കോഴിക്കോട്: വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് കടലാസ് ബില്ലിന് പകരം ഹരിത ബിൽ (എസ്.എം.എസ് ബിൽ) തിരഞ്ഞെടുക്കാൻ അവസരം നൽകിയതോടെ തിരഞ്ഞെടുപ്പ് രീതിയിൽ ഉപഭോക്താക്കൾക്ക് പരാതി. ജല അതോറിറ്റിയുടെ വെബ്സൈറ്റിൽ ഓൺലൈൻ പേയ്മെന്റ് ലിങ്കായ https://epay.kwa.kerala.gov.in/quickpay ൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പർ നൽകിയാൽ കടലാസ് രഹിത ബിൽ തിരഞ്ഞെടുക്കാം.
ഹരിത ബിൽ തിരഞ്ഞെടുത്താൽ എസ്.എം.എസ് വഴി മാത്രമാവും തുടർ ബില്ലുകൾ നൽകുക. കഴിഞ്ഞ ദിവസം വരെ 580822 ആളുകൾ ഹരിത ബില്ലിലേക്ക് മാറിയിട്ടുണ്ട്.
നിലവിൽ ഉപഭോക്താവറിയാതെ തന്നെ ഹരിത ബിൽ അവരുടെ പേരിലെടുക്കാൻ കഴിയുന്ന സാഹചര്യമുണ്ട്. അതായത് ആർക്കും മൊബൈലിൽ നിന്നോ ഓൺലൈനായോ മറ്റൊരു ഉപഭോക്താവിന്റെ ബിൽ അവർ അറിയാതെ ഹരിത ബില്ലിലേക്ക് മാറ്റാം.
ചിലപ്പോൾ തെറ്റായ നമ്പർ അടിച്ചാലും മറ്റൊരാളുടെ ബിൽ കടലാസ് ബില്ലിൽനിന്ന് മാറിയേക്കാം. ഉപഭോക്താവറിയാതെയോ മറ്റോ തെറ്റായി തിരഞ്ഞെടുപ്പ് നടത്തിയാൽ ഇത് റദ്ദ് ചെയ്യുന്ന ഓപ്ഷൻ നിലവിലില്ല. ഇത് പ്രധാന പോരായ്മയാണ്.
ചില ഉപഭോക്താക്കൾ ബിൽ കിട്ടിയില്ലെന്ന പരാതിയുമായി ജല അതോറിറ്റി ഓഫിസിൽ വരുമ്പോഴാണ് ഹരിത ബില്ലിലേക്ക് മാറിയതുകൊണ്ടാണ് തങ്ങളുടെ ബിൽ വരാത്തതെന്നറിയുന്നത്. വാട്ടർ അതോറിറ്റിയുടെ കൺസ്യൂമർ സർവിസ് സേവനങ്ങളായ മീറ്റർ ടെസ്റ്റിങ്, മീറ്റർ റീപ്ലേസ്മെന്റ്, ഡിസ്കണക്ഷൻ, റീ കണക്ഷൻ തുടങ്ങിയ സേവനങ്ങൾ ഇ-ടാപ്പ് മുഖേന ഓൺലൈൻ ആയതിനാൽ അതിന്റെ സർവിസ് പേയ്മെന്റുകൾ ഓൺലൈനായി അടക്കേണ്ടതുണ്ട്.
അക്ഷയ മുഖേനയാണ് ഇതുപോലുള്ള പേയ്മെന്റുകൾ ഉപഭോക്താക്കൾ കൂടുതലും അടക്കുന്നത്. ആ സമയത്ത് തെറ്റായിട്ടോ അറിയാതെയോ ഹരിത ബിൽ തിരഞ്ഞെടുത്ത് പോകുന്നുണ്ടെന്നാണ് മറ്റൊരു പരാതി. ഉദ്യോഗസ്ഥർക്ക് ആരൊക്കെ നിലവിൽ ഹരിത ബില്ലിലേക്ക് മാറിയിട്ടുണ്ടെന്ന് കണ്ടുപിടിക്കാനും സാധിക്കുന്നില്ല.
തെറ്റായ തിരഞ്ഞെടുപ്പ് നടത്തിയാൽ റദ്ദാക്കുന്ന സംവിധാനം ഇല്ലാത്തതിനാലും ആർക്കും ആരുടേയും ബിൽ കടലാസ് ബില്ലിൽനിന്ന് ഹരിത ബിൽ ആക്കുവാൻ കഴിയുന്നുവെന്നതുമാണ് പ്രധാന പ്രശ്നം.
ഹരിത ബില്ലിലേക്ക് മാറാത്തവർക്കും നിലവിൽ എസ്.എം.എസ് ബിൽ കിട്ടുന്നുണ്ട്. ഹരിത ബിൽ തിരഞ്ഞെടുത്തവർക്ക് പേപ്പർ ബിൽ കിട്ടില്ലെന്നതാണ് ആകെയുള്ള മാറ്റം. ഉപഭോക്താവിന്റെ സ്വന്തം മൊബൈൽ നമ്പറിൽനിന്ന് മാത്രം ബിൽ മാറ്റം ചെയ്യുന്നത് ഒ.ടി.പി (വൺ ടൈം പാസ്വേഡ്) മുഖേന ആക്കുകയും ഹരിത ബിൽ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ചോദ്യങ്ങൾ മാറ്റുകയും ചെയ്യണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.