തിരുവനന്തപുരം: റവന്യൂ റിക്കവറി കേസുകളിൽ കുടിശ്ശികക്ക് തവണകള്‍ അനുവദിക്കാന്‍ സര്‍ക്കാറിന് അനുമതി നല്കുന്ന വ്യവസ്ഥകൾ ഉൾപ്പെടെയുള്ള കരട് ഭേദഗതി ബില്ലിന് മന്ത്രിസഭാ യോഗം അനുമതി നൽകി. ഇതിനായി 1968ലെ കേരള റവന്യൂ റിക്കവറി നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്റെ വില്പന വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുക, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശ്ശിക ബാധ്യത തീര്‍ക്കുന്നതിന് ഉതകുംവിധം വില്‍ക്കുന്നതിനുള്ള വ്യവസ്ഥ തുടങ്ങിയവയും ബില്ലിലെ പ്രധാന ഭേദഗതികളാണ്.
ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. കുടിശ്ശികക്ക് തവണ അനുവദിക്കാൻ തഹസിൽദാർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് അധികാരം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്.
അഞ്ചുലക്ഷം രൂപ വരെയുള്ള റവന്യൂ റിക്കവറി നടപടികളിൽ ഗഡു അനുവദിക്കാൻ റവന്യൂ മന്ത്രിക്കും അഞ്ചിനും പത്ത് ലക്ഷത്തിനും ഇടയിൽ ധനമന്ത്രിക്കും പത്ത് ലക്ഷത്തിനുമുകളിലുള്ള റവന്യൂ റിക്കവറി കേസുകളിൽ മുഖ്യമന്ത്രിക്കും അധികാരം നൽകുന്നതായിരിക്കും നിയമഭേദഗതി. കുടിശ്ശികത്തുകയ്ക്ക് ഗഡുക്കൾ അനുവദിക്കാൻ തഹസിൽദാർ, ജില്ല കലക്ടർ, റവന്യൂ-ധന മന്ത്രിമാർ, മുഖ്യമന്ത്രി എന്നിവർക്ക് അധികാരം നൽകി 2017ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെ ബാങ്കുകൾ ചോദ്യം ചെയ്തതതോടെ ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.