കോഴിക്കോട്: ഫാഷിസം കേരളത്തിൽ ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് സമാധാനപ്പെടേണ്ട സാഹചര്യമല്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ ആഴത്തിലുള്ള വർഗീയ ധ്രുവീകരണം നടക്കുന്നത് കാണാതിരുന്നുകൂടെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് അസ്മ ടവറിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വ്യത്യസ്ത സംസ്കാരങ്ങളും മതവിഭാഗങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്ന നാട് ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഒന്നിച്ചുജീവിക്കുകയാണ്. ഈ ആശയത്തെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണ് സജീവമായി നടക്കുന്നത്. ഭീതിജനകമായ ഈ ധ്രുവീകരണത്തിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ സർവർക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വംശീയ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതൊന്നും യാദൃച്ഛികമായി കരുതരുതെന്ന് റമദാൻ സന്ദേശം നൽകിയ ജമാഅത്ത് കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. കാലേക്കൂട്ടി ആസൂത്രണം ചെയ്ത പദ്ധതികൾ അതിന്റെ അന്തിമ ഘട്ടത്തിലാണിപ്പോൾ. രാജ്യത്തെ ന്യൂനപക്ഷം അതിഗുരുതര സാഹചര്യമാണ് നേരിടുന്നത്. ഇതിനെ ഒരു തെരഞ്ഞെടുപ്പ് അജണ്ടയായി മാത്രം കാണുന്നത് നിരർഥകമാണ്. വംശീയ ഉന്മൂലനമാണ് ഭരണകൂടം ലക്ഷ്യമാക്കുന്നത്. കക്ഷി, രാഷ്ട്രീയ താൽപര്യങ്ങൾക്കതീതമായി ഇതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. ഭൂരിപക്ഷ വോട്ടുബാങ്ക് മുൻനിർത്തി മൗനികളാകുന്ന അവസ്ഥ അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ നിലനിൽപ് അപകടത്തിലാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ദേശീയ തലത്തിൽ കേരളമാണ് ന്യൂനപക്ഷങ്ങളുടെ കരുത്ത്. എല്ലാവരും യോജിച്ചുനിന്ന് ഈ അപകടാവസ്ഥ അതിജയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുതരമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ നന്മക്കുവേണ്ടി ഒരുമിച്ചു നിൽക്കാൻ സാധിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. മനുഷ്യൻ ഇന്നോളം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ സംരക്ഷണത്തിന് ഐക്യം അനിവാര്യമായ കാലമാണിതെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ പറഞ്ഞു. അപകടകരമായ സാഹചര്യങ്ങളെ സർവരും യോജിച്ച് അതിജയിക്കണമെന്ന് പാണക്കാട് അബ്ബാസലി തങ്ങൾ അഭിപ്രായപ്പെട്ടു.
എം.കെ. രാഘവൻ എം.പി, എളമരം കരീം എം.പി, അബ്ദുസ്സമദ് സമദാനി എം.പി, കെ.എസ്. ഹംസ, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, പി.ടി.എ. റഹീം എം.എൽ.എ, ഡോ. എം.കെ. മുനീർ എം.എൽ.എ, മേയർ ഡോ. ബീന ഫിലിപ്പ്, അഡ്വ. പി.എം.എ. സലാം, കെ.പി.എ. മജീദ്, ഡോ. പി.എ. ഫസൽ ഗഫൂർ, ഒ. അബ്ദുറഹ്മാൻ, ഒ. അബ്ദുല്ല, ഡോ. ഐ.പി. അബ്ദുസ്സലാം, കൽപറ്റ നാരായണൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, ഡോ. ആസാദ്, വി.ആർ. അനൂപ്, സിദ്ദീഖ് കാപ്പൻ, എ. സജീവൻ, അഡ്വ. കെ.പി. നൗഷാദലി, എ. സജ്ജാദ്, പി.കെ. പാറക്കടവ്, പി.ജെ. വിൻസന്റ്, എൻ.പി. ചെക്കുട്ടി, എൻജിനീയർ മമ്മദ്കോയ, അഡ്വ. ഫാത്തിമ തഹ്ലിയ, അംബിക, സംവിധായകൻ സക്കരിയ്യ, ഹർഷാദ്, എം. നൗഷാദ്, ഡോ. ഔസാഫ് ഹസൻ, കാനേഷ് പൂനൂർ, ബാബുരാജ് ഭഗവതി, സൂര്യ ഗഫൂർ, ദാമോദർ പ്രസാദ്, ജമീൽ അഹമ്മദ്, സമീർ ബിൻസി, എം.ഐ. അബ്ദുൽ അസീസ്, എം.കെ. മുഹമ്മദലി, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ, റസാഖ് പാലേരി, വി.എം. ഇബ്രാഹീം, പി.ഐ. നൗഷാദ്, എം. ഫിറോസ് ഖാൻ, തൗഫീഖ് മമ്പാട്, മുഹമ്മദ് സഈദ്, അഡ്വ. റഹ്മാൻ ഇരിക്കൂർ, ആയിശ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി ജന. സെക്രട്ടറി ടി.കെ. ഫാറൂഖ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.