കൊച്ചി: സിനഡ് അംഗീകരിച്ച കുർബാനയർപ്പണരീതിയിൽ മാത്രമേ അനുവദിക്കൂ എന്ന നിലപാടിൽ മെത്രാൻ സമിതി ഉറച്ചുനിന്നതോടെ 200ലേറെ ദിവസമായി പൂട്ടിയിട്ടിരിക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക വിശ്വാസികൾക്കായി തുറന്നുനൽകാനുള്ള ശ്രമം പാളി.
ബസിലിക്ക തുറക്കാൻ സിറോ മലബാർ സഭ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്ക പ്രതിനിധികളുമായി ചേർന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. എന്നാൽ, ‘സിനഡ് അംഗീകരിച്ച കുർബാനയർപ്പണരീതി മാത്രമേ നടപ്പാക്കാവൂ എന്നും ഇത് സാധ്യമാവും വരെ കുർബാന അർപ്പണമുണ്ടാവില്ലെന്നും’ ഉള്ള നിബന്ധനയോടെയാണ് ബസിലിക്ക തുറക്കാൻ തീരുമാനിച്ചത്.
ചർച്ചയിൽ ബസിലിക്ക വികാരി മോൺ. ആന്റണി നരികുളം ഇക്കാര്യത്തിൽ ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് കൂടുതൽ കൂടിയാലോചന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ധാരണയിൽനിന്ന് പിന്മാറുന്നതായി അദ്ദേഹം വ്യക്തമാക്കി. ജനാഭിമുഖ കുർബാന അംഗീകരിക്കാതെ ബസിലിക്ക തുറക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ അതിരൂപത സംരക്ഷണ സമിതിയുൾെപ്പടെ വിശ്വാസികളും രംഗത്തുവന്നു.
ബുധനാഴ്ചയാണ് മെത്രാൻ സമിതിയും ബസിലിക്ക പ്രതിനിധികളും തമ്മിൽ ചർച്ച നടന്നത്. സിനഡ് തീരുമാനിച്ചതും വത്തിക്കാൻ അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂവെന്ന് യോഗത്തിൽ മെത്രാൻ സമിതി വ്യക്തമാക്കുകയായിരുന്നു. ജനാഭിമുഖ കുർബാന നടത്താനാണ് തീരുമാനമെങ്കിൽ ബസിലിക്ക വീണ്ടും അടച്ചിടും എന്ന മുന്നറിയിപ്പും നൽകി.
കുർബാന ഒഴികെ മറ്റ് കൂദാശകളും കൂദാശാനുകരണങ്ങളും നടത്താമെന്നും അതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ബസിലിക്ക അഡ്മിനിസ്ട്രേറ്റർ വികാരിക്ക് താക്കോൽ കൈമാറുമെന്നും സിനഡ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ആർച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസഫ് പാംപ്ലാനി, മോൺ. വർഗീസ് പൊട്ടയ്ക്കൽ, മോൺ. ആന്റണി നരികുളം, ഫാ. ആന്റണി പൂതവേലിൽ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.