കോഴിക്കോട്: മലബാറിലെ ഫുട്ബാൾ ഭ്രാന്തന്മാരുടെ സിരകളിൽ കാൽപന്താവേശത്തിന്റെ കൊടിയേറ്റത്തിന് ഇനി ഒരാഴ്ചകൂടി ബാക്കി. ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും കൊമ്പന്മാർ ഏറ്റുമുട്ടുന്ന ഹീറോ സൂപ്പർ കപ്പിന് ഏപ്രിൽ എട്ടാം തീയതി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ തുടക്കമാവും.
വൈകീട്ട് അഞ്ചരക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ഐ.എസ്.എല്ലിലെ റണ്ണേഴ്സ് അപ്പായ ബംഗളൂരു എഫ്.സി ഒന്നാം ക്വാളിഫൈയിങ് മത്സരത്തിലെ വിജയിയെ നേരിടും. അന്ന് രാത്രി എട്ടരക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും ഏറ്റുമുട്ടും.
സന്തോഷ് ട്രോഫി ഗ്രൂപ് മത്സരങ്ങൾക്കും ഐ ലീഗ് കേരള പ്രീമിയർ ലീഗ് മത്സരങ്ങൾക്കും ഉയർത്താനാവാതെപോയ കാൽപന്താവേശം സൂപ്പർ കപ്പിലൂടെ തിരികെവരുമെന്ന പ്രതീക്ഷയിലാണ് കേരള ഫുട്ബാൾ അസോസിയേഷൻ. എട്ടാം തീയതിക്കു മുമ്പ് സ്റ്റേഡിയം സജ്ജമാക്കാനുള്ള കഠിനയത്നത്തിലാണ് കെ.എഫ്.എയും കോഴിക്കോട് കോർപറേഷനും. താങ്ങാനാവുന്നതിലേറെ മത്സരങ്ങൾ പേറി നാശമായിരുന്ന പുൽമൈതാനം കഠിനയത്നത്തിലൂടെ മികച്ച നിലവാരത്തിൽ പുനഃസ്ഥാപിച്ചുകഴിഞ്ഞു.
എട്ടാം തീയതിക്കുള്ളിൽ ടർഫ് കളിക്ക് സജ്ജമാകുമെന്ന് ഇതിനകം തെളിയിക്കാനായിട്ടുണ്ട്. വിടവുകളില്ലാതെ നിറഞ്ഞുവളർന്ന പുല്ല് ദിവസവും പരിപാലിക്കുന്നുണ്ട്. ആലുവയിലെ വി.കെ.എം സ്പോർട്സ് ആൻഡ് ടർഫ് എന്ന കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ടായതിനാൽ അവർ സ്ഥിരമായി പരിശീലിക്കുന്നത് ഇവിടെയാണ്.
സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിന് ഏറ്റവും വലിയ തടസ്സം ഫ്ലഡ് ലിറ്റുകളുടെ തകരാറായിരുന്നു. നാലു ഭാഗത്തായി 320 ബൾബുകളുള്ള പഴയ സാങ്കേതികവിദ്യയിലുള്ള ഫ്ലഡ് ലിറ്റുകളിൽ വെറും 61 എണ്ണം മാത്രമാണ് കത്തുന്നത്. പഴയ ബൾബുകൾ മാറ്റി പുതിയത് ഘടിപ്പിക്കാനും വേണ്ട സംവിധാനങ്ങൾ ഒരുക്കിയെന്ന് കെ.എഫ്.എ സെക്രട്ടറി അനിൽ കുമാർ പറഞ്ഞു. ബൾബുകൾ എത്തിച്ചിട്ടുണ്ട്.
അത് മാറ്റി മൈതാനം നാലാം തീയതിക്കകം പൂർണസജ്ജമാകുമെന്നും അതിനായി കോർപറേഷനും കെ.എഫ്.എയും സംയുക്തമായി കഠിനപരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ നാലിന് പണി പൂർത്തിയാക്കി ട്രയൽ നടത്തുമെന്നും അനിൽ കുമാർ അറിയിച്ചു.
പെയിന്റിങ്ങും മറ്റു മിനുക്കുപണികളും നടത്താനാവുമോ എന്ന ആശങ്ക ഇനിയും പരിഹരിച്ചിട്ടില്ല. മൈതാനത്തോട് ചേർന്ന് കളിക്കാർക്കും ഒഫിഷ്യൽസിനുമിരിക്കാനുള്ള ഡഗൗട്ടിന്റെ നിലയൊക്കെ പരിതാപകരമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതൊക്കെ പരിഹരിക്കാനാകുമോ എന്നും വ്യക്തമല്ല.
നേരത്തെ മൂന്നാം തീയതി ആരംഭിക്കുന്ന ക്വാളിഫൈയിങ് മത്സരങ്ങൾ കൂടി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഒടുവിൽ മൈതാനം സജ്ജമാക്കാൻ കൂടുതൽ സമയത്തിനായി ക്വാളിഫൈയിങ് മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.