ശ്രീ​കു​മാ​ര്‍ കോ​ര്‍മ​ത്തി​ൽ നി​ന്ന് അ​ബ്ദു​ൽ

റ​ഹ്മാ​ൻ വി​മാ​ന ടി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങു​ന്നു

റഹ്മാൻ പറക്കും, ലോകകപ്പിന്‍റെ ആരവത്തിലേക്ക്

കോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾ ടീമിന്‍റെ ഗോൾവലയം കാക്കണമെന്നാഗ്രഹിച്ചയാളായിരുന്നു. അതിനുള്ള പ്രതിഭയുമുണ്ടായിരുന്നു. എന്നിട്ടും മൈതാനത്തോട് വിട പറഞ്ഞ് ജീവിതത്തിന്‍റെ ഗോൾമുഖം കാക്കാൻ ആക്രി പെറുക്കി നടക്കാനായിരുന്നു വിധി ചങ്ങനാശേരി മുല്ലവീട്ടിൽ അബ്ദുൽ റഹ്മാന് കൽപിച്ച നിയോഗം.

ലോകകപ്പിന്‍റെ ആരവം ഇങ്ങ് ഖത്തറിൽ ഉയരുമ്പോൾ റഹ്മാനിൽ വീണ്ടുമുയർന്ന കാൽപന്ത് മോഹങ്ങൾ ഇപ്പോൾ സഫലമാവുകയാണ്. ലോകം ഖത്തറിന്‍റെ മൈതാനങ്ങളിൽ കാൽപന്തിനു ചുറ്റും ത്രസിച്ചുനിൽക്കുമ്പോൾ അത് നേരിൽ കാണാൻ റഹ്മാനുമുണ്ടാവും. നവംബർ 22ന് കണ്ണൂരിൽ നിന്ന് പറന്നുയരുന്ന വിമാനത്തിൽ അബ്ദുറഹ്മാനുണ്ടാവും.

ഓർമകളിലും സിരകളിലും ഫുട്ബാൾ മാത്രമുള്ള റഹ്മാന് ഈ സുവർണാവസരമൊരുക്കിയത് ഒരുകൂട്ടം പ്രവാസികളാണ്. ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് ഞായറാഴ്ച കോഴിക്കോട് ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ രക്ഷാധികാരിയും പ്രവാസിയുമായ ശ്രീകുമാര്‍ കോര്‍മത്തില്‍ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി.

ഹയാ കാര്‍ഡ് തയാറാക്കി മറ്റൊരു പ്രവാസിയായ ഫിറോസ് നാട്ടു കാത്തിരിക്കുന്നുണ്ട്. ചങ്ങനാശ്ശേരി സ്വദേശിയാണെങ്കിലും ഇപ്പോൾ ഭാര്യയുടെ നാടായ പയ്യന്നൂരിൽ ആക്രി സാധനങ്ങൾ വിറ്റ് ജീവിക്കുന്ന 56കാരനായ റഹ്മാനെയും അയാളുടെ ഫുട്ബാൾ സ്വപ്നങ്ങളെയും കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞാണ് ശ്രീകുമാർ കോർമത്ത് ലോകകപ്പ് വേദിയിലേക്ക് സഞ്ചരിക്കാനും തിരിച്ച് നാട്ടിലേക്ക് മടങ്ങാനുമുള്ള വിമാന ടിക്കറ്റ് കൈമാറിയത്.

കോഴിക്കോട് ഫുട്‌ബാള്‍ അസോസിയേഷന്‍ ജോ. സെക്രട്ടറി കൃഷ്ണകുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഒരുകാലത്ത് കളിക്കാരനായി പ്രശസ്തിയിലേക്കുയരുന്ന സമയത്തായിരുന്നു അബ്ദുൽ റഹ്മാനെ പരിക്ക് വേട്ടയാടി തുടങ്ങിയത്. ചങ്ങനാശേരി എസ്.എന്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ക്ലബില്‍ കുരികേശ് മാത്യുവിനൊപ്പം ഗോള്‍ കീപ്പറായി റഹ്മാൻ കളിക്കുന്ന സമയത്ത് കെ.ടി. ചാക്കോ രണ്ടാം ഗോളിയായിരുന്നു.

ഒപ്പം കളിച്ചവർ രാജ്യത്തിന്‍റെ ജഴ്സിയണിഞ്ഞപ്പോൾ റഹ്മാൻ തുടർച്ചയായ പരിക്കുകളാൽ കളത്തിനു പുറത്തേക്ക് വീണു. പിന്നീട് ഫുട്ബാൾ പ്രചാരകനായി മാറി. കേരള ടീമിന്‍റെ കിറ്റ്മാനായും ഫിസിയോ ആയും സപ്പോര്‍ട്ടിങ് സ്റ്റാഫ് ആയും പില്‍ക്കാലത്ത് പന്തിനൊപ്പം ജീവിച്ചത്. 1992, 1993 ല്‍ കേരളം സന്തോഷ് ട്രോഫി ഉയര്‍ത്തുമ്പോഴും എഫ്.സി കൊച്ചിന്‍ ഡ്യുറന്‍ഡ് കപ്പ് നേടുമ്പോഴും വിവ കേരള കരുത്തറിയിച്ച കാലത്തും റഹ്മാന്‍ ആ ടീമുകളുടെ ബാക്ക് സ്റ്റാഫായി ഒപ്പമുണ്ടായിരുന്നു.

സന്തോഷ് ട്രോഫി നേടിയപ്പോള്‍ ആ കപ്പെടുത്ത് ക്യാപ്റ്റൻ വി.പി. സത്യന്‍ റഹ്മാന്റെ തലയില്‍ വെച്ച് കൊടുത്തതാണ് തന്‍റെ ജീവിതത്തിലെ അനര്‍ഘനിമിഷമെന്ന് അയാളിപ്പോഴും വിശ്വസിക്കുന്നു.

എഫ്.സി കൊച്ചിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ റഹ്മാന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഇത്രയും അരികിൽ ലോകകപ്പ് എത്തിയപ്പോൾ കാണാൻ കഴിയാത്ത സങ്കടം കൂട്ടുകാരോട് പങ്കുവെച്ചതിലൂടെയാണ് ഇപ്പോൾ കളി നേരിൽ കാണാൻ അവരമൊരുങ്ങിയത്.

Tags:    
News Summary - Rahman will fly to the hype of the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.