കൊച്ചി: ഏകീകൃത കുർബാന സിറോ മലബാർ സഭയുെട എറണാകുളം-അങ്കമാലി രൂപതക്കു കീഴിലും നടപ്പാക്കുന്നത് സംബന്ധിച്ച സർക്കുലർ ജനുവരി 23ന് പുറപ്പെടുവിക്കുമെന്ന് മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ സിനഡിന് ഉറപ്പു നൽകി.
ശനിയാഴ്ച സിനഡ് സമാപനശേഷം പുറത്തിറക്കിയ വാർത്തകുറിപ്പിലാണ് അതിരൂപത ആർച് ബിഷപിന്റെ ഉറപ്പിനെക്കുറിച്ച് പരാമർശമുള്ളത്. എറണാകുളം-അങ്കമാലി രൂപതക്കു കീഴിലുള്ള പല പള്ളികളിലും ഏകീകൃത കുർബാന നടപ്പായിരുന്നില്ല.
അതിരൂപതയിൽ വർഷങ്ങളായി തുടർന്നുപോരുന്ന ജനാഭിമുഖ കുർബാനയർപ്പണ രീതിയിൽ മാറ്റം വരുത്താനുള്ള വൈമുഖ്യം സഭയുടെ അച്ചടക്കത്തിന് നിരക്കാത്ത രീതികളിലൂടെ പലവേദികളിലും ചില പ്രതിനിധികൾ പ്രകടമാക്കുന്നതിലെ അസംതൃപ്തി സിനഡ് വ്യക്തമാക്കി.
അനാവശ്യ നിർബന്ധ ബുദ്ധികൾ ഉപേക്ഷിച്ച് ഏകീകൃത ബലിയർപ്പണരീതി നടപ്പാക്കാൻ എല്ലാ വൈദികരും സന്യസ്തരും തയാറാകണം. കുർബാന അർപ്പണരീതിയിലെ അഭിപ്രായാന്തരം തെരുവുകലാപമാക്കി മാറ്റാൻ ശ്രമിക്കുന്ന സഭാവിരുദ്ധ ശക്തികളുടെ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സഭയിലെ മെത്രാൻമാർ എവിടെയാണെങ്കിലും ഏകീകൃത കുർബാനയേ അർപ്പിക്കാവൂ എന്നും ഇതിന് വേണ്ട സൗകര്യങ്ങൾ വികാരിമാർ ഒരുക്കണമെന്നും സിനഡ് നിർദേശത്തിലുണ്ട്.
എന്നാൽ, ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കണമെന്ന പുതിയ സര്‍ക്കുലര്‍ ഇറക്കുമെന്ന സിനഡ് വാർത്തകുറിപ്പ് സമ്മർദതന്ത്രമാണെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു. മാർപാപ്പയെയും പൗരസ്ത്യ കാര്യാലയഅധ്യക്ഷനെയും നേരിൽ കണ്ട ശേഷമാണ് ആർച്ച് ബിഷപ് ആൻറണി കരിയിൽ അതിരൂപതയിൽ ഒഴിവ് നൽകിയതെന്ന വാദത്തിലുറച്ച് നിൽക്കുകയാണ് അതിരൂപത സംരക്ഷണ സമിതി.
കരിയിലിന്റെ ഭാഗത്തുനിന്ന് ഇങ്ങനൊരു നീക്കം കര്‍ദിനാള്‍ ആലഞ്ചേരിക്കോ ഒപ്പമുള്ള മെത്രാൻമാർക്കോ ദഹിക്കാത്തതിനാലാണ് അദ്ദേഹത്തെ ഏറെ സമ്മർദത്തിലാഴ്ത്തി സർക്കുലർ തിരുത്താമെന്ന് സമ്മതിപ്പിച്ചത്.
അതിരൂപതയിലെ പ്രതിസന്ധിയെക്കുറിച്ച് വൈദികരും അല്മായ മുന്നേറ്റ നേതാക്കന്മാരും ആന്റണി കരിയിലിനെ കണ്ട് സംസാരിച്ചു. ഇക്കാര്യം പൂര്‍ണഗൗരവത്തോടെ മേലധികാരികളുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും സംരക്ഷണ സമിതി പ്രസ്താവനയിൽ വ്യക്തമാക്കി.
കൊച്ചി: സിനഡ് നിർദേശത്തിന് വിരുദ്ധമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വിവിധ പള്ളികളിൽ കുർബാനക്ക് ശേഷം ജനാഭിമുഖ കുർബാന മാത്രമേ അംഗീകരിക്കൂ എന്ന് വിശ്വാസികൾ പ്രതിജ്ഞ ചെയ്തു. ബിഷപ് ഹൗസിൽ നാലു ദിവസമായി നിരാഹാരം തുടരുന്ന അല്മായ മുന്നേറ്റം നേതാക്കളായ പ്രകാശ് പി. ജോൺ, തോമസ് കീച്ചേരി എന്നിവരെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിൽ ഫാ.ബാബു കളത്തിൽ തുടർച്ചയായ ആറാം ദിവസവും നിരാഹാരം തുടരുന്നു. ബിഷപ് ഹൗസിൽ നിലവിൽ ഫാ.ടോം മുള്ളൻചിറ നിരാഹാരസമരം മൂന്നാം ദിവസവും തുടരുന്നു. ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നും ധാരാളം വിശ്വാസികളും വൈദികരും അതിരൂപത ആസ്ഥാനത്ത് വന്ന് ജപമാല ചൊല്ലി പ്രാർഥിച്ചിരുന്നു.
ആർച് ബിഷപ് സർക്കുലർ ഇറക്കുമെന്ന് പറയേണ്ടത് സിനഡിന്റെ മീഡിയ കമീഷൻ അല്ലെന്നും ഇങ്ങനൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അത് പറയേണ്ടത് അദ്ദേഹമാണെന്നും അല്മായ മുന്നേറ്റം പരിഹസിച്ചു. വൈദികരും വിശ്വാസികളും സീറോ മലബാർ സിനഡിന്റെ നിർദേശങ്ങൾ തള്ളിക്കളയുമെന്നും ജനാഭിമുഖ കുർബാന നിയമം മൂലം അനുമതി നൽകും വരെയും നിരാഹാരസമരം തുടരുമെന്നും അതിരൂപത അല്മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി.
കൊച്ചി: സീറോമലബാർ സഭ സിനഡിന്റെ സെക്രട്ടറിയായി നിയുക്ത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ സിനഡ് തെരഞ്ഞെടുത്തു. സഭയുടെ മുപ്പതാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സിനഡിൽ തന്നെയാണ് തലശ്ശേരി അതിരൂപതയുടെ ആർച് ബിഷപ്പായി മാർ പാംപ്ലാനിയെ സിനഡ് തെരഞ്ഞെടുത്തത്.
ദൈവശാസ്ത്രജ്ഞനും പ്രസംഗകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ആർച്ചുബിഷപ് മാർ പാംപ്ലാനി 2017 നവംബർ 8 മുതൽ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനാണ്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ജർമൻ, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകളിൽ പ്രാവീണ്യമുണ്ട്. സീറോമലബാർ സഭ സിനഡിന്റെ സെക്രട്ടറിയായിരുന്ന ആർച്ചുബിഷപ് മാർ ആന്റണി കരിയിൽ കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് മാർ ജോസഫ് പാംപ്ലാനി ഇപ്പോൾ നിയമിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.