കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രി വളപ്പിലെ കാലഹരണപ്പെട്ട കെട്ടിടം ഭീഷണിയാകുന്നു. ആശുപത്രിയുടെ മുൻഭാഗത്തുള്ള, നേരത്തെ നേത്ര വിഭാഗം ഉൾപ്പെടെ പ്രവർത്തിച്ച കെട്ടിടമാണ് ആളുകൾക്കും പാർക്ക്ചെയ്യുന്ന വാഹനങ്ങൾക്കും ഭീഷണിയാകുന്നത്. ഇരുനിലകളുള്ള കെട്ടിടം ശോച്യവസ്ഥയിലായതോടെ ഇവിടത്ത യൂനിറ്റുകൾ നേരത്തെ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റിയിരുന്നു. മാത്രമല്ല പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധന നടത്തി കെട്ടിടം സുരക്ഷിതമല്ലെന്ന് കാട്ടി ആശുപത്രി അധികൃതർക്ക് റിപ്പോർട്ടും നൽകി.
തുടർന്ന് കെട്ടിടം പൊളിച്ചുനീക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ച് ജില്ല മെഡിക്കൽ ഓഫിസർക്ക് നൽകിയ അനുമതി അപേക്ഷ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ (ഡി.എച്ച്.എസ്) പരിഗണനയിലാണ്.
അനുമതി ലഭ്യമായാലുടൻ ഭീഷണിയിലുള്ള കെട്ടിടം പൊളിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി പറഞ്ഞു. ഇരുനിലകളുള്ള കെട്ടിടത്തിന്റെ പലഭാഗത്തെയും കോൺക്രീറ്റ് ഭിത്തികൾ അടർന്ന് ഉള്ളിലെ ഇരുമ്പ് കമ്പികൾ പുറത്തുകാണുന്ന നിലയിലാണ്. ചുമരിന് പല ഭാഗത്തും വിള്ളലുമുണ്ട്. ജനറൽ ഉൾപ്പെടെയുള്ളവ പലഭാഗത്തും പൊളിഞ്ഞു വീണിട്ടുണ്ട്. ആശുപത്രിയിലെ ഒ.പിയിലെത്തുന്ന രോഗികൾക്കൊപ്പമുള്ളവർ പലപ്പോഴും സമയം ചെലവഴിക്കുന്നത് കെട്ടിടത്തിനോട് ചേർന്നുള്ള ഭാഗങ്ങളിലാണ്. ഇതിനോട് ചേർന്നാണ് ഇരുചക്രവാഹനങ്ങളും കാറുകളും പാർക്ക് ചെയ്യുന്നതും.
ശോച്യാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കാത്തപക്ഷം തകർന്നുവീണ് അപകടത്തിന് ഇടവരുത്തുമെന്നാണ് പരാതി. കെട്ടിടത്തിന് മുകൾ ഭാഗത്തായി വലിയ ആലും വളർന്നിട്ടുണ്ട്. സുരക്ഷ ഭീഷണി മുൻനിർത്തി പൊളിക്കാനുള്ള കെട്ടിടമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർ കെട്ടിടത്തിൽ മുന്നറിയിപ്പ് പോസ്റ്റർ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.