സ്വന്തം ലേഖകൻ ബേപ്പൂർ: കാലാവസ്ഥ മോശമായതിനെത്തുടർന്ന് ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്കുകൾ കയറ്റിയ ഉരുക്കളുടെ യാത്ര പ്രതിസന്ധിയിൽ. ശക്തമായ കാറ്റും തിരമാലയുമുള്ളതിനാൽ പുറംകടൽ പ്രക്ഷുബ്ധമായതാണ് ചരക്കുകൾ കയറ്റിയ പത്ത് ഉരുക്കളുടെ യാത്ര മുടക്കിയത്. അമേനി, ആന്ത്രോത്ത്, കവരത്തി, കടമത്ത്, കൽപേനി തുടങ്ങിയ ദ്വീപുകളിലേക്കുള്ള ഉരുക്കളുടെ യാത്ര മുടങ്ങിയിട്ട് 20 ദിവസത്തോളമായി. ഓരോ ഉരുവിലും 250-300 ടൺ ചരക്കുകൾ പ്രകാരം മൂവായിരത്തോളം ടൺ ചരക്കുകളാണ് കെട്ടിക്കിടക്കുന്നത്. ചരക്കുകൾ കയറ്റിയ ഉടനെ ദ്വീപിലേക്ക് പോകുവാൻ സാധിക്കാതെ തുറമുഖത്ത് തന്നെ അനിശ്ചിതമായി ദിവസങ്ങളോളം നങ്കൂരമിട്ടു നിൽക്കുന്നതിനാൽ ഉരുവിന് സംഭവിച്ചേക്കാവുന്ന അപകടഭീഷണിയെക്കുറിച്ചുള്ള ആശങ്കയിലാണ് ഉടമകളും ജീവനക്കാരും. കടൽ യാത്രയുടെ അനിശ്ചിതാവസ്ഥ മുൻകൂട്ടിക്കണ്ട് രാജം, പരാശക്തി എന്നീ രണ്ടു ഉരുക്കളിലെ ചരക്കുകൾ തിരിച്ചിറക്കി സ്വദേശമായ തമിഴ്നാട്ടിലേക്ക് നേരത്തേ പോയി. വിവിധ ദ്വീപുകളിൽ അത്യാവശ്യമായി എത്തിച്ചേരേണ്ട കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ കയറ്റി അയക്കാൻ സാധിക്കാതെ ഏജൻറ്മാരും,ദീപുകാരും പ്രയാസത്തിലാണ്. തമിഴ്നാട്ടിലെ കടലൂർ,തൂത്തുക്കുടി സ്വദേശികളുടെയും, ദ്വീപ് സ്വദേശികളുടെയും ഉടമസ്ഥതയിലുള്ള തരുൺ വേലൻ, ദീപ ദർശൻ, ശ്രീമുരുകൻ തുണൈ, ഇൻഫാന്റ് ജീസസ്, കറുപ്പ് മുത്തു അണ്ണൻ, ആർ.എസ്. കമാലി, മൗലാ, ദീക്ഷാ ചാന്ദ്നി, സർക്കാർ , മറൈൻ ലൈൻ തുടങ്ങിയ ഉരുക്കളാണ് തുറമുഖത്തുള്ളത്. വിവിധ നിത്യോപയോഗ സാധനങ്ങളും സിമൻറ്, കമ്പി, ഹോളോബ്രിക്സ്, ടൈൽസ് തുടങ്ങിയ നിർമാണ സാമഗ്രികളും ഫർണിച്ചർ, ഹാർഡ്‌വെയർ ഉൽപന്നങ്ങൾ ഇലക്ട്രിക് ജോലികൾക്ക് ആവശ്യമായ വസ്തുക്കൾ എന്നിവയാണ് ഉരുവിലുള്ളത്. ഉരുക്കളിൽ കയറ്റേണ്ട പച്ചക്കറികളും, പഴവർഗങ്ങളും കേടുവന്ന് വൻനഷ്ടം വരാൻ സാധ്യതയുള്ളതിനാൽ ഇവകൾ തിരിച്ചിറക്കി ദീപ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ബാർജുകളിൽ കയറ്റി അയച്ചു. കാലാവസ്ഥ പ്രതികൂലമായി തുടരുകയും യാത്ര തടസ്സമാവുകയും ചെയ്തതോടെ ഉരുവിൽ കയറ്റേണ്ട കന്നുകാലികളെ വാർഫിൽ നിന്നും പറമ്പിലേക്ക് മാറ്റി സുരക്ഷിതമായി