എം.വി. ഗോവിന്ദൻ പി.ബിയിൽ; കോടിയേരിക്ക് പകരക്കാരൻ

ന്യൂഡൽഹി: സി.പി.എം പോളിറ്റ് ബ്യൂറോയിലേക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കേന്ദ്രകമ്മിറ്റി യോഗം തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണംമൂലമുള്ള ഒഴിവിലേക്കാണിത്.

തളിപ്പറമ്പ് പരിയാരം ഇരിങ്ങൽ യു.പി സ്കൂൾ കായികാധ്യാപകനായിരിക്കെ സ്വയം വിരമിച്ച് രാഷ്ട്രീയത്തിൽ സജീവമായ എം.വി. ഗോവിന്ദൻ 1996, 2001, 2021 തെരഞ്ഞെടുപ്പുകളിൽ തളിപ്പറമ്പിൽനിന്ന് നിയമസഭയിലെത്തി. കെ.എസ്.കെ.ടിയു സംസ്ഥാന പ്രസിഡന്‍റും അഖിലേന്ത്യ കർഷകത്തൊഴിലാളി യൂനിയൻ വൈസ് പ്രസിഡന്‍റുമായിരുന്നു. സി.പി.എം കാസർകോട് ഏരിയ സെക്രട്ടറി, കണ്ണൂർ ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 'ദേശാഭിമാനി', 'മാർക്സിസ്റ്റ് സംവാദം' എന്നിവയുടെ ചീഫ് എഡിറ്ററായി. 2018ലാണ് കേന്ദ്രകമ്മിറ്റി അംഗമായത്.

കണ്ണൂർ മൊറാഴ സ്വദേശിയാണ് എം.വി. ഗോവിന്ദൻ. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയൻറ് സെക്രട്ടറിയുമായ പി.കെ. ശ്യാമളയാണ് ഭാര്യ. മക്കൾ: ചലച്ചിത്ര പ്രവർത്തകനായ ജി.എസ്. ശ്യാംജിത്ത്, കണ്ണൂരിൽ അഭിഭാഷകനായ ജി.എസ്. രംഗീത്. സിനി നാരായണൻ (യു.എസ്.ടി ഗ്ലോബൽ, തിരുവനന്തപുരം) മരുമകളാണ്.

പി.ബിയിൽ അംഗത്വംനേടിയ ക്രമമനുസരിച്ചാണ് സീനിയോറിറ്റി. അതുപ്രകാരം 17ാമതാണ് എം.വി. ഗോവിന്ദൻ.

രോഗാവസ്ഥമൂലം കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കാൻ കഴിയാതെവന്നതിനെ തുടർന്ന് ആഗസ്റ്റ് 28നാണ് എം.വി. ഗോവിന്ദനെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. തുടർന്ന് തദ്ദേശഭരണ മന്ത്രിസ്ഥാനം രാജിവെച്ചു.  

Tags:    
News Summary - MV Govindan selected to CPM PB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.