കോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനകത്തും സ്റ്റാൻഡിലേക്കുള്ള വഴിയും കൈയേറിയുള്ള കച്ചവടം യാത്രക്കാർക്ക് ദുരിതമാകുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്റ്റാൻഡിലേക്കുള്ള വഴികളിൽ ഭൂരിഭാഗവും കച്ചവടക്കാർ കൈയേറിയതുമൂലം യാത്രക്കാർ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്.
ഇപ്പോൾത്തന്നെ തിരക്കുകൊണ്ട് ശ്വാസംമുട്ടുന്ന സ്റ്റാൻഡികത്ത് അനധികൃത കച്ചവടം കൂടിയാകുന്നതോടെ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയാണ്. സ്കൂളുകൾ തുറക്കുകയും മഴ പെയ്യുകയും കൂടി ചെയ്യുന്നതോടെ യാത്രക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിയാകും.
മാവൂർ റോഡിലെ ബസ് ബേയിൽനിന്ന് സ്റ്റാൻഡിനകത്തേക്കുള്ള വഴിയിൽ വാച്ച് കച്ചവടത്തിരക്കാണ്. ബസ് ബേയിൽ യാത്രക്കാർക്കിരിക്കാനുള്ള ഇടവും കച്ചവടക്കാർ കൈയേറിയിരിക്കുന്നു. ബസ് ബേയുടെ പിറകുവശത്താണെങ്കിൽ ചെരിപ്പുകുത്തികളുടെ തിരക്കാണ്. ഇതിനിടയിലൂടെ ഞെരുങ്ങി വേണം യാത്രക്കാർക്ക് സഞ്ചരിക്കാൻ.
തിരക്ക് ഏറെ കൂടുതലുള്ള വൈകുന്നേരങ്ങളിൽ ബസിനുവേണ്ടി ഇറങ്ങിയോടുന്ന ദീർഘദൂര യാത്രക്കാരുടെ ശരീരഭാഗങ്ങൾ തട്ടി സാധനങ്ങൾ വീഴുന്നതും യാത്രക്കാരുമായി കച്ചവടക്കാർ കശപിശയുണ്ടാകുന്നതും പതിവാണ്. രാജാജി റോഡിൽനിന്ന് പുതിയ സ്റ്റാൻഡിലേക്ക് കയറുന്ന വഴിയിൽ നിറയെ പ്ലാസ്റ്റിക് ചാക്ക് ശേഖരമാണ്.
സ്റ്റാൻഡിനകത്തുനിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു സാധനങ്ങളും വലിയ പ്ലാസ്റ്റിക് ചാക്കുകളിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. ആഴ്ചയിലൊരിക്കലാണ് ഇവിടെനിന്ന് ചാക്കുകൾ മാറ്റുന്നതെന്ന് സൂക്ഷിപ്പുകാരൻ പറയുന്നു.
ഇതെല്ലാം കഴിഞ്ഞ് സ്റ്റാൻഡിനകത്ത് കയറിയാലോ, മാർക്കറ്റുകളെ വെല്ലുന്നതാണ് കാഴ്ച. ചന്തപോലെ കച്ചവടം പൊടിപൊടിക്കുകയാണ്. നേരത്തേ പത്രങ്ങളും മാസികകളും മാത്രം കച്ചവടം നടത്തിയിരുന്നിടത്ത് ഇന്ന് ഇല്ലാത്ത കച്ചവടങ്ങളൊന്നുമില്ല. സോപ്പ്, ചീർപ്പ്, കണ്ണാടി, മാല, വള, ഷർട്ട്, ചുരിദാർ, മറ്റു തുണിത്തരങ്ങൾ തുടങ്ങി എല്ലാ കച്ചവടവുമുണ്ട്. ചില കടക്കാർ യാത്രക്കാർക്ക് നടക്കാനുള്ള ഭാഗം കൈയേറി സാധനങ്ങൾ ഇറക്കിവെച്ചിരിക്കുന്നു.
യാത്രക്കാർക്കുള്ള വഴികളിൽ ബസുകളിൽ കയറ്റിയയക്കാനുള്ള പാർസലുകൾ കൂടിയാകുമ്പോൾ ദുരിതം ഇരട്ടിയാകുന്നു. സ്കൂളുകൾ തുറന്ന് വിദ്യാർഥികളുടെ തിരക്കുകൂടിയാകുന്നതോടെ സ്റ്റാൻഡിലെ തിരക്ക് വർധിക്കും. അനധികൃത കച്ചവടങ്ങൾ തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ശ്രദ്ധ പതിയണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.