീഗ് നിലപാടുളള പാർട്ടിയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ജീവിതം തന്നെ യു.ഡി.എഫിന് വേണ്ടി ഉഴിഞ്ഞുവെച്ചതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രസംഗത്തിൽ പറഞ്ഞു. പല പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. പ്രതിസന്ധികൾ വന്ന് ഭൂമി കുലുങ്ങിയിട്ടുണ്ട്. അപ്പോൾ ഒന്നും മാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇന്ത്യയിൽ മതേതരത്വത്തിെൻറ വെന്നിക്കൊടി പാറിക്കണമെങ്കിൽ കോൺഗ്രസ് അല്ലാതെ മറ്റൊന്നുണ്ടോയെന്നാണ് ഞങ്ങൾ ചോദിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.