കോഴിക്കോട്: അടിക്കടി തീപിടിത്തമുണ്ടാകുന്ന മിഠായിത്തെരുവിൽ വലിയ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊലീസ്, ഫയർഫോഴ്സ് റിപ്പോർട്ടുകൾ കടലാസിലൊതുങ്ങുന്നതായി പരാതി. നിരന്തര പരിശോധനയും ഫയർ ഓഡിറ്റും ഉൾപ്പെടെ നടത്തി തയാറാക്കിയ റിപ്പോർട്ടുകളിൽ ജില്ല ഭരണകൂടമോ, കോർപറേഷനോ കാര്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.
എം.പി റോഡിലടക്കം ഭാഗങ്ങളിൽ ഫയർ ഹൈഡ്രൻറുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് അവസാനമായി ചെരുപ്പുകടക്ക് തീപിടിച്ചതിനുപിന്നാലെ സ്ഥലം സന്ദർശിച്ച ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ അറിയിച്ചിരുന്നു. വാട്ടർ അതോറിറ്റിയാണ് ഫയർ ഹൈഡ്രൻറുകൾ സ്ഥാപിക്കേണ്ടത്. ഇതിന് അവരുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നാണ് അറിയിച്ചത്. കോർപറേഷനാണ് ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടത്.
എന്നാൽ ഇതുസംബന്ധിച്ച് എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സംയുക്ത യോഗംപോലും ഇതുവരെ ചേർന്നിട്ടില്ല. അതേസമയം മിഠായിത്തെരുവിലെ കട ഉടമകൾക്കും ജീവനക്കാർക്കും ഫയർഫോഴ്സിെൻറ നേതൃത്വത്തിൽ അഗ്നിരക്ഷ പരിശീലനം ആരംഭിച്ചിട്ടുണ്ട്. വളരെ ചെറിയ കടമുറികളിൽ തിങ്ങിനിറച്ച് സാധനങ്ങൾ സൂക്ഷിക്കുന്നതും വഴികളിലെല്ലാം സാധനങ്ങൾ സംഭരിക്കുന്നതുമാണ് ഭീഷണി.
ഇക്കാര്യത്തിൽ പൊലീസ് പരിശോധന തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതും നിലച്ചമട്ടാണ്. കെട്ടിടങ്ങളുടെ ചവിട്ടുപടികൾക്കടിയിലും ഒഴിഞ്ഞ ഭാഗങ്ങളിലും മറ്റും വലിയതോതിൽ ഹാർഡ്ബോർഡ് ചട്ടകളും മറ്റും കൂട്ടിയിടുന്നുണ്ട്. കടകളിലെ അഗ്നിശമന സംവിധാനങ്ങളുടെ പോരായ്മകൾ, ഇലക്ട്രിക് വയറിങ് ഉൾപ്പെടെ സംവിധാനങ്ങളുടെ സുരക്ഷിതത്വം എന്നിവ സംബന്ധിച്ച് ചിലകടകൾക്ക് പൊലീസും ഫയർഫോഴ്സും നിർദേശങ്ങൾ നൽകിയത് പാലിക്കപ്പെട്ടോ എന്നും പരിശോധിച്ചിട്ടില്ല.
എം.പി റോഡിലെ ചെരിപ്പ് ഗോഡൗണിന് തീപിടിച്ചതോടെയാണ് ബീച്ച്, മീഞ്ചന്ത ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എം.പി റോഡ്, ഒയാസിസ് കോംപ്ലക്സ്, ബേബി ബസാർ ഉൾപ്പെടെ ഭാഗങ്ങളിലെ കടകളിൽ പരിശോധനയും ഫയർഓഡിറ്റും നടത്തി റീജനൽ ഫയർ ഓഫിസർ ടി. രജീഷ് റിപ്പോർട്ട് തയാറാക്കി ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ എന്നിവർക്ക് സമർപ്പിച്ചത്.
സിറ്റി പൊലീസ് മേധാവി എ.വി. ജോർജിെൻറ നിർദേശ പ്രകാരമാണ് സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ് ടൗൺ പൊലീസിെൻറ സഹായത്തോടെ പരിശോധന നടത്തി ചിത്രങ്ങളടക്കം ഉൾപ്പെടുത്തി റിപ്പോർട്ട് തയാറാക്കി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.