കോട്ടയം: ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിനായി ജില്ലയിലെ ഭക്ഷണശാലകൾക്ക് റേറ്റിങ് വരുന്നു. ഭക്ഷണശാലകളുടെ വൃത്തിയും ഭക്ഷണ ഗുണനിലവാരവും സംബന്ധിച്ച് പൊതുജനങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഫൈവ്സ്റ്റാർ വരെ റേറ്റിങ് നൽകാവുന്ന സംവിധാനം ഭക്ഷ്യസുരക്ഷ വകുപ്പാണ് ഒരുക്കുക.
ആദ്യഘട്ടത്തിൽ ജില്ലയിലെ 45 ഭക്ഷണശാലകളെയാണ് റേറ്റിങ് പദ്ധതിയിൽ ഉൾപ്പെടുത്തുക. വൃത്തിയിലും ഗുണത്തിലും മാറ്റങ്ങൾ വരുത്തുന്നതിനായി പാചകക്കാർ, വിളമ്പുന്നവർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് പരിശീലനവും ബോധവത്കണവും നൽകും. റേറ്റിങ് കൃത്യമായി പരിശോധിക്കുന്നതിനു സംവിധാനമുണ്ടാകും. റേറ്റിങ് കുറവുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും.
കാമ്പസുകളിൽ സുരക്ഷിതഭക്ഷണം ലഭ്യമാക്കുന്നതിനുള്ള 'ഈറ്റ് റൈറ്റ് കാമ്പസ്' പദ്ധതിയിൽ കലക്ടറേറ്റ്, കാരിത്താസ് ആശുപത്രി, അരുവിത്തുറ സെന്റ് ജോർജ് കോളജ്, പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജ് എന്നിവയെ ഉൾപ്പെടുത്തി ഇവിടുത്തെ കാന്റിനുകളിൽ സുരക്ഷിത ഭക്ഷണം മാത്രമാണ് വിൽപന നടത്തുന്നതെന്ന് ഉറപ്പുവരുത്തും. ഇവയുടെ പരിസരത്ത് പ്രവർത്തിക്കുന്ന കടകളിലും ഹോട്ടലുകളിലും ജംഗ് ഫുഡ് വിഭാഗത്തിൽപ്പെട്ടവയുടെ വിപണനം തടയും.
ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയുന്നതിനായുള്ള റൂക്കോ പദ്ധതി ജില്ലയിൽ വ്യാപകമാക്കും. കാറ്ററിങ് യൂനിറ്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽനിന്ന് പുനരുപയോഗ്യമല്ലാത്ത എണ്ണ ശേഖരിക്കുന്നതാണ് പദ്ധതി.
ഉപയോഗിച്ച എണ്ണയുടെ നിർമാർജനം പദ്ധതിയിലൂടെ മാത്രമാക്കും. ഇതിനായി രണ്ട് അംഗീകൃത ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉപയോഗിക്കുകയും കൈമാറുകയും ചെയ്യുന്ന എണ്ണയുടെ അളവ് സംബന്ധിച്ച വിവരം സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷ വകുപ്പിന് നൽകണം. ഉപയോഗിച്ച എണ്ണ ശേഖരിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഏജൻസികൾ ലഭ്യമാക്കും. കൃത്രിമമായി റിപ്പോർട്ട് നൽകുകയോ പദ്ധതി നടപടി നിരസിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
പദ്ധതികളുടെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യുന്നതിന് കലക്ടർ ഡോ.പികെ. ജയശ്രീയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. ഭക്ഷ്യസുരക്ഷ കമീഷണർ വി.ആർ. വിനോദ്, ഡെപ്യൂട്ടി കമീഷണർ പി. ഉണ്ണികൃഷ്ണൻ നായർ, അസി. കമീഷണർ അലക്സ് കെ. ഐസക്, കെ.എച്ച്.ആർ.എ. ജില്ല സെക്രട്ടറി കെ.കെ ഫിലിപ്പുകുട്ടി , ബി.എ.കെ.ഇ സംസ്ഥാന സെക്രട്ടറി പ്രേംരാജ്, നാലുമണിക്കാറ്റ് പ്രസിഡൻറ് ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഡോ. ദീപ്തി മധു, ഭക്ഷ്യസുരക്ഷ ജില്ല നോഡൽ ഓഫിസർ ഡോ. അക്ഷയ വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.