കോട്ടയം: നിയമലംഘകരെ പിടികൂടാനുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറകൾ ചിത്രങ്ങൾ പകർത്തിത്തുടങ്ങി. എന്നാൽ, പിഴ അടക്കം നിയമനടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ജില്ലയില്‍ 46 സ്ഥലത്താണ് കാമറ സ്ഥാപിച്ചത്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തി കണ്ട്രോള് റൂമില്‍ പരിശോധിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ പിഴ ഈടാക്കിത്തുടങ്ങുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിത ബുദ്ധി) കാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ പ്രോഗ്രാം ചെയ്ത നിയമ ലംഘനങ്ങൾ കണ്ടാൽ ചിത്രം പകർത്തും. സൗരോർജം കൊണ്ട് രാത്രിയിലും പകലും ഒരുപോലെ പ്രവർത്തിക്കും. കേബിളോ മറ്റ് ലൈനുകളോ ഇല്ലാതെ സിം കാർഡ് ഉപയോഗിച്ചാണ് കാമറകൾ ഇന്ററർനെറ്റ് വഴി ദൃശ്യങ്ങൾ അയക്കുന്നത്. കാമറക്ക് 30 ലക്ഷം രൂപ വരെയാണ് വില. കെൽട്രോണാണ് ഇവ സ്ഥാപിച്ചത്.
കാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അപ്പോൾത്തന്നെ തിരുവനന്തപുരത്തെ സംസ്ഥാന കൺട്രോൾ റൂമിലേക്ക് അയക്കും. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ചിത്രവും പിഴയും ഉൾപ്പെടുന്ന നോട്ടീസ് അവിടെനിന്ന് മോട്ടോർ വാഹന വകുപ്പിന്റെ ജില്ല ഓഫിസിലേക്ക് അയക്കും.
ഇവിടെനിന്ന് തപാൽ വഴി വാഹന ഉടമകൾക്ക് നോട്ടീസ് ലഭിക്കും. പിഴ ഓൺലൈൻ വഴി അടക്കണം. അക്ഷയകേന്ദ്രങ്ങൾ വഴിയും പിഴ അടക്കാൻ സൗകര്യമുണ്ട്. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോൾ കേന്ദ്രനിയമപ്രകാരമുള്ള ഇരട്ടിത്തുക കോടതിയിൽ അടക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ പിഴ സംസ്ഥാന സർക്കാർ ഇളവുചെയ്താണ് നിലവിൽ മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നത്. കേസ് കോടതിയിൽ എത്തുമ്പോൾ കേന്ദ്ര നിയമത്തിലെ പിഴ അടക്കേണ്ടിവരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.