മൂന്നാര്‍: പടയപ്പ വീണ്ടും മൂന്നാര്‍ ടൗണിലെത്തി. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് മൂന്നാര്‍ ജനറല്‍ ആശുപത്രിക്ക് സമീപത്തെ പച്ചക്കറി പഴവര്‍ഗ കടയിലെത്തിയത്. പെരിയവരൈയില്നിന്ന് റോഡ് മാര്‍ഗമെത്തിയ പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാനയെ നാട്ടുകാരുടെ നേതൃത്വത്തില്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല.
ലോക്ഡൗണ്‍ കാലത്ത് ടൗണിലെത്തി കച്ചവടസ്ഥാപനം തകർത്ത കാട്ടാനയെ വനപാലകർ പടക്കം പൊട്ടിച്ചാണ് കാടുകയറ്റിയത്. അരമണിക്കൂറോളം കച്ചവട സ്ഥാപനത്തില്‍ നിലയുറപ്പിച്ച കാട്ടാന സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ അകത്താക്കുകയും ചെയ്തു. അമ്പതിനായിരത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വ്യാപാരി പറയുന്നത്.
കഴിഞ്ഞ ഒരു മാസമായി മൂന്നാര്‍ ടൗണിനു സമീപത്തെ കാടുകളിലും ജനവാസമേഖലകളിലും കറങ്ങിനടക്കുന്ന പടയപ്പ തിങ്കളാഴ്ച വൈകീട്ടോടെ മൂന്നാര്‍ ഡിവൈ.എസ്.പി ബംഗ്ലാവിനു സമീപത്തെത്തിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ച മൂന്നാര്‍-ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലെത്തിയ കാട്ടാന ഗതാഗതം തടസ്സപ്പെടുത്തുകയും കാല്‍നടക്കാരെ വിരട്ടിയോടിക്കുകയും ചെയ്തു. മൂന്നാര്‍ എസ്റ്റേറ്റ് മേഖലകളിലും കാട്ടാനകള്‍ കൂട്ടമായി ഇറങ്ങുകയാണ്.
കുട്ടിയുമായെത്തുന്ന കാട്ടാനങ്ങള്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും തൊഴിലാളികളുടെ ഉറക്കം കെടുത്തുകയുമാണ്. വിനോദസഞ്ചാരമേഖലകളിലെ സ്ഥിതിയും മറിച്ചല്ല. മാട്ടുപ്പെട്ടി കുണ്ടള മേഖലകളിലും കാട്ടാനകള്‍ കൂട്ടമായെത്തുകയാണ്. വനപാലകരുടെ നേതൃത്വത്തില്‍ ജനവാസ മേഖലകളില്‍ എത്തുന്ന കാട്ടാനകളുടെ തുരത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.