കെട്ടിയിട്ടു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിയാർജിച്ച് 'അസാനി' ചുഴലിക്കാറ്റായി വീശുമെന്ന ഭീതിക്ക് പിന്നാലെ, കാലാവസ്ഥ വീണ്ടും മോശമാവുകയും കേരള ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ മഴക്കും 45-50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പും ലഭിച്ചതിനാലാണ് ചരക്ക് നീക്കം തടസ്സപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പ് നിർമാണ സാമഗ്രികളുമായി ആന്ത്രോത്ത് ദ്വീപിലേക്ക് പുറപ്പെട്ട 'എം.എസ്.വി മലബാർ ലൈറ്റ്' ഉരു കാലാവസ്ഥ മോശമായതിനെ തുടർന്ന് ശക്തമായ കാറ്റിലും കോളിലും പെട്ട് അടിപ്പലക ഇളകി വെള്ളം കയറി ബേപ്പൂരിന് ഏഴ് നോട്ടിക്കൽ അകലെ പുറംകടലിൽ പൂർണമായും മുങ്ങിത്താഴ്ന്നിരുന്നു. നിത്യോപയോഗ സാധനങ്ങളും മറ്റും ലക്ഷദ്വീപിൽ യഥാസമയം എത്തിയില്ലെങ്കിൽ ദ്വീപ് നിവാസികളുടെ ജീവിതം ദുരിതപൂർണമാകുമെന്ന ആശങ്കയിലാണ് അധികൃതർ. അതേസമയം, കഴിഞ്ഞ ഞായറാഴ്ച അർധരാത്രി മുതൽ ബേപ്പൂർ തുറമുഖത്തുനിന്ന് ചരക്ക് നീക്കം നടത്തുന്ന ഉരുക്കൾക്ക് കടൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. മർക്കന്റയിൽ മറൈൻ വകുപ്പ് ചട്ടപ്രകാരം മൺസൂണിൽ മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ചെറുകിട തുറമുഖങ്ങളിൽ, വലിയ ജലയാനങ്ങൾക്ക് യാത്രാ നിയന്ത്രണമാണ്. ഇനിയുള്ള നാലു മാസക്കാലം ലക്ഷദ്വീപിലേക്ക് യന്ത്രവത്കൃത ഉരുക്കളിൽ ചരക്കുനീക്കമുണ്ടാകില്ല. നിലവിലെ പ്രത്യേക സാഹചര്യത്തിൽ കാലാവസ്ഥ അനുയോജ്യമായാൽ തുറമുഖ വകുപ്പിൽ നിന്നുള്ള പ്രത്യേക അനുമതിയോടെയാകും ചരക്കുകൾ കയറ്റി തുറമുഖത്ത് കുടുങ്ങിക്കിടക്കുന്ന ഉരുക്കൾ ദ്വീപിലേക്ക് പുറപ്പെടുക. കടൽ യാത്രാനിരോധനം നിലവിൽ വന്നതോടെ വിവിധദ്വീപുകളിൽ ചരക്ക് ഇറക്കിയശേഷം ഉരുവുമായി തൊഴിലാളികൾ സ്വദേശമായ തമിഴ്നാട്ടിലേക്ക് തിരിക്കും. ഏതാനും തണ്ടേൽ(സ്രാങ്ക്)മാരും ജീവനക്കാരും നാട്ടിലേക്ക് പോകാതെ, ബേപ്പൂരിൽ തന്നെ, സുരക്ഷിത ഭാഗങ്ങളിൽ നങ്കൂരമിടുന്ന ഉരുക്കളിൽ കഴിഞ്ഞ്, പുതിയ സീസണിലേക്കുള്ള തയാറെടുപ്പിനായി അറ്റകുറ്റപ്പണികൾ നടത്തും. ആൾത്താമസമുള്ള 12 ചെറുദ്വീപുകളടങ്ങിയ ലക്ഷദ്വീപിലേക്ക് വൻകരയിൽ നിന്നു ഉരുക്കൾ മുഖേനയാണ് പ്രധാനമായും ചരക്കുനീക്കം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.