തിരുവനന്തപുരം: ലോക കേരളസഭയുടെ മൂന്നാം സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. അനാരോഗ്യത്തെ തുടർന്ന് ഡോക്ടര്‍മാർ വിശ്രമം നിർദേശിച്ചതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ല. മുഖ്യമന്ത്രിക്കെതിരെ സമരം നടക്കുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവടക്കം യു.ഡി.എഫ് എം.എൽ.എമാരും ശശി തരൂർ എം.പിയും ചടങ്ങ് ബഹിഷ്കരിച്ചു.
ലോകമെമ്പാടും ഇന്ത്യയുടെ പ്രശസ്തി വർധിപ്പിക്കുന്നതിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്നും അതിനാൽ പ്രവാസികൾക്കായി ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗവർണർ പറഞ്ഞു. കേരളത്തിന്‍റെ ശക്തിയായ ഇൻഫർമേഷൻ ടെക്‌നോളജി, ടൂറിസം, ഇലക്‌ട്രോണിക്‌സ് മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാന്‍ മലയാളി പ്രവാസി സംരംഭകർ തയാറാകണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
റഷ്യ-യുക്രെയ്ൻ യുദ്ധ പ്രതിസന്ധിയെത്തുടർന്ന് മടങ്ങിവരേണ്ടിവന്ന കുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ലോക കേരളസഭ മുൻഗണന നൽകേണ്ടതുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. സ്പീക്കർ എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആൻറണി രാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എം.പിമാരായ ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, വി.കെ. പ്രശാന്ത് എം.എൽ.എ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ ഡോ.എം.എ. യൂസുഫലി, നോർക്ക റൂട്ട്സ് റെസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്‍, നോർക്ക റൂട്ട്സ് ഡയറക്ടർ ഡോ.എം. അനിരുദ്ധൻ, നോർക്ക റൂട്ട്സ് ഡയറക്ടർമാരായ ഡോ. രവിപിള്ള, ഡോ. ആസാദ് മൂപ്പൻ എന്നിവർ സംബന്ധിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയ് സ്വാഗതവും നോർക്ക-വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല നന്ദിയും പറഞ്ഞു.
ഈ മാസം 18 വരെ നടക്കുന്ന ലോക കേരളസഭയില്‍ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭ. പ്രവാസികളില്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ 104 പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്‍റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ, വിവിധ പ്രവാസമേഖലയിലെ പ്രമുഖരടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളുമുണ്ടാകും.
ബഹിഷ്‌കരിച്ച് യു.ഡി.എഫ്
തിരുവനന്തപുരം: സര്‍ക്കാർ നയത്തില്‍ പ്രതിഷേധിച്ച് ലോക കേരളസഭ ബഹിഷ്‌കരിക്കാന്‍ യു.ഡി.എഫ് തീരുമാനം. പരിസ്ഥിതിലോല വിഷയത്തിലെ സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാറിന്റെ നിർദേശംകൂടി ഉള്‍ക്കൊണ്ടാണെന്നും കര്‍ഷകരെ ആശങ്കയിലാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ലോകകേരള സഭയിൽ പങ്കെടുക്കുന്നതിന് പ്രതിപക്ഷനേതാവ് മുന്നോട്ടുവെച്ച ധൂർത്ത് ഒഴിവാക്കുക, കഴിഞ്ഞ രണ്ട് സഭയില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിക്കുക, പ്രതിപക്ഷ പ്രവാസി സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കുക എന്നീ ഉപാധികൾ പരിഗണിക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമരംചെയ്ത യു.ഡി.എഫ് പ്രവർത്തകരെ ക്രൂരമായി മർദിക്കുന്ന സാഹചര്യത്തില്‍ ലോക കേരളസഭയുമായി സഹകരിക്കുന്നതില്‍ അർഥമില്ല. എന്നാൽ, യു.ഡി.എഫ് അനുകൂല പ്രവാസിസംഘടനകൾക്ക് വിലക്ക് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ച ചെയ്യുന്നത്എ ട്ട് വിഷയമേഖലകൾ
തിരുവനന്തപുരം: മൂന്നാം ലോക കേരളസഭയുടെ ഊന്നൽ പ്രവാസികളുമായി ബന്ധപ്പെട്ട എട്ട് വിഷയമേഖലകളിൽ. ഇതോടൊപ്പം ആദ്യ രണ്ട് സഭകളിൽ നടന്ന ചർച്ചകളുടെയും ശിപാർശകളുടെയും തുടർനടപടികളും പ്രതിപാദിക്കുന്ന റിപ്പോർട്ടും മൂന്നാം സഭയിൽ അവതരിപ്പിക്കും.
വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപവത്കരണത്തില്‍ പ്രവാസി ഇടപെടലിന്‍റെ സാധ്യതകള്‍, നവകേരള നിര്‍മാണത്തിന് സഹായകമാവുന്ന പ്രവാസിനിക്ഷേപസാധ്യതകള്‍ എന്നിവ ഇത്തവണ ചർച്ച ചെയ്യുന്ന വിഷയമേഖലകളാണ്.
പ്രവാസികളുടെ വൈദഗ്ധ്യത്തെയും സാധ്യതകളെയും കേരളത്തിന് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുമെന്നതിനൊപ്പം പ്രവാസി നിക്ഷേപങ്ങള്‍ വിജയകരമാക്കാനുള്ള ആശയങ്ങളും ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവി പ്രവാസം-നൈപുണ്യ വികസനവും പുതിയ തൊഴിലിടങ്ങളും എന്നതാണ് മൂന്നാമത്തെ വിഷയം. പ്രവാസികള്‍ക്കായുള്ള സർക്കാർ പദ്ധതികളുടെ വിലയിരുത്തല്‍-പ്രവാസി പുനരധിവാസം വെല്ലുവിളികളും നൂതനാശയങ്ങളും എന്ന വിഷയം ഈ മേഖലയെ കേന്ദ്രീകരിച്ചുള്ളതാണ്.
വിദേശത്ത് പ്രവാസികള്‍ നേരിടുന്ന വ്യത്യസ്തങ്ങളായ സാഹചര്യങ്ങളും ചര്‍ച്ചയാവും. പ്രവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറും അന്താരാഷ്ട്ര സംഘടനകളുമായി സഹകരണസാധ്യതകള്‍ എന്ന വിഷയം ഈ മേഖലയെ അഭിസംബോധന ചെയ്യുന്നതാണ്.
സ്ത്രീ കുടിയേറ്റത്തിന്‍റെ ഭാവി സാധ്യതകള്‍, പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും, ഇതരസംസ്ഥാന മലയാളികളുടെ പ്രശ്നങ്ങള്‍ എന്നിവയും ലോക കേരളസഭ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.