കോഴിക്കോട്: പൊതുജനാരോഗ്യത്തിന് ഭീഷണിയായി മെഡി. കോളജ് കാഷ്വാലിറ്റിക്ക് സമീപം ആശുപത്രി മാലിന്യം കുന്നുകൂടുന്നു. ഡെന്റൽ കോളജ് ഭാഗത്തേക്ക് ഇറങ്ങുന്ന റോഡരികിലാണ് മാലിന്യം കൂമ്പാരമായിക്കിടക്കുന്നത്.
ഇവിടെനിന്ന് യഥാസമയം നീക്കംചെയ്യാത്തതിനാൽ പ്ലാസ്റ്റിക് കവറിൽ നിറച്ച മാലിന്യക്കെട്ടുകൾ ജീർണിച്ച അവസ്ഥയിലാണ്. ആഴ്ചകൾ പഴക്കമുള്ളതാണ് മാലിന്യക്കെട്ടുകൾ. പരിസരത്ത് കടുത്ത ദുർഗന്ധവുമുണ്ട്. ജൈവമാലിന്യങ്ങൾ കഞ്ചിക്കോട്ടേക്കാണ് കൊണ്ടുപോവുന്നത്.
ഖരമാലിന്യങ്ങളാണ് മെഡി. കോളജിലെ ഇൻസിനറേറ്ററിൽ സംസ്കരിക്കുന്നത്. സന്നദ്ധസംഘടന നൽകുന്ന ഭക്ഷണപ്പൊതികൾ വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുന്നതിനടുത്താണിത്. ഇവിടെനിന്ന് മാലിന്യം ഇൻസിനറേറ്ററിലേക്ക് മാറ്റാത്തതാണ് പ്രശ്നം.
അതിനിടെ മെഡി. കോളജ് ഗ്രൗണ്ടിന് സമീപം മാലിന്യം ഉണക്കാനിട്ടതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കാനൊരുങ്ങി. നനഞ്ഞുചീഞ്ഞ മാലിന്യം ഇൻസിനറേറ്ററിൽ സംസ്കരിക്കാൻ കഴിയാത്തിനാൽ ഉണക്കാനിട്ടതാണ് എന്നാണ് അധികൃതരുടെ വിശദീകരണം.
കോഴിക്കോട്: ഒഴിഞ്ഞ കെട്ടിടത്തോടുചേർന്ന് റോഡരികിൽ കൂട്ടിയിട്ട മാലിന്യം ആരോഗ്യഭീഷണി ഉയർത്തുന്നു. ബാങ്ക് റോഡിൽനിന്ന് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിനടുത്തേക്കുള്ള ഇടറോഡിനരികിലാണ് മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത്.
തകർന്നുവീഴാറായ കെട്ടിടത്തിന്റെ ഗേറ്റിനോട് ചേർന്നാണ് മാലിന്യനിക്ഷേപം. നേരത്തെ ചെറിയ തോതിലാണ് മാലിന്യമുണ്ടായിരുന്നതെങ്കിലും ഇപ്പോൾ വിവിധ ഭാഗങ്ങളിലുള്ളവർ ചാക്കിൽ കെട്ടി മാലിന്യം ഇവിടെ കൊണ്ടിടുകയാണ്. ചുറ്റുമതിലും കമ്പിവേലിയുമുള്ള പറമ്പിന്റെ ഉള്ളിലേക്കും മാലിന്യം എറിയുന്നുണ്ട്.
ബാലമന്ദിരവും സ്വകാര്യ എൻട്രൻസ് കോച്ചിങ് കേന്ദ്രവും നിരവധി സ്വകാര്യസ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനടുത്താണ് ദിവസങ്ങളായി മാലിന്യം കൂട്ടിയിട്ടത്. പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ഭക്ഷണാവശിഷ്ടങ്ങളും തുണികൾ, തെർമോകോൾ, പ്ലാസ്റ്റിക് വസ്തുക്കൾ, കുപ്പികൾ, പഴയ ചെരിപ്പുകൾ എന്നിവയെല്ലാമാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യങ്ങൾ റോഡിലേക്ക് പരക്കാനും തുടങ്ങി.
ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ കാൽനടക്കാർ മൂക്കുപൊത്തിയാണ് ഇതുവഴി പോകുന്നത്. വിവിധ റോഡുകളെ ബന്ധിപ്പിക്കുന്ന എളുപ്പവഴിയെന്നതിനാൽ ദിവസേന നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന വഴിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.