കോഴിക്കോട്: അപരനുവേണ്ടി രക്തം നൽകി മനുഷ്യകുലത്തെ മുന്നോട്ടു നയിക്കുന്ന ഒരുപറ്റമാളുകൾ നമുക്കിടയിലുണ്ട്. ലോകത്തിെൻറ സ്പന്ദനം നിലനിർത്താനായി മുടങ്ങാതെ രക്തദാനം ചെയ്യുന്നവർ. രക്തദാനത്തിനുള്ള അവരുടെ സന്നദ്ധതയാണ് പലരുടെയും ആയുസ്സിന് നീളം കൂട്ടുന്നത്. ജില്ലയിൽ ചുരുങ്ങിയ കാലത്തിനിടെ ഏറ്റവും കൂടുതൽ തവണ രക്തം ദാനംചെയ്ത ഒമ്പതു ചെറുപ്പക്കാരെ ആദരിക്കാൻ എയ്ഡ്സ് നിയന്ത്രണ ബോർഡിെൻറ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ പേരുകൾ നാമനിർദേശം ചെയ്തിട്ടുണ്ടെന്ന് ജില്ല ടി.ബി ആൻഡ് എയ്ഡ്സ് നിയന്ത്രണ ഓഫിസർ ഡോ. പി.പി. പ്രമോദ് പറഞ്ഞു.
18 വയസ്സു മുതൽ മൂന്നു മാസം കൂടുമ്പോൾ മുടങ്ങാതെ രക്തം നൽകിയ കൊമ്മേരി സ്വദേശി മുഹമ്മദ് ഷമീർ 28 വയസ്സിനിടെ 36 തവണയാണ് രക്തം ദാനം ചെയ്തത്. ഒ പോസിറ്റിവാണ് രക്ത ഗ്രൂപ്. കോളജ് കാലം മുതൽ രക്തദാന രംഗത്തുണ്ട് ഷമീർ. ബ്ലഡ് ഡോണേഴ്സ് കേരളയുടെ കോഓഡിനേറ്ററാണ്. മെഡിക്കൽ കോളജ് ആശുപത്രി പരിസരം പോലും ആളുകൾ ഭയന്നിരുന്ന നിപ കാലത്തും ഷമീറും കൂട്ടരും രക്തദാനത്തിനായി ആശുപത്രിയിൽ എത്തിയിരുന്നു. മാസ്കും ഗ്ലൗസും ധരിച്ച് സ്വയം സുരക്ഷ ഉറപ്പുവരുത്തിയാണ് രക്തദാനം നടത്തിയതെന്ന് ഷമീർ പറഞ്ഞു. കോവിഡ് കാലത്തും നിരവധി ക്യാമ്പുകൾ ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. കരിപ്പൂർ വിമാന ദുരന്ത സമയത്ത് സുഹൃത്തുക്കൾക്കൊപ്പം മെഡിക്കൽ കോളജിലെത്തി രക്തം ദാനം ചെയ്തിട്ടുണ്ടെന്നും ഷമീർ പറഞ്ഞു.
ബി നെഗറ്റിവ് ഗ്രൂപ്പുള്ള 26കാരൻ ഡോ. ആൽബിൻ ജസ്റ്റിൻ 30 തവണ രക്തം നൽകി. ഗോപക്, പി. അഭിനവ് , കെ. അനശ്വര, അഭിജിത്, സിറാജുദ്ദീൻ, ഗോപിക, ശാരുതി തുടങ്ങിയവരെല്ലാം രക്ത ദാനത്തിൽ മുന്നിട്ടുനിൽക്കുന്നവരാണ്. ഗിഫ്റ്റ് ഒഫ് ഹാർട്ട് എന്ന സംഘടനയുടെ വളൻറിയറായ പൂളക്കടവ് സ്വദേശി ഷൈജുവും നിരവധി തവണ രക്തം നൽകിയ ജീവദാതാവാണ്. അസുഖങ്ങളോ മറ്റോ ഉണ്ടാകുമ്പോൾ ഒഴികെ രക്തം നൽകാറുണ്ടെന്ന് ഷൈജു പറഞ്ഞു. നിപ കാലത്ത് രക്തം നൽകിയത് ഇന്നും ഓർമയിലുണ്ട്. പ്രസവ സംബന്ധമായ കേസായിരുന്നു. രക്തത്തിന് ആരെയും കിട്ടാതെ പകച്ച ബന്ധുക്കൾ തന്നെ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. കോവിഡ് കാലത്തും രക്തം നൽകി. സമ്പർക്കവിലക്കിലായതിനാൽ കഴിഞ്ഞമാസം നൽകാൻ സാധിച്ചില്ലെന്നും ഷൈജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.