കുമ്പള: നാൽപതുവർഷം മുമ്പ് നാടുവിട്ടയാൾ പൗരത്വം തെളിയിക്കാൻ രേഖകൾതേടി നാട്ടിലെത്തി. കുമ്പള ബംബ്രാണയിലെ മുസ്ലിയാർവളപ്പിൽ പരേതരായ മൊയ്തീൻ കുട്ടിയുടെയും ആസ്യുമ്മയുടെയും മകൻ യൂസുഫാണ് (69) ക്രിസ്മസ് ദിനം നാട്ടിലെത്തിയത്.
ബംബ്രാണയിലെ പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ച യൂസുഫ് വിവാഹശേഷം ജോലി തേടി മുംബൈക്ക് പോയതായിരുന്നു. പിന്നീട് തമിഴ്നാട്ടിലേക്ക് വണ്ടികയറിയ യൂസുഫ് അവിടെ കുറെക്കാലം കഴിച്ചുകൂട്ടി. തുടർന്ന് എറണാകുളത്തെത്തി ആലുവയിൽ നിന്ന് മറ്റൊരു വിവാഹം കഴിച്ച് അവിടെ കുടുംബസമേതം താമസമാക്കി.
കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെ തുടർന്ന് കുടുംബത്തിന് പൗരത്വരേഖകൾ ആവശ്യമായിവരും എന്നായതോടെ മക്കൾ അവരുടെ പൗരത്വം തെളിയിക്കാനുള്ള രേഖകൾ ആവശ്യപ്പെട്ട് പിതാവിൽ സമ്മർദംചെലുത്തുകയായിരുന്നു. വർഷങ്ങൾക്കുമുമ്പ് നാടുവിട്ടുപോയ യൂസുഫിന് പിറന്നനാട്ടിൽ എത്തി ബന്ധുക്കളെ അഭിമുഖീകരിക്കാൻ കഴിയില്ലെന്ന് വന്നതോടെ ആ ദൗത്യം മകൻ തൻസീർ ഏറ്റെടുത്തു.
നാലുദിവസം മുമ്പാണ് തൻസീർ പിതാവിെൻറ കുടുംബവേരുകൾ തേടി ബംബ്രാണയിലെത്തിയത്. ബംബ്രാണ ജമാഅത്ത് പള്ളിക്കരികിലെത്തി അന്വേഷിച്ച് വീട് കണ്ടുപിടിച്ചു. യൂസുഫിെൻറ അനുജൻ പോക്കറും കുടുംബവും രണ്ടു സഹോദരിമാരും ചേർന്ന് ആനന്ദാശ്രുക്കളോടെയാണ് തൻസീറിനെ സ്വീകരിച്ചത്. തുടർന്ന് വീട്ടുകാർ വിഡിയോ കാൾവഴി യൂസുഫിനെ ബന്ധപ്പെട്ട് നേരിൽ കാണാനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ യൂസുഫ് ഭാര്യയോടും മകളോടുമൊപ്പം നാട്ടിലെത്തി.
വർഷങ്ങളായി ഒരുവിവരവും ലഭിക്കാത്തതിനെ തുടർന്ന് യൂസുഫ് മരിച്ചിരിക്കുമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. വ്യാഴാഴ്ച നാട്ടിലെത്തിയ യൂസുഫും ഭാര്യയും മകളും ആദ്യഭാര്യയിലെ മകൾ മിസ്രിയയുടെ വീട്ടിലാണ് തങ്ങിയത്. 10 വർഷം മുമ്പ് യൂസുഫിെൻറ മാതാവ് ആസ്യുമ്മയും ജ്യേഷ്ഠൻ മുഹമ്മദും മരിച്ചിരുന്നു. പുനഃസമാഗമത്തിലും ഇത് ഒരു നൊമ്പരമായി ശേഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.