ശബരിമല: അധിക കരാർ നൽകിയിട്ടും ശബരിമലയിലെ ഉണ്ണിയപ്പ നിർമാണപ്രതിസന്ധി ഒഴിയുന്നില്ല. തീർഥാടകരുടെ തിരക്ക് വർധിച്ചതിനെത്തുടർന്ന് ആവശ്യത്തിന് അപ്പം തയാറാക്കി നൽകാൻ കഴിയാതെവന്നതോടെ കോടതി നിർദേശത്തെത്തുടർന്ന് നിലവിലെ കരാറുകാരനെ നിലനിർത്തിക്കൊണ്ട് ബോർഡ് കഴിഞ്ഞ ദിവസം പുതിയ കരാർ നൽകിയിരുന്നു.
ഒരുകൂട്ട് ഉണ്ണിയപ്പം തയാറാക്കുന്നതിന് 850 രൂപ നിരക്കിലാണ് നിലവിലെ കരാറുകാരന് നൽകിയിരുന്നത്. 1250 രൂപ പ്രകാരം കഴിഞ്ഞ ദിവസം അപ്പം നിർമാണത്തിന് മറ്റൊരു കരാറുകാരനെകൂടി നിയോഗിച്ചിരുന്നു. എന്നാൽ, രണ്ട് കരാറുകാർ ചേർന്ന് നിർമാണം നടത്തിയിട്ടും അപ്പം വിതരണം പ്രതിസന്ധിയിലാണ്. ഞായറാഴ്ച പല കൗണ്ടറിലും അപ്പം ലഭ്യമായിരുന്നില്ല.
മണിക്കൂറുകളോളം ക്യൂവിൽ നിന്ന് കൗണ്ടറുകളുടെ മുന്നിലെത്തി നിരാശരായി മടങ്ങുകയാണ് ഭക്തർ. കൗണ്ടറുകളുടെ മുന്നിൽ കൂടുതലായി അപ്പം ലഭ്യമല്ല എന്ന ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് പ്രസാദത്തിന് ക്യൂ നിൽക്കുന്ന തീർഥാടകരിൽ ആശയക്കുഴപ്പവും ഉണ്ടാക്കുന്നുണ്ട്. ജീവനക്കാരുടെ കുറവുമൂലം അപ്പം പാക്ക് ചെയ്യുന്നതിെല കാലതാമസമാണ് വിതരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ഞായറാഴ്ച മുതൽ ഡ്യൂട്ടി സമയം കഴിഞ്ഞ താൽക്കാലിക ജീവനക്കാരെ ഉണ്ണിയപ്പം പാക്കിങ് ജോലിക്ക് അധികമായി നിയമിച്ചിട്ടുണ്ട്. എന്നിട്ടും പ്രതിസന്ധി ഒഴിയാത്ത സ്ഥിതിയാണുള്ളത്.
അപ്പം തയാറാക്കാനുള്ള മുഴുവൻ സാധനങ്ങളും ദേവസ്വം ബോർഡാണ് വാങ്ങി നൽകുന്നത്. വൈദ്യുതി ഉപയോഗിച്ച് ആവിയിൽ പ്രവർത്തിക്കുന്ന 36 അടുപ്പുകളാണ് ഉള്ളത്. ദിവസം 60,000 കവർ ഉണ്ണിയപ്പം തയാറാക്കാനുള്ള ശേഷി ഇവക്കുണ്ട്. എന്നാൽ, ജീവനക്കാരുടെ കുറവുമൂലം 25,000 മുതൽ 30,000 വരെ കവർ മാത്രെമ പ്രതിദിനം തയാറാക്കാൻ സാധിക്കുന്നുള്ളൂ. 160 ഡിഗ്രി വരെ ചൂടത്തിരുന്ന് ഉണ്ണിയപ്പം തയാറാക്കുന്നത് ശ്രമകരമായ ജോലിയായതിനാൽ കരാറുകാരൻ കൊണ്ടുവന്ന തൊഴിലാളികളിൽ പലരും തിരികെ പോകുന്നതും പ്രതിസന്ധിയായി.
പ്രസാദവിതരണത്തിലടക്കം ജീവനക്കാരുടെ കുറവ് ഉണ്ടായതോടെ ബോര്‍ഡ് മൂന്നുതവണ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പക്ഷേ ചുരുക്കം ചിലര്‍ മാത്രമാണ് അപേക്ഷ നല്‍കിയത്. മണ്ഡലപൂജക്ക് ദിനങ്ങൾ മാത്രം അവശേഷിക്കെ അപ്പ നിർമാണത്തിലും വിതരണത്തിലും നേരിടുന്ന തടസ്സങ്ങൾ ബോർഡിന് വലