കോഴിക്കോട്: നാടുഭരിക്കാൻ നാട്ടുകാരനെ അല്ലെങ്കിൽ നാട്ടുകാരിയെതന്നെ കണ്ടെത്തുന്ന അങ്കത്തിെൻറ ആദ്യവട്ട ചർച്ചകളിൽ സജീവമായി മുന്നണികൾ. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കെ ജില്ലയിൽ ഇടതു വലതു മുന്നണികൾ സമയബന്ധിതമായി ചർച്ചകൾ നടത്തി വരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുേമ്പാഴേക്കും അണിയറയിലെ കാര്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം, പടലപ്പിണക്കങ്ങളും പാരയും പോരുമൊക്കെ തീർക്കണം, 'വിമത' സാധ്യതകളെ ഒഴിവാക്കണം. ജില്ലതലത്തിൽ നേതാക്കൾ മാരത്തൺ ചർച്ചയിലാണ്.
പ്രധാന പാർട്ടികൾ സഖ്യകക്ഷികളുമായി സംഭാഷണം തുടങ്ങിക്കഴിഞ്ഞു. ഇരുമുന്നണികൾക്കുമുണ്ട് ഇത്തവണ പുതിയ ബന്ധങ്ങൾ. എല്ലാവർക്കും തൃപ്തികരമായ 'അക്കമഡേഷൻ' വേണം. ആരെയും പിണക്കിക്കൂടാ. 'മണ്ടലി കടിച്ചാലും അത്താഴം മുടങ്ങുന്ന' അങ്കമാണ് വരാൻ പോവുന്നത്. വനിത സംവരണ കാര്യത്തിലൊക്കെ നേരേത്ത തീരുമാനമായതിനാൽ അഡ്വാൻസായി ഒരുങ്ങിപ്പുറപ്പെട്ടവരുണ്ട്. ചിലർ കാലേക്കൂട്ടി ഒരുങ്ങിയെങ്കിലും പിന്നാക്ക സംവരണം പാരയായി. അവർക്ക് ഫലത്തിൽ തെരഞ്ഞെടുപ്പിൽ തോറ്റ ഫീലിങ്. തദ്ദേശാങ്കമായതിനാൽ കൂടുമാറി പരീക്ഷണത്തിനിറങ്ങാനുമാവില്ല. യോഗമുണ്ടെങ്കിൽ അടുത്ത തവണ നോക്കാം.
മാണി കോൺഗ്രസാണ് എൽ.ഡി.എഫിലെ പുതിയ ബന്ധു. കഴിഞ്ഞ തവണ വലതുപക്ഷത്തായിരുന്ന വീരേന്ദ്രകുമാറിെൻറ എൽ.ജെ.ഡി ഇത്തവണ ഇടതുപക്ഷത്തുണ്ട്. 11 പാർട്ടികളുമായാണ് എൽ.ഡി.എഫിെൻറ ചർച്ചകൾ പൂർത്തിയായത്. 50 ശതമാനത്തോളം സീറ്റുവിഭജനം പൂർത്തിയായതായി എൽ.ഡി.എഫ് കൺവീനർ മുക്കം മുഹമ്മദ് പറഞ്ഞു. ഇൗ മാസം 30ഒാടെ സീറ്റുവിഭജനചർച്ച പൂർത്തിയാവുമെന്ന് യു.ഡി.എഫ് കൺവീനർ കെ. ബാല നാരായണനും പറഞ്ഞു.
വിമതശല്യം ഏറെ പ്രതീക്ഷിക്കുന്ന കോൺഗ്രസ് ഇത്തവണ താഴെക്കിടയിലേക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. നേതൃത്വത്തെ അനുസരിക്കാത്തവർ പാർട്ടിക്ക് പുറത്താവുമെന്നാണ് മുന്നറിയിപ്പ്. മുന്നണിയുടെ ഭാഗമല്ലെങ്കിലും ഇത്തവണ വെൽഫെയർ പാർട്ടിയുമായി കൈകോർത്ത് മത്സരിക്കുമെന്ന് കീഴ്ഘടകങ്ങളെ യു.ഡി.എഫ് അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് കോർപറേഷൻ പിടിക്കാനാണ് യു.ഡി.എഫിെൻറ പടനീക്കം. അതിന് വിശാലമായി യു.ഡി.എഫിനെ അംഗീകരിക്കുന്നവരുമായി കൈകോർക്കുമെന്ന് ജില്ല കൺവീനർ ബാലനാരായണൻ പറയുന്നു. മുക്കവും കൊയിലാണ്ടിയും വടകരയും പിടിക്കണം. എം.കെ. മുനീറിെൻറ വീട്ടിൽ കോൺഗ്രസും ലീഗുമായി പ്രധാന ചർച്ച പൂർത്തിയായി -ബാലനാരായണൻ പറഞ്ഞു.
എൽ.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാൾ നേട്ടം കൊയ്യുമെന്ന് മുക്കം മുഹമ്മദ് പറഞ്ഞു. വികസനം നന്നായി നടന്നു. പ്രചാരണം അവസാനത്തേക്കായിപ്പോയെന്ന വിലയിരുത്തലുണ്ട് അദ്ദേഹത്തിന്. എന്നാലും മേധാവിത്വം നഷ്ടപ്പെടില്ലെന്നുറപ്പ്. എസ്.ഡി.പി.െഎ, ബി.ജെ.പി തുടങ്ങിയ കക്ഷികളും തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുക്കം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.