കട്ടപ്പന: ഏഴ് ഉപ ജില്ലകളിൽ നിന്നായി 4500ഓളം കലാപ്രതിഭകൾ. കലയുടെ പത്തര മാറ്റുരയ്ക്കാൻ പത്ത് വേദികൾ. കലാഭരിതമായ നാലു നാളുകൾ വിളംബരം ചെയ്ത് ജില്ലാ സ്കൂൾ കലോത്സവത്തിന് കട്ടപ്പനയിൽ തുടക്കമായി. താളവും മേളവുമായി അരങ്ങുണർന്ന വേദികൾക്ക് നൃത്തച്ചുവടുകൾ ചടുലതയേകിയപ്പോൾ ആദ്യ ദിനം തന്നെ കട്ടപ്പന ഓളത്തിലായി. തൊടുപുഴ സബ് ജില്ലയുടെ കുതിപ്പുമായാണ് ആദ്യ ദിനം കലോത്സവം കൊഴുത്തത്. ആതിഥേയരായ കട്ടപ്പന ഉപജില്ലയാണ് രണ്ടാമത്. തൊട്ടുപിന്നിൽ അടിമാലിയുമുണ്ട്.
പ്രധാന വേദിയായ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന്റെ മൈതാനിയിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റിയ വിളംബര ജാഥയോടെയാണ് ഇടുക്കി റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് നാന്ദി കുറിച്ചത്. ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബൈപാസ് റോഡിലൂടെ ഇടുക്കി കവലയിലെത്തിയ ജാഥ സെൻട്രൽ ജംഗ്ഷൻ, ഗാന്ധി സ്ക്വയർ, ഗുരുമന്ദിരം റോഡ് വഴി ടി.ബി ജങ്ഷൻ, പള്ളിക്കവല വഴി സ്കൂൾ ഗ്രൗണ്ടിൽ പ്രധാന വേദിക്ക് മുമ്പിലെത്തിയാണ് സമാപിച്ചത്. കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
നിശ്ചല ദൃശ്യങ്ങളും എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്സ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, നഗര സഭാ കൗൺസിലർമാർ, സാംസ്കാരിക പ്രവർത്തകർ, വ്യാപാരി പ്രതിനിധികൾ, അധ്യാപക സംഘടന നേതാക്കൾ തുടങ്ങിയവർ റാലിയിൽ അണിനിരന്നു. നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കാതെ ചിട്ടയോടെയായിരുന്നു വിളംബര ജാഥ കടന്നുപോയത്. കട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂളിലെ കുട്ടികൾ ഗാന്ധി സ്ക്വയറിൽ ഫ്ലാഷ് മോബോടെയാണ് ജാഥയെ വരവേറ്റത്.
കട്ടപ്പന: 34-ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം തൊടുപുഴ ഉപജില്ലയുടെ തേരോട്ടം. ഒന്നാം ദിനം പിന്നിടുമ്പോള്‍ തൊടുപുഴ 236 പോയന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. തൊട്ടടുത്ത സ്ഥാനത്ത് 201 പോയന്റുമായി കട്ടപ്പന ഉപജില്ലയുണ്ട്. 183 പോയന്റുമായി അടിമാലി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
കട്ടപ്പന: പാശ്ചാത്യവും പൗരസ്ത്യവുമായ ഈണങ്ങളിൽ വയലിൻ നാദം പൊഴിയുന്ന ഒരു വീടുണ്ട് കട്ടപ്പനയിൽ. ജിൻസ് ജോൺ - ഷീന ജോൺ ദമ്പതികളുടെ ഉള്ളാനിക്കൽ വീട്. ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും വയലിനിൽ ഒന്നാം സ്ഥാനക്കാരായത് ഇവരുടെ മക്കളാണ്.
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഡെയ്ൻ ജിൻസിനാണ് ഹൈസ്കൂൾ വിഭാഗം വയലിൻ (പാശ്ചാത്യവും പൗരസ്ത്യവും) ഒന്നാമനായി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ദിയ ജിൻസിനാണ് ഹയർ സെക്കൻഡറി വിഭാഗം വയലിനിൽ (പാശ്ചാത്യം) ഒന്നാമതെത്തിയത്.
ഡെയ്നിനായിരുന്നു കഴിഞ്ഞവർഷവും ജില്ലയിൽ ഒന്നാം സ്ഥാനം. സംസ്ഥാന കലോത്സവത്തിൽ സി ഗ്രേഡും നേടിയിരുന്നു. പാലക്കാട്ടുകാരി കലാമണ്ഡലം ഹരിതയാണ് ഇവരെ പൗരസ്ത്യ വയലിൻ അഭ്യസിപ്പിക്കുന്നത്. പാശ്ചാത്യ വയലിൻ അഭ്യസിപ്പിക്കുന്നത് കൃഷ്ണപ്രിയയാണ്. ഡെയ്ന്റെയും ദിയയുടെയും പിതാവ് ജിൻസ് ജോണും ഇതേ സ്കൂളിലെ ലാബ് അസിസ്റ്റന്റാണ്. അമ്മ ഷീജ വലിയതോവാള ക്രിസ്തുരാജ സ്കൂളിലെ അധ്യാപികയാണ്.
കട്ടപ്പന: പൊതുപ്രവർത്തനം തട്ടകമാക്കിയ അച്ഛൻ തന്നെ ഗുരുവായപ്പോൾ യു.പി വിഭാഗം മോണോ ആക്ടിൽ നെഫി സൂസൻ സിജുവിന് ഒന്നാം സ്ഥാനം. കൊച്ചുതോവാള സെന്റ് ജോസഫ് യു.പി.എസ് വിദ്യാര്‍ഥിനിയായ നെഫി അവതരിപ്പിച്ചത് സുഗതകുമാരിയുടെ ‘കൊല്ലേണ്ടതെങ്ങിനെ..’ എന്ന കവിതയുടെ ഭാവാവിഷ്കാരമായിരുന്നു.
കട്ടപ്പന നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സിജു ചക്കുംമൂട്ടിലാണ് നെഫിയുടെ പിതാവ്. അഭിനേതാവ് കൂടിയായ സിജുവാണ് മോണോ ആക്ടില്‍ സുഗതകുമാരിയുടെ കവിത പ്രമേയമാക്കാന്‍ നിര്‍ദേശിച്ചതും വേണ്ട പരിശീലനം നൽകിയതും.
മുത്ത സഹോദരി നേഹല്‍ സാറ സിജു ചവിട്ടു നാടകത്തില്‍ ഉപജില്ലയിലേക്ക് മത്സരിച്ചിരുന്നു. നെസി അന്ന സിജുവാണ് സഹോദരി. അമ്മ അനുമോള്‍ എബ്രഹാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.