തൊടുപുഴ: റേഷൻ വിതരണത്തിൽ അടിക്കടിയുണ്ടാകുന്ന മുടക്കം മലയോര ജില്ലയിലെ ജനങ്ങളെ സാരമായി ബാധിക്കുന്നു. നെറ്റ് വർക്ക് തകരാറിനെ തുടർന്നും ഇ പോസ് മെഷീന് പണിമുടക്കുന്നതും മൂലം ജില്ലയിലെ റേഷന്‍ വിതരണം പലപ്പോഴും തടസ്സപ്പെടുകയാണ്. ഇതിനിടെയാണ് പുതിയ ബില്ലിങ്ങ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനെ തുടർന്ന് റേഷന്‍ വിതരണം വീണ്ടും തടസ്സപ്പെട്ടത്. സാങ്കേതിക തകരാര്‍ മൂലം മൂന്ന് ദിവസമായി റേഷന്‍ വിതരണം ഭാഗികമായാണ് നടന്നിരുന്നത്. കേന്ദ്രവിഹിതം പ്രത്യേകം രേഖപ്പെടുത്തുന്ന ബില്ലിങ്ങിലേക്ക് മാറാനായി ഇ പോസ് മെഷീനുകളുടെ സോഫ്റ്റ് വെയറില്‍ പുതിയ ഡേറ്റ അപ്ഡേറ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഇതേ തുടര്‍ന്നാണ് ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായത്. ഇതോടെ ഇ പോസ് മെഷീന് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ നല്കാന് കഴിയാത്ത അവസ്ഥയായി. റേഷന്‍ കടയുടമകള്‍ക്ക് ഒരു വിധത്തിലുള്ള അറിയിപ്പും ലഭിക്കാതെ വന്നതും പ്രതിഷേധത്തിനിടയാക്കി. സാങ്കേതിക തകരാര്‍ മൂലം റേഷന്‍ വിതരണം തടസപ്പെട്ടിരിക്കുന്നു എന്ന ബോര്‍ഡ് സ്ഥാപിച്ച ശേഷം പലരും ജില്ലയിൽ കടയടക്കുകയും ചെയ്തു. ജില്ലയിൽ മാസ അവസാനങ്ങളിലായാണ് റേഷൻ കടകളിൽ തിരക്കനുഭവപ്പെട്ടിരുന്നത്. തിരക്ക് കൂടുമ്പോൾ സെർവർ തകരാറും പതിവാകും. ഇതിനെ മറികടക്കാൻ മാസാരംഭത്തിൽ തന്നെ എത്തണമെന്ന നിർദേശം റേഷൻ കടകളിൽ നിന്ന് നൽകാറുണ്ട്. ഇങ്ങനെ എത്തിയവർക്കും റേഷൻ വിതരണം തടസപ്പെട്ടത് വെല്ലുവിളിയായി. ജോലി മാറ്റിവെച്ച് മാസാദ്യം സാധനങ്ങൾ വാങ്ങാനെത്തുന്നവര്‍ വെറുംകയ്യോടെ മടങ്ങേണ്ടിയും വന്നു. അടിക്കടി ആവര്‍ത്തിക്കുന്ന തകരാറിന് ഉപഭോക്താക്കളോട് മറുപടി പറഞ്ഞ് മടുത്തതായി റേഷൻ വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.