തിരുവനന്തപുരം :പതിനാലാമത് രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്രമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു.
ഹൃദയഹാരിയായ ചിത്രങ്ങൾ ജനങ്ങളിലെത്തിക്കാൻ ഐ.ഡി.എസ്.എഫ്.എഫ്.കെ മികച്ച വേദിയാണെന്ന് വി.എൻ വാസവൻ പറഞ്ഞു. തുടർന്ന് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഡോക്യുമെന്‍ററി സംവിധായികയും എഡിറ്ററുമായ റീന മോഹന് മുഖ്യമന്ത്രി സമ്മാനിച്ചു.
ഫെസ്റ്റിവൽ കാറ്റലോഗ് ഗതാഗത മന്ത്രി ആന്റണിരാജു കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുണിനും ഫെസ്റ്റിവൽ ബുള്ളറ്റിൻ മന്ത്രി ജി.ആർ.അനിൽ മേയർ ആര്യാ രാജേന്ദ്രനും നൽകിയും പ്രകാശിപ്പിച്ചു. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് ,വൈസ് ചെയർമാൻ പ്രേംകുമാർ,സെക്രട്ടറി സി.അജോയ് എന്നിവർ പങ്കെടുത്തു.
തുടർന്ന് ഉദ്ഘാടന ചിത്രമായ മരിയു പോളിസ് 2 പ്രദർശിപ്പിച്ചു. ഉക്രൈൻ യുദ്ധത്തിന്റെ സംഘർഷ ഭരിതമായ കാഴ്ചകളും യുദ്ധം സൃഷ്ടിക്കുന്ന മാനവിക പ്രതിസന്ധിയും പ്രമേയമാക്കിയ ചിത്രം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത് . കൈരളി ,ശ്രീ ,നിള തിയേറ്ററുകളിലാണ് മേള നടക്കുന്നത്. വിവിധ രാജ്യാന്തര മൽസര വേദികളിൽ പ്രദർശിപ്പിച്ച 19 ചിത്രങ്ങൾ ഉൾപ്പടെ 261 സിനിമകൾ പ്രദർശിപ്പിക്കുന്ന മേള ആഗസ്റ്റ് 31 സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.