കെ.എസ്.ഇ.ബിയും പെൻഷൻ പ്രതിസന്ധിയിലെന്ന്​ ചെയർമാൻ 

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ കെ.എസ്.ഇ.ബിയും പെൻഷൻ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ചെയര്‍മാൻ കെ.എസ് പിള്ള ജീവനക്കാരുടെ പ്രതിനിധികള്‍ക്ക് കത്ത് എഴുതിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോര്‍ഡും ജീവനക്കാരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ത്രികക്ഷി കരാര്‍ പ്രകാരം പെന്‍ഷന്‍ ട്രസ്റ്റ് രൂപീകരിച്ചെങ്കിലും ബോര്‍ഡിന് നിക്ഷേപം നടത്താന്‍ കഴിഞ്ഞിട്ടില്ല. പെന്‍ഷന്‍ ബാധ്യത വര്‍ഷംതോറും ഉയരുകയാണെന്നും ചെയർമാൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പെന്‍ഷന്‍ ബാധ്യത 12418 കോടിയില്‍ നിന്ന് 30 ശതമാനം ഉയര്‍ന്ന് 16,150 കോടി രൂപയിൽ എത്തിയിട്ടുണ്ട്. സഞ്ചിത നഷ്ടം 1877 കോടി രൂപയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാല്‍ സഹകരിക്കണമെന്ന് ജീവനക്കാരുടെ പ്രതിനിധികളോട് കത്തില്‍ ആവശ്യപ്പെടുന്നു. ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന നിത്യ വരുമാനത്തില്‍ നിന്ന് പെന്‍ഷന്‍ കൊടുക്കരുതെന്ന് റഗേലേറ്ററി കമ്മീഷന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും 2013 മുതല്‍ ഈ രീതി തുടരുകയാണ്. 

2013ൽ കമ്പനിയായ കെ.എസ്.ഇ.ബിയിലെ ജീവനക്കാരുടെ പെന്‍ഷന്‍ സ്ഥിരത ഉറപ്പാക്കാനാണ് മാസ്റ്റര്‍ പെന്‍ഷന്‍ ആന്‍റ് ഗ്രാറ്റുവിറ്റി ട്രസ്റ്റ് രൂപീകരിച്ചത്. എന്നാല്‍, കരാര്‍ പ്രകാരം അന്നു മുതല്‍ ഫണ്ടിലേക്ക് മാറ്റേണ്ട പെൻഷൻ തുക കെ.എസ്.ഇ.ബി ഇതുവരെ മാറ്റിയിട്ടില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തുക ഫണ്ടിലേക്ക് നിക്ഷേപിക്കാനുണ്ട്.  840 കോടിയോളം രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ ബോര്‍ഡിന് പ്രതിവര്‍ഷം വേണ്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - KSEB in Financial Crisis says Board Chairman -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.