മൂലമറ്റം: ഇനി അടുത്ത തെരഞ്ഞെടുപ്പ് വരാതെ മൂലമറ്റം - കോട്ടമല എന്ന പേരുപോലും കേൾക്കാൻ സാധ്യത കുറവാണ്. നാല് പതിറ്റാണ്ടുകളിലൂടെ കടന്നുപോയ തെരഞ്ഞെടുപ്പുകളിൽ കേട്ട് പഴകിയ വാഗ്ദാനമാണ് മൂലമറ്റം - കോട്ടമല റോഡ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും പതിവ് തെറ്റിച്ചില്ല. അടുത്തയാഴ്ച ടാറിങ് എന്നൊക്കെ തട്ടിവിടും. എം.എൽ.എ, മന്ത്രി തുടങ്ങിയവർക്കൊക്കെ അഭിനന്ദനം അറിയിച്ച് ഫ്ലക്സും ബോർഡും ഒക്കെ വെക്കും. പക്ഷേ, റോഡ് മാത്രം ഇനിയും വന്നിട്ടില്ല.
തൊടുപുഴ നിന്ന് കട്ടപ്പനക്കുള്ള ദൂരത്തിൽ 20 കിലോമീറ്ററെങ്കിലും കുറക്കാൻ കഴിയുന്ന ഈ റോഡിന്റെ നിർമാണം ആരംഭിച്ചത് രണ്ട് തലമുറ മുമ്പാണ്. പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്തിട്ട് 25 വർഷം പൂർത്തിയായി. ജലന്തർ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ഭരണകക്ഷിയുടെ ഏറ്റവും വലിയ വാഗ്ദാനവും മൂലമറ്റം - കോട്ടമല റോഡ് ടെൻഡർ ആയെന്നാണ്.
മൂലമറ്റം - കോട്ടമല റോഡിന്റെ അവസാന റീച്ചിന്റെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്. അറക്കുളം പഞ്ചായത്തിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് മൂലമറ്റം -കോട്ടമല റോഡ്. ഇതിനായി നാല് പതിറ്റാണ്ടിലേറെ ശ്രമം ആരംഭിച്ചതാണ്.
മൂലമറ്റത്തിന്റെ വികസനത്തിൽ ഏറെ പ്രയോജനം ചെയ്യുന്ന പാതയാണിത്. ഇനി 1200 മീറ്റർ കൂടി ടാറിങ് പൂർത്തിയാക്കിയാൽ മാത്രമേ റോഡ് പൂർണമായും ഗതാഗതയോഗ്യമാവുകയുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഈ റോഡിനായി കോടികൾ അനുവദിച്ചതായി ഫ്ലക്സ് വെച്ചതല്ലാതെ ഒരുവികസനവും നടന്നിട്ടില്ല. ഫ്ലക്സ് വെച്ച പണമുണ്ടെങ്കിൽ റോഡ് പൂർത്തിയാക്കാമായിരുന്നെന്നാണ് നാട്ടുകാർ തമാശ പറയുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കിഫ്ബിയിൽ പെടുത്തി 30 കോടി അനുവദിച്ച റോഡാണിത്. രണ്ട് മാസം മുമ്പ് നടന്ന പഞ്ചായത്ത് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ആറ് കോടി അനുവദിച്ചതായി പ്രചരിപ്പിച്ചാണ് ആറാം വാർഡിലെ ഉപതെരഞ്ഞെടുപ്പിനെ എൽ.ഡി.എഫ് നേരിട്ടത്. എന്നാൽ ഇത് പതിവാണെന്നറിഞ്ഞ നാട്ടുകാർ വാഗ്ദാനം വിശ്വസിച്ചില്ല. ഒന്നേകാൽ കിലോമീറ്റർ റോഡ് കൂടി പൂർത്തിയാകുന്നതോടെ കോട്ടമല, ചക്കിമാലി, കപ്പക്കാനം, മുല്ലക്കാനം, ഉളുപ്പൂണി പ്രദേശത്തുള്ളവർക്ക് കുറഞ്ഞ സമയത്തിൽ മൂലമറ്റത്ത് എത്താം.
റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരടക്കം കോടതിയെ സമീപിച്ചതാണ്. കോടതി നിർമാണം പൂർത്തിയാക്കാൻ വിധിച്ചെങ്കിലും അതും നടന്നില്ല. അടുത്തയിടെ കെ.എസ്.ആർ.ടി.സി കനിഞ്ഞ് ഇതുവഴി മേമ്മുട്ടം കവല വരെ ബസ് സർവീസ് തുടങ്ങാൻ നടപടിയായിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം.
റോഡുപണി മുടങ്ങിയിട്ട് മാസങ്ങൾ; കരാറുകാരൻ പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങി
നെടുങ്കണ്ടം: ആദിയാര്‍പുരം-തെക്കെ കുരിശുമല റോഡ് പണി പാതിവഴിയിൽ ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങി. പാമ്പാടുംപാറ പഞ്ചായത്തിലെ ഉള്‍നാടന്‍ ഗ്രാമീണ മേഖലകളായ ആദിയാര്‍പുരം, തെക്കെ കുരിശുമല പ്രദേശങ്ങളിലുടെ കടന്നുപോകുന്ന പാതയുടെ നിര്‍മാണമാണ് എട്ട് മാസങ്ങളായി മുടങ്ങിയത്.
പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2022 ജനുവരിയിലാണ് മുണ്ടിയെരുമ-പാമ്പാടുംപാറ- തെക്കേ കുരിശുമല റോഡ് നിര്‍മാണം ആരംഭിച്ചത്. ആദിയാര്‍പുരം, തെക്കേ കുരിശുമല മേഖലയില്‍ ഉള്ളവര്‍ക്ക് പുറംലോകത്ത് എത്താനുള്ള ഏകമാര്‍ഗമാണിത്. 7.5 കിലോമീറ്ററോളം വരുന്ന പാതക്ക് 7.5 കോടി രൂപയാണ് അനുവദിച്ചത്. 2023 ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍, ഇതുവരെ പാതിപോലും പൂര്‍ത്തീകരിച്ചിട്ടില്ല. നിലവില്‍ പല ഭാഗത്തും ടാറിങിനായി മെറ്റല്‍ നിരത്തിയിട്ടുണ്ട്. മെറ്റല്‍ ഉറപ്പിക്കാത്തതിനാല് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. റോഡിന്റെ അലൈന്മെന്റ് സംബന്ധിച്ചും നാട്ടുകാര്‍ ആരോപണം ഉന്നയിക്കുന്നു.
വെള്ളം ശക്തമായി ഒഴുകുന്ന ഭാഗങ്ങളില്‍ പോലും കലുങ്കുകള്‍ ഇല്ല. റോഡിന്റെ വശങ്ങളും കോണ്‍ക്രീറ്റ് ചെയ്തിട്ടില്ല. ഇതുമൂലം സ്കൂള്‍ ബസുകള്‍ പോലും എത്താറില്ല. റോഡ് ആരംഭിക്കുന്ന മേഖലയില്‍ ടാറിങ് നടത്തിയതിനാല്‍ ഇതുവഴി കടന്ന് വന്ന് പ്രതിസന്ധിയിലാകുന്ന വാഹനങ്ങളും നിരവധി. അതേസമയം, എസ്റ്റിമേറ്റിലെ അപാകതയാണ് നിര്‍മാണം പൂര്‍ത്തിയാക്കാൻ കഴിയാത്തതെന്നാണ് കരാറുകാരന്റെ വിശദീകരണം. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം മികച്ച രീതിയില്‍ നിര്‍മാണം നടത്താനാവില്ലെന്നും ഇക്കാര്യങ്ങള്‍ പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് കരാറുകാരന് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.