കൊക്കയാര്‍: പട്ടികവര്‍ഗ കോളനിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന രോഗികള്‍ക്ക് സ്വകാര്യ ആംബുലന്‍സുകള്‍ യാത്ര നിഷേധിച്ചു. ഒടുവില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ പി.പി.ഇ കിറ്റ് ധരിച്ച് സ്വകാര്യ ജീപ്പില്‍ ആശുപത്രിയിലെത്തിച്ചു. കുറ്റിപ്ലാങ്ങാട് പട്ടികവര്‍ഗ കോളനിയിലെ രോഗികളായ വയോധികരടക്കമുള്ളവരോടായിരുന്നു അവഗണന.
കുടുംബത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് 85കാരനും ഹൃേദ്രാഗത്തിന് ചികിത്സയിലിരിക്കുന്ന 75കാരിയും ഇവരുടെ കൊച്ചുമകള്‍ 46കാരിയും നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ വയോധികന് രോഗം മൂര്‍ച്ഛിക്കുകയും അവശനിലയിലാവുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം ഐസിമോൾ വിപിന്‍ രണ്ട് ആംബുലന്‍സ് വിളിച്ചുവരുത്തിയെങ്കിലും രോഗികള്‍ നിരീക്ഷണത്തിലിരിക്കുന്നവരാെണന്ന് അറിഞ്ഞതോടെ മടങ്ങിപ്പോയി.
തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരെ വിളിച്ചുവരുത്തി. ജെ.എച്ച്.ഐ ഹരിലാല്‍, ജെ.പി.എച്ച്.എന്‍ ഷിംന എന്നിവർ പി.പി.ഇ കിറ്റ് ധരിച്ച് സകാര്യവ്യക്തിയുടെ വാഹനത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ രോഗികളെ പരിശോധിക്കാന്‍ കാലതാമസമുണ്ടായതായും ആരോപണമുണ്ട്.
പിന്നീട് നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ക്കും കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരെ തൊടുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കൊക്കയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് ഇെല്ലന്ന് 'മാധ്യമം' മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പഞ്ചായത്തോ സര്‍ക്കാറോ ഒരു നടപടിയും സ്വീകരിച്ചില്ല. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട രോഗികളോട് കാട്ടിയ അവഗണനക്കെതിരെ വ്യാപകപ്രതിഷേധം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.