ഉള്ള്യേരി: ദുരിതകാലത്തും നന്മ നിറഞ്ഞ മനസ്സുമായി പ്രസാദ് എത്തിയപ്പോൾ മദ്റസാധ്യാപകന് തിരിച്ചുകിട്ടിയത് യാത്രക്കിടെ നഷ്ടപ്പെട്ട അരലക്ഷത്തോളം രൂപ.
ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ പണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉള്ള്യേരിയിൽ മദ്റസാധ്യാപകനായ മണ്ണാർക്കാട് സ്വദേശി അബൂതാഹിർ. മദ്റസ പാഠപുസ്തകങ്ങൾ എടുക്കാൻ സുഹൃത്തിന്റെ കൂടെ കാറിൽ കോഴിക്കോട് പോയി തിരിച്ചുവരുമ്പോഴാണ് ബുധനാഴ്ച ഉച്ചയോടെ 45,500 രൂപ അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടത്.
ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 'കെയർ ഫെസിലിറ്റിസ് മാനേജ്‌മെൻറ് സർവിസ്' സൂപ്പർവൈസർ കക്കോടി പടിഞ്ഞാറ്റുമുറി വാരിയത്ത് പ്രസാദിനാണ് പുതിയറ ട്രാഫിക് ജങ്ഷന് സമീപം റോഡിൽനിന്ന് പഴ്‌സ് ലഭിച്ചത്. ഇയാൾ പഴ്‌സ് നേരെ സിറ്റി പൊലീസ് കൺട്രോൾ റൂമിൽ ഏൽപിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് പണം ഏറ്റുവാങ്ങാൻ കൺട്രോൾ റൂമിൽനിന്ന് അബൂതാഹിറിന് വിളിയെത്തിയത്. കൺട്രോൾ റൂം റൈറ്റർ രാജേന്ദ്ര രാജ പണം കൈമാറി. പ്രസാദിനെ കാണാൻ അടുത്ത ദിവസംതന്നെ പോകുമെന്ന് അബൂതാഹിർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.