കോട്ടയം: നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ പവിലിയൻ അപകടാവസ്ഥയിലെന്ന് മുനിസിപ്പൽ എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഏഴ് മുനിസിപ്പൽ കെട്ടിടങ്ങളിൽ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തിയിരുന്നു. ഇതിൽ സ്റ്റേഡിയത്തിന്റെ നില അപകടാവസ്ഥയിലാണെന്നാണ് കണ്ടെത്തിയത്. പവിലിയന്റെ കോൺക്രീറ്റ് പലയിടങ്ങളിലും ഇളകിയിരിക്കുകയാണ്.
എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധനക്കു പിന്നാലെ പവിലിയനിലെ കോൺക്രീറ്റ് ഇളകി താഴെ വീഴുകയും ചെയ്തു. ആളുകളില്ലാത്തതിനാൽ അപകടം ഒഴിവായി. കോട്ടയം നഗരത്തിലെ ഏക സ്റ്റേഡിയമാണ് അധികൃതരുടെ അനാസ്ഥ മൂലം ദുരവസ്ഥയിലായിരിക്കുന്നത്. ക്ലബ് ഫുട്ബാൾ മത്സരങ്ങളും സംസ്ഥാന കായിക മേളകളും നടന്നിരുന്ന സ്റ്റേഡിയത്തിൽ ഇപ്പോൾ കായിക താരങ്ങൾക്ക് പരിശീലനത്തിനു പോലും സൗകര്യമില്ല.
കാടു കയറിക്കിടക്കുകയാണ് മൈതാനം. രാത്രി സാമൂഹിക വിരുദ്ധരുടെ ശല്യവും. സ്റ്റേഡിയത്തിലെ സോളാർ വിളക്കുകളെല്ലാം നശിച്ചു. ബാറ്ററികൾ ആരൊക്കെയോ ഊരിക്കൊണ്ടുപോയി. ചില വിളക്കുകൾ നിലം പൊത്തി. ഗാലറികളിൽ പോലും കാടു വളർന്നു. രാവിലെയും വൈകീട്ടും നിരവധിപേർ നടക്കുന്നതും വ്യായാമം ചെയ്യുന്നതും സ്റ്റേഡിയത്തിലെ പതിവുകാഴ്ച ആയിരുന്നു. എന്നാൽ, ഇപ്പോൾ സ്റ്റേഡിയത്തിൽ കാലുകുത്താൻപോലും പേടിക്കണം.
ഗാലറിയിലെ കൈവരികളെല്ലാം തകർന്നു. ചിലത് എപ്പോൾ വേണമെങ്കിലും വീഴാമെന്ന അവസ്ഥയിൽ ചരിഞ്ഞുനിൽക്കുകയാണ്. താഴത്തെ കടകളും അപകടാവസ്ഥയിലാണ്.
1973ലാണ് ഒമ്പതേക്കറിലായി സ്റ്റേഡിയം നിർമിച്ചത്. ഒരു ഫുട്ബാൾ സ്റ്റേഡിയം, 400 മീറ്റർ ട്രാക്ക്, ഗാലറി, ക്രിക്കറ്റ് നെറ്റ്സ്, ബാസ്കറ്റ് ബോൾ സ്റ്റേഡിയം എന്നിവയാണ് ഇവിടെയുള്ളത്. ഇവയൊന്നും തിരിച്ചെടുക്കാൻ പറ്റാത്ത വിധം നശിച്ചു.
മഴപെയ്താൽ സ്റ്റേഡിയം കുളമാവും. മീനച്ചിലാറിലെ ജലനിരപ്പിൽനിന്ന് താഴ്ചയിലായതിനാൽ വെള്ളം ഒഴുകിപ്പോകാൻ താമസമുണ്ട്. കോടികൾ ചെലവിട്ട് നിർമിച്ച സ്റ്റേഡിയം നശിച്ചിട്ടും അധികൃതർക്ക് കുലുക്കമില്ല.
സ്റ്റേഡിയത്തിന്റെ മാത്രമല്ല നഗരസഭയുടെ കെട്ടിടങ്ങളിലൊന്നും കൃത്യമായി അറ്റകുറ്റപ്പണി നടക്കുന്നില്ല. അപകടാവസ്ഥയിലെത്തുമ്പോൾ പൊളിക്കാൻ തീരുമാനിക്കും. പൊളിച്ചടുക്കൽ മാത്രമാണ് അറിയാവുന്ന പണിയെന്ന ചീത്തപ്പേര് കാലങ്ങളായി നഗരസഭക്കുണ്ട്. എല്ലാ ബജറ്റിലും സ്റ്റേഡിയത്തിനായി തുക മാറ്റിവെക്കുന്നുണ്ടെങ്കിലും ഒന്നും സ്റ്റേഡിയത്തിലെത്തുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.