കോഴിക്കോട്: വ്യവസായി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാന കേസ് തുടക്കം മുതൽ അട്ടിമറിക്കാൻ കൂട്ടുനിന്നവരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളതെന്നും മാമിക്ക് സംഭവിച്ചത് ഇനി മറ്റാർക്കും ഉണ്ടാവരുതെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സംഗമം അഭിപ്രായപ്പെട്ടു. ‘മാമി എവിടെ...? മാമിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടൻ പിടികൂടുക’ എന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ജനകീയ സംഗമത്തിൽ വൻ ജനാവലി പങ്കെടുത്തു.
വ്യാപാര പകയുടെ പേരിൽ ആരോ തട്ടിക്കൊണ്ടുപോയെന്ന സംശയമാണ് തിരോധാനത്തിൽ ഉയരുന്നത്. കേസ് അട്ടിമറിക്കാനും വഴി തിരിച്ചുവിടാനും ആദ്യമേ ശ്രമം നടന്നു. തുടക്കത്തിൽ കേസ് നന്നായി അന്വേഷിച്ചില്ല, ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചു. മാമിയുമായി അടുപ്പമുള്ളവർ ദുരൂഹതകളും സംശയങ്ങളും പങ്കുവെച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥൻ മുഖവിലക്കെടുത്തില്ലെന്നും ജനകീയ സംഗമത്തിൽ വിമർശനമുയർന്നു. കണാതായ അന്ന് രാവിലെ മാമി സുഹൃത്തിന്റെ ബീച്ചിലെ കെട്ടിടത്തിലുണ്ടായിരുന്നു. അപരിചിതരായ നാലുപേർ ആ പരിസരത്തുണ്ടായിരുന്നെന്നും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. കേസന്വേഷണം ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാമിയുടെ മകൾ ഡി.സി.പിക്ക് നൽകിയ പരാതിപോലും അടുത്ത ദിവസം ആരോപണം നേരിട്ട വ്യക്തിക്ക് ചോർന്നുകിട്ടിയതും ദുരൂഹമാണ്.
കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ നടക്കാവ് എസ്.എച്ച്.ഒ തെരഞ്ഞെടുപ്പ് സമയത്ത് മാറിയപ്പോൾ നിയോഗിക്കപ്പെട്ട പുതിയ ടീം അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോയിരുന്നു. മാറ്റപ്പെട്ട മറ്റ് എസ്.എച്ച്.ഒമാരെയെല്ലാം തെരഞ്ഞെടുപ്പിനുശേഷം മറ്റുസ്ഥലങ്ങളിൽ നിയമിച്ചപ്പോൾ കുടുംബം ആക്ഷേപം ഉന്നയിച്ച നടക്കാവ് എസ്.എച്ച്.ഒയെ മാത്രം തൽസ്ഥാനത്ത് വീണ്ടും നിയമിച്ചു. ആക്ഷേപത്തെ തുടർന്ന് ഇദ്ദേഹത്തെ പിന്നീട് മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ആയി മാറ്റി നിയമിച്ചെങ്കിലും, പിന്നീട് മലപ്പുറം എസ്.പിക്ക് മേൽനോട്ട ചുമതല നൽകി രൂപവത്കരിച്ച പുതിയ സംഘത്തിൽ അന്വേഷണ ഉദ്യോഗസ്ഥനാക്കിയത് ഈ എസ്.എച്ച്.ഒയെയാണ് എന്നതും സംശയകരമാണെന്ന് പരിപാടിയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ആക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. പി. രാജേഷ് കുമാർ അധ്യക്ഷതവഹിച്ചു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പത്തുമാസം കഴിഞ്ഞിട്ടും കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ഗ്രോ വാസു, അഡ്വ. എം. രാജൻ, നിജേഷ് അരവിന്ദ്, ടി.പി. ദാസൻ, ഡോ. ഹുസൈൻ മടവൂർ, മുസ്തഫ പാലാഴി, ഒ.പി. നസീർ, ഡോ. കെ. മൊയ്തു തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ അസ്ലം ബക്കർ സ്വാഗതവും ടി.പി.എം. ആഷിർ ആലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.