കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുക്കുന്തോറും ജീവിതം ഇരുളടഞ്ഞുപോയതിെൻറ ഓർമകളാണ് മുൻ റവന്യൂ ഉദ്യോഗസ്ഥനായ പി. ബാലെൻറ അകക്കണ്ണിൽ തെളിയുന്നത്. കോഴിക്കോട് ജില്ല കലക്ടറുടെ താൽക്കാലിക പദവിവരെ വഹിച്ച ബാലെൻറ ജീവിതം ഇന്ന് പൂർണമായും ഇരുട്ടിലാണ്. കറപുരളാത്ത റവന്യൂ സർവിസിെൻറ തെല്ലഹങ്കാരത്തോടെ ജീവിക്കെയാണ് 1999ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് സമയത്ത് അപകടത്തിൽ വലതു കണ്ണിെൻറ കാഴ്ച നഷ്ടമായത്. വടകരയിലെ പാർലമെൻറ് മണ്ഡലത്തിെൻറ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസം അർധരാത്രി മടങ്ങവെ കോരപ്പുഴയിൽവെച്ച് ബാലനും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയായിരുന്നു. ഒരു കണ്ണിെൻറ കാഴ്ച നഷ്ടപ്പെട്ടപ്പോഴും രണ്ടു കണ്ണുമില്ലാത്തവരുമുണ്ടല്ലോയെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ബാലന് രണ്ടുകണ്ണുകൾക്കും കാഴ്ചയില്ലെന്ന തിരിച്ചറിവിലേക്കെത്താൻ ഏറെ വർഷം വേണ്ടിവന്നില്ല.
നിരവധി തെരഞ്ഞെടുപ്പുകൾക്ക് റിട്ടേണിങ് ഓഫിസറും അസിസ്റ്റൻറ് റിട്ടേണിങ് ഓഫിസറുമായ ബാലന് തെൻറ ചികിത്സയെത്തുടർന്ന് കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായില്ല. ഓപൺ വോട്ടായതിനാൽ തെരെഞ്ഞടുപ്പിെൻറ പഴയ ആവേശവും മനസ്സിലില്ല. പറമ്പിൽബസാറിലെ 'കാർത്തിക'യിൽ ഭാര്യയോടും മക്കളോടുമൊപ്പം ജീവിതം നയിക്കുകയാണ് ഇൗ മുൻ റവന്യൂ ഉദ്യോഗസ്ഥൻ. 1984ൽ ഡെപ്യൂട്ടി തഹസിൽദാറായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തിൽ ഏത് മാനദണ്ഡങ്ങൾ വെച്ചുനോക്കിയാലും അഴിമതിയുടെയോ സ്വജനപക്ഷപാതത്തിെൻറയോ കളങ്കമേൽക്കാത്തതിനാൽ വിധി വരുത്തിവെച്ച ജീവിതയിരുട്ടിലും ഒൗദ്യോഗിക ജീവിതത്തിെൻറ തെളിമയാർന്ന ചിത്രങ്ങളാണ് മനസ്സിൽ. 2004ൽ ആർ.ഡി.ഒ ആയിരുന്ന ബാലൻ നാലര വർഷത്തിനുശേഷം എ.ഡി.എമ്മുമായി. കോഴിക്കോട് കലക്ടറുടെ താൽക്കാലിക ചുമതലയുമുണ്ടായിരുന്നു.
മേലുദ്യോഗസ്ഥരുടെ അനീതിയേയും അഴിമതിയേയും വകവെക്കാതെ പോരടിച്ച ബാലൻ വിരമിച്ച ശേഷം കണ്ണൂരിൽ വിമാനത്താവളം നിർമാണ ചുമതലയിലായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വിട്ടുവീഴ്ചക്ക് തയാറാവാത്ത ബാലൻ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചു. ദൗത്യം പൂർത്തിയാക്കാനാവാതെ തിരിച്ചുപോരേണ്ടിവന്നു.
സർവിസ് ജീവിതത്തിൽ അടക്കിപ്പിടിച്ച ഏറെ കാര്യങ്ങൾ ഉണ്ടെങ്കിലും പോരിടാനുള്ള കരുത്തില്ലാത്തതിനാൽ അവ മനസ്സിൽതന്നെ സൂക്ഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.