തിരുവനന്തപുരം: രാജ്ഭവന്റെ ആർ.എസ്.എസ് ബന്ധം മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന സർക്കാറും കേന്ദ്രവും തമ്മിലെന്ന നിലയിൽനിന്ന് ഗവർണറുമായുള്ള പോര് മാറി. സർക്കാറുമായുള്ള പ്രധാന അഭിപ്രായവ്യത്യാസം സംഘ്പരിവാറിന്റെ കണ്ണിലെ കരടായ കണ്ണൂർ വൈസ് ചാൻസലർ ഉൾപ്പെടെയാണെന്ന വസ്തുത നിലനിൽക്കുമ്പോഴാണ് ഗവർണർ ആർ.എസ്.എസ് മേധാവിയെ സന്ദർശിച്ചത് പുതിയ വിവാദമാവുന്നത്.
ഗവർണർ കേന്ദ്ര ബി.ജെ.പി സർക്കാറിന് വേണ്ടി 'കളിക്കുന്നു'വെന്ന ആക്ഷേപമാണ് ഇടതുപക്ഷം പൊതുവായി ഉയർത്തിയിരുന്നത്. പക്ഷേ, ബി.ജെ.പിയെ നിയന്ത്രിക്കുന്ന, ഹിന്ദുത്വ രാഷ്ട്രത്തിനായി നിലകൊള്ളുന്ന ആർ.എസ്.എസുമായുള്ള ബന്ധമാണ് ഇപ്പോൾ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. ഭരണഘടനപദവി വഹിക്കുന്ന ഗവർണർ ഇത്തരമൊരു പദവിയും ഇല്ലാത്ത ആർ.എസ്.എസിന്റെ മേധാവിയെയാണ് അങ്ങോട്ട് പോയി സന്ദർശിച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മുൻകൂട്ടി തീരുമാനിച്ച പ്രകാരമുള്ള ഈ സന്ദർശനം രാജ്ഭവന്മേൽ ആർ.എസ്.എസിനുള്ള സ്വാധീനവും സമ്മർദശക്തിയെയും വെളിപ്പെടുത്തുന്നെന്ന വിലയിരുത്തലിലാണ് സി.പി.എമ്മിനും എൽ.ഡി.എഫിനും. കേവലം കേന്ദ്ര സർക്കാറിന്റെ ഇംഗിതത്തിന് വഴങ്ങുകയല്ല ഗവർണർ. ഏറ്റവും കൂടുതൽ ശാഖകളുണ്ടായിട്ടും ഹിന്ദുത്വ രാഷ്ട്രീയത്തിന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ നേട്ടം പ്രതിഫലിപ്പിക്കാൻ കഴിയാത്ത നാടാണ് കേരളം. സംസ്ഥാനത്തിന് മേൽ ആർ.എസ്.എസിനുള്ള താൽപര്യത്തെ കൂടിയാണ് രാജ്ഭവൻ പ്രതിനിധീകരിക്കുന്നതെന്നും ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തന്റെ പേഴ്സനൽ സ്റ്റാഫിൽ ആർ.എസ്.എസ് പ്രത്യയശാസ്ത്രക്കാരനായ മുൻ മാധ്യമ പ്രവർത്തകനെ ഗവർണർ നിയമിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷ മൗനവും ശ്രേദ്ധയമാണെന്ന അഭിപ്രായമാണ് ഇടത് മുന്നണിക്ക്.
കണ്ണൂർ ചരിത്ര കോൺഗ്രസിലെ കൈയേറ്റശ്രമം ആവർത്തിച്ച് ഉയർത്തുന്നതിനുപിന്നിൽ ആർ.എസ്.എസ് എന്ന ഇടത് വാദത്തെ ബലപ്പെടുത്തുന്നത് കൂടിയായി കൂടിക്കാഴ്ച. ഗവർണറുടെ പൗരത്വ നിയമ സാധൂകരണത്തെ തടയാൻ ശ്രമിച്ച ഇർഫാൻ ഹബീബാണ് ബാബരി മസ്ജിദ് വിഷയത്തിൽ യുക്തിഭദ്രതയോടെയും ചരിത്ര വസ്തതകളുടെയും ബലത്തിൽ ആർ.എസ്.എസിനെ പ്രതിരോധിച്ച ചരിത്രകാരിലൊരാൾ. കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനാവട്ടെ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് മെംബർ സെക്രട്ടറി എന്ന നിലയിൽ ആർ.എസ്.എസിന്റെ ചരിത്രം തിരുത്തലിന് ഏറെ തലവേദനയും സൃഷ്ടിച്ച ചരിത്രകാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.