എനിക്ക് ബി.ജെ.പിയിൽ പോകണമെന്ന് തോന്നിയാൽ പോകും, സി.പി.എ​മ്മിന്റെ പ്രവർത്തന സ്വാതന്ത്ര്യം ആർ.എസ്.എസ് തടഞ്ഞാൽ ഞങ്ങൾ സി.പി.എമ്മിന്റെ സംരക്ഷകരാകും -കെ. സുധാകരൻ

കണ്ണൂർ: ആർ.എസ്.എസ് ശാഖ തകർക്കാൻ സി.പി.എം ശ്രമിച്ചപ്പോൾ ആളെ അയച്ച് സംരക്ഷണം നൽകിയിട്ടുണ്ടെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്ത്. 'ഞങ്ങൾ ജനാധിപത്യ സംരക്ഷകരാണ്. സി.പി.എ​മ്മിന്റെ പ്രവർത്തന സ്വാതന്ത്ര്യം ആർ.എസ്.എസ് തടഞ്ഞാൽ ഞങ്ങൾ സി.പി.എമ്മിന്റെയും സംരക്ഷകരാകും. ജനാധിപത്യ സംവിധാനത്തിൽ ആർക്കും പ്രവർത്തിക്കാനും സംഘടിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇവിടെ ഏത് പാർട്ടിക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്. ഞങ്ങളാണ് ഈ രാജ്യത്തിന് ജനാധിപത്യം വാങ്ങിക്കൊടുത്തത്. ജനാധിപത്യ സംരക്ഷണത്തിന്റെ പോരാളികളാണ് ഈ പ്രസ്ഥാനം' -സുധാകരൻ പറഞ്ഞു.

എടക്കാട്, കിഴുന്ന, തോട്ടട ഭാഗങ്ങളിൽ ആർ.എസ്.എസ് ശാഖ തുടങ്ങിയപ്പോൾ സംരക്ഷണം നൽകിയിട്ടുണ്ടെന്ന് സുധാകരൻ കണ്ണൂരിൽ എം.വി.ആർ അനുസ്മരണ വേദിയിൽ വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് ഇന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് സുധാകരന്റെ പ്രതികരണം. 'അന്ന് ​ഗോപാല സേനയുള്ള കാലമാണ്. ആളെക്കൊല്ലാനും ​വെട്ടാനും ആടിന്റെ കഴുത്തുവെട്ടിയും വാഴവെട്ടിയും പരിശീലിക്കുന്ന കാലമാണത്. അവരുടെ ആ ക്യാമ്പിലൊക്കെ നമ്മളും പോയി ആക്രമിച്ചാലോ?' അദ്ദേഹം ചോദിച്ചു.

'എനിക്ക് ബി.ജെ.പിയിൽ പോകണം എന്ന് തോന്നിയാൽ പോകും, അതിന് സി.പി.എമ്മിന്റെ ശീട്ട് വേണ്ട. എന്റെ രാഷ്ട്രീയ തീരുമാനം ഞാൻ എടുക്കും. അതാലോചിക്കേണ്ട ബുദ്ധിയൊക്കെ എനിക്കുണ്ട്. അതാണ് ഞാൻ പറഞ്ഞത്. എന്റെ ഉദ്ദേശ ശുദ്ധിയെ നിങ്ങൾ ചോദ്യം ചെയ്യുകയാണ്.  ജനാധിപത്യസംവിധാനത്തിൽ ആർക്കും പ്രവൃത്തിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്നതാണ് എന്റെ ഉദ്ദേശശുദ്ധി. അത് നിങ്ങൾ പറഞ്ഞോളൂ '-കെ. സുധാകരൻ പറഞ്ഞു.

സി.പി.എം ശാഖ തകർക്കാൻ ശ്രമിച്ചപ്പോഴാണ് കെ.എസ്.യു സംഘടന പ്രവർത്തകനായ കാലത്ത് ആളെ അയച്ച് സംരക്ഷണം നൽകിയതെന്നാണ് സുധാകരൻ പറഞ്ഞത്. ശാഖയോടും ആർ.എസ്.എസിനോടും ആഭിമുഖ്യം ഉണ്ടായിട്ടല്ല. പകരം, മൗലികാവകാശം തകർക്കപ്പെടുന്നത് നോക്കിനിൽക്കുന്നത് ജനാധിപത്യ വിശ്വാസിക്ക് ഗുണകരമല്ലെന്ന തോന്നലാണ് അതിന് പ്രേരിപ്പിച്ചത്. ആർ.എസ്.എസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരിക്കലും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

പക്ഷെ, ആവിഷ്‍കാര- രാഷ്ട്രീയ സ്വാതന്ത്ര്യം നിലനിർത്തേണ്ടത് ഓരോ പൗരന്‍റെയും ജന്മാവകാശമാണ്. അത് ഈ നാടിന്‍റെ സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേൽക്കാതെ നടത്തുന്ന ഏതു പ്രവർത്തനത്തെയും സംരക്ഷിക്കണമെന്ന തോന്നലാണ് അന്നത്തെ തീരുമാനത്തിന് പ്രേരിപ്പിച്ചത്. ശരിയാണോ തെറ്റാണോ എന്നൊക്കെ വിവാദമാകാമെന്നും കെ. സുധാകരൻ പറഞ്ഞിരുന്നു

Tags:    
News Summary - If RSS interferes CPM's freedom, we will be CPM's protector -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.