നാദാപുരം: അന്യായനിയമനത്തിന്റെ പേരിൽ ബ്ലോക്ക് ഭരണസമിതിയും ജീവനക്കാരും തമ്മിലുടലെടുത്ത തർക്കം നാദാപുരം താലൂക്കാശുപത്രിയെ പൂർണ സ്തംഭനത്തിലേക്ക് നയിക്കുന്നു. ബ്ലോക്ക് ഭരണസമിതിയുടെയും പ്രസിഡന്റിന്റെയും പീഡനം തുടർന്നാൽ അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തി യോഗ്യതയില്ലാത്ത സ്വന്തക്കാരെ സർക്കാർ സ്ഥാപനങ്ങളിൽ തിരുകിക്കയറ്റാൻ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുന്നുവെന്നാണ് ജീവനക്കാരുടെ പ്രധാന ആരോപണം.
ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ സൂപ്രണ്ടിനെ അനുവദിക്കുക, യോഗ്യതയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിച്ച് ആശുപത്രിയിലെ ജീവനക്കാർക്ക് മതിയായ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി വെള്ളിയാഴ്ച കെ.ജി.എം.ഒ.എയുടെ ബാനറിൽ ജീവനക്കാർ ആശുപത്രിക്ക് സമീപം പ്രതിഷേധ സംഗമം നടത്തി. ആശുപത്രിയിൽ സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള റാങ്ക് ലിസ്റ്റ് നിലനിൽക്കെ അത് മറികടന്ന് യോഗ്യതയില്ലാത്ത സ്വന്തക്കാരെ സുരക്ഷ ജീവനക്കാരായി നിയമിക്കാൻ ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമം ആശുപത്രിയെ സംഘർഷഭരിതമാക്കുകയായിരുന്നു. നിയമനത്തിന് കൂട്ടുനിൽക്കാത്ത സൂപ്രണ്ടിനെ മാനസിക സമ്മർദത്തിലാക്കുകയും നിരന്തരം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതായി കെ.ജി.എം.ഒ.എ നേതാക്കൾ ആരോപിച്ചു. സർക്കാർ ആശുപത്രികളിൽ നിയമിക്കുന്ന സുരക്ഷ ജീവനക്കാർ വിമുക്തഭടന്മാരായിരിക്കണമെന്ന് കൃത്യമായ മാർഗനിർദേശമുണ്ട്. എന്നാൽ, നാദാപുരം താലൂക്കാശുപത്രിയിൽ പുതിയ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് എച്ച്.എം.സി തീരുമാന പ്രകാരം കഴിഞ്ഞ മാസം ഒമ്പതിന് സെക്യൂരിറ്റി ജീവനക്കാരുടെ അഭിമുഖം നടന്നിരുന്നു. ഇതിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും നിയമനം നടത്താനും ബ്ലോക്ക് പ്രസിഡന്റുൾപ്പെടെയുള്ളവർ സ്ഥാപന മേധാവിയായ ആശുപത്രി സൂപ്രണ്ടിനെ അനുവദിക്കുന്നില്ല. താലൂക്കാശുപത്രിയിൽ സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള റാങ്ക് ലിസ്റ്റ് നിലനിൽക്കെ അതിനെ മറികടന്ന് യോഗ്യതയില്ലാത്ത സ്വന്തക്കാരെ സുരക്ഷ ജീവനക്കാരായി നിയമിക്കാനാണ് ശ്രമം. അഭിമുഖത്തിന്റെ മാർക്ക് ലിസ്റ്റ് രണ്ടാഴ്ചയോളം ബ്ലോക്ക് പ്രസിഡന്റ് ആശുപത്രി ഓഫിസിലേക്ക് കൈമാറാതെ കൈവശം വെക്കുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് നിരന്തരം രേഖാമൂലം ആവശ്യപ്പെട്ടതിനുശേഷം മാത്രം മാർക്ക് ലിസ്റ്റ് കൈമാറിയത്. എന്നിട്ടും അഭിമുഖത്തിന്റെ തുടർനടപടികൾ നടത്തരുതെന്നാണ് സൂപ്രണ്ടിന് നിർദേശം നൽകിയിരിക്കുന്നത്.
സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യത്തിനും നഴ്സിങ് ഓഫിസർക്കെതിരെ ഉണ്ടായ അധിക്ഷേപത്തിനും ഭീഷണിക്കുമെതിരെ സ്റ്റാഫ് കൗൺസിൽ പ്രതിഷേധിക്കുകയും ജീവനക്കാർ പരാതിയുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. ആശുപത്രിയിൽ നാല് സെക്യൂരിറ്റി വേണ്ട സ്ഥാനത്ത്, ഒറ്റയാൾ മാത്രമാണ് നിലവിലുള്ളത്.
രാത്രികാലങ്ങളിൽ സെക്യൂരിറ്റി ഇല്ലാത്തതിനാൽ പല അനിഷ്ട സംഭവങ്ങളും ആശുപത്രിയിൽ നടക്കുകയാണ്. വനിത ഡോക്ടർമാരും സ്ത്രീ ജീവനക്കാരും ഇതിനാൽ ഏറെ സമ്മർദത്തിലാണ്. സെക്യൂരിറ്റി ഇല്ലാത്ത സാഹചര്യത്തിൽ, രാത്രിയിൽ വനിത ഡ്യൂട്ടി ഡോക്ടറുടെ ഡ്യൂട്ടി റൂമിന് അടുത്ത് വന്ന് ചിലർ വാതിൽ മുട്ടിയും ബഹളം വെക്കുകയും ചെയ്ത സാഹചര്യം കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. മതിയായ സുരക്ഷ ജീവനക്കാരോ സുരക്ഷ സംവിധാനമോയില്ലാതെ ആശുപത്രിയിൽ തുടർന്ന് രാത്രികാല ഡ്യൂട്ടി എടുക്കാനാകില്ലെന്ന് എല്ലാ കാറ്റഗറി ജീവനക്കാരും സൂപ്രണ്ടിനെ രേഖാമൂലംതന്നെ അറിയിച്ചിട്ടുണ്ട്. ഈ കാര്യം ജില്ല മെഡിക്കൽ ഓഫിസറെയും ബ്ലോക്ക് പഞ്ചായത്തിനെയും നാദാപുരം പൊലീസിനെയും അറിയിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥർക്കെതിരെയുള്ള രാഷ്ട്രീയ സമ്മർദത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച കെ.ജി.എം.ഒ.എ ജില്ല കമ്മിറ്റി നാദാപുരം ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ജാഥയിലും യോഗത്തിലും ജില്ലയുടെ നാനാഭാഗത്തുനിന്നുള്ള ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. വിപിൻ വർക്കി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം. മുരളീധരൻ, ജില്ല സെക്രട്ടറി ഡോ. സി.കെ. അഫ്സൽ, ഡോ. ജമീൽ ഷാജർ, പി.എസ്. സുനിൽ കുമാർ, ഡോ. എം.എ. ഷാരോൺ, ഡോ. സരള നായർ, ഡോ. പി. സലീമ, ഡോ. ഷീബ ടി.ജോസഫ്, ഡോ. സന്ധ്യ കുറുപ്പ്, ഡോ. രാജു ബൽറാം, ഡോ. റിയാസ്, ഡോ. കെ. അശ്വതി, ഡോ. ടി.ടി. ലിനീഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.