'കൂട്' ഹ്രസ്വചിത്രത്തിന്‍റെ ആദ്യപ്രദർശനം മജീഷ്യൻ ഗോപിനാഥ്​ മുതുകാട്​ ഉദ്​ഘാടനം ചെയ്യുന്നു

കുട്ടികളുടെ സർഗാത്മകത വളർത്താൻ കോവിഡ് കാലം​ പ്രയോജനപ്പെടുത്തണം -ഗോപിനാഥ്​ മുതുകാട്

കോഴിക്കോട്​: കുട്ടികളുടെ സർഗാത്മകതകളെ പുറത്തുകൊണ്ടുവരാനും വളർത്തിയെടുക്കാനുമുള്ള അവസരമായി കോവിഡ്​ കാലം പ്രയോജനപ്പെടുത്തണമെന്ന്​ യുനിസെഫ് സെലിബ്രിറ്റി സപ്പോർട്ടർ മജീഷ്യൻ ഗോപിനാഥ്​ മുതുകാട്​ അഭിപ്രായപ്പെട്ടു. കഴിവുകളും ചിന്താധാരകളും പ്രകാശിപ്പിക്കാൻ കഴിയാത്തവിധം കുട്ടികൾ തളച്ചിടപ്പെടുന്നു. മാതാപിതാക്കൾ മാത്രമല്ല, മതങ്ങളും രാഷ്ട്രീയവും മറ്റു സംവിധാനങ്ങളുമെല്ലാം കുട്ടികളുടെ സ്വതന്ത്ര വ്യക്​തിത്വങ്ങളായി കാണാൻ തയാറാവുന്നില്ല. യഥാർഥത്തിൽ നിസ്വാർഥതയും സഹാനുഭൂതിയും മുതിർന്നവരെക്കാൾ കുട്ടികൾക്കാണുള്ളതെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. എസ്​.കെ. സുരേഷ്​ കുമാർ സംവിധാനം ചെയ്ത 'കൂട്​' ഹ്രസ്വചിത്രത്തിന്‍റെ ആദ്യ പ്രദർശനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താരക ക്രിയേറ്റിവ്​ ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ. പി.കെ. സിന്ധു നിർമിച്ച 'കൂട്​' ഒരു കുട്ടിയും പക്ഷിക്കുഞ്ഞും തമ്മിലെ സ്നേഹത്തിന്‍റെ കഥ പറയുന്നു. നാലര മിനിറ്റ്​ മാത്രമുള്ള സിനിമയുടെ കൂടുതൽ ഭാഗവും യഥാർഥ സംഭവങ്ങൾ തന്നെയാണ്. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാർഥി വൈഭവ് ആണ് ചിത്രത്തിലെ നായകൻ. ബാലതാരം വൈഭവിനും അണിയറ പ്രവർത്തകർക്കും ഗോപിനാഥ്​ മുതുകാട്​, പ്രജേഷ്​ സെൻ, ബബിത സിജു, ലില്ലി ശിവകുമാർ എന്നിവർ ഉപഹാരങ്ങൾ നൽകി. ലഘുചിത്രത്തിന്​ തിരക്കഥയും സംഭാഷണവും തയാറാക്കിയത്​ അസോസിയേറ്റ്​ ഡയറക്ടറായ എം. കുഞ്ഞാപ്പയാണ്​.
ചലച്ചിത്ര സംവിധായകൻ ജി. പ്രജേഷ് സെൻ, ഗാനരചയിതാവ് നിധീഷ് നടേരി, യുറീക്ക അസിസ്റ്റന്‍റ് എഡിറ്റർ ഷിനോജ്​ രാജ്​, കോഴിക്കോട്​ മെഡി. കോളജ്​ മുൻ സൂപ്രണ്ട്​ കെ.ജി. സജിത്​ കുമാർ, ഡോ. വി.കെ. ഷമീർ തുടങ്ങിയവർ സംസാരിച്ചു. പ്രമോദ് ബാബുവാണ് ഛായാഗ്രഹണം. എഡിറ്റിങ് രാഗേഷ് റാം, പശ്ചാത്തല സംഗീതം സായി ബാലൻ, സൗണ്ട് ഡിസൈൻ സലിൽ ബാലൻ എന്നിവർ നിർവഹിച്ചു. എം. കുഞ്ഞാപ്പ സ്വാഗതവും ഡോ. എസ്​.കെ. സുരേഷ്​ കുമാർ നന്ദിയും പറഞ്ഞു.

 


Tags:    
News Summary - the cage short film directed by dr sk suresh kumar, acting vaibhav, premiere inaugurated by gopinath muthukad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.