തൊടുപുഴ: ജില്ലയില്‍ ടൂറിസം മേഖല മുഖംമിനുക്കാൻ ഒരുങ്ങുകയാണെന്നും ജില്ലയിൽ ടൂറിസത്തിന് അനന്തമായ സാധ്യതകളാണുള്ളതെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.കലക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ പുനഃസംഘടിപ്പിച്ച ഗവേണിങ് ബോഡി യോഗത്തിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.
ഇടുക്കി ഡാമിനോട് ചേര്‍ന്ന് ഡി.ടി.പി.സിയുടെ അധീനതയിലെ സ്ഥലത്ത് തിയറ്റര്‍ കോംപ്ലക്സിന് അഞ്ച് ഏക്കര്‍, ഇറിഗേഷന്‍ മ്യൂസിയത്തിന് രണ്ട് ഏക്കര്‍, സാംസ്കാരിക മ്യൂസിയത്തിന് അഞ്ച് ഏക്കര്‍, വാഹന പാര്‍ക്കിങ് ഏരിയക്ക് അഞ്ച് ഏക്കര്‍ എന്നിങ്ങനെ സ്ഥലം അനുവദിച്ചുനല്‍കുവാന്‍ മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് വനംവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന കേസുകളുടെ വിശദവിവരം തയാറാക്കിനല്കണം. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി, ഫോറസ്റ്റ്, എല്‍.എസ്.ജി.ഡി, റവന്യൂ വകുപ്പുകളുമായി ചേര്‍ന്ന് ഉന്നതതല യോഗം വിളിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യും. മലങ്കര ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനായി സ്വദേശി ദര്ശന് പദ്ധതിപ്രകാരം നിര്‍മാണ പ്രവര്‍ത്തനത്തിന് ഉടന്‍ അനുമതി ലഭിക്കുമെന്നും മന്ത്രിയും അതിനുവേണ്ട ഇടപെടലുകള്‍ നടത്തിയെന്നും ഡീന്‍ കുര്യക്കോസ് എം.പി പറഞ്ഞു. വാഗമണ്‍, ഏലപ്പാറ എന്നീ സ്ഥലങ്ങളില്‍ ടൂറിസം വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ 25ന് യോഗം ചേരുമെന്ന് വാഴൂര്‍ സോമന് എം.എല്‍.എ അറിയിച്ചു.
എക്കോ ലോഡ്ജ് കുടിയേറ്റ സ്മാരകം, യാത്രി നിവാസ് ഇടുക്കി എന്നിവ പണി പൂര്‍ത്തിയാക്കി ഉടനെ ഉദ്ഘാടനം നടത്താന്‍ ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വര്‍ഗീസ് ആവശ്യപ്പെട്ടു.ഡി.ടി.പി.സിയുടെ മാട്ടുപ്പെട്ടി ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന ബോട്ടുകൾക്ക് രണ്ടു സ്ട്രോക് എൻജിന് മാറ്റി നാല് സ്ട്രോക്ക് എൻജിന് വാങ്ങുവാനും പുതിയ ഒരു പാസഞ്ചര്‍ ബോട്ട് വാങ്ങുവാനും യോഗം തീരുമാനിച്ചു.വാഗമണ്ണില്‍ മോട്ടോര്‍ പാരാഗ്ലൈഡിങ് നടത്താന്‍ കഴിയുമോ എന്ന് പഠിച്ച് നടപ്പാക്കുവാനും ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇടുക്കി, രാമക്കല്‍മേട്, തേക്കടി, വാഗമണ്‍, മലങ്കര ബന്ധപ്പെട്ട പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ട്രക്കിങ് ടൂറിസത്തിനായി പദ്ധതി തയാറാക്കുവാനും യോഗം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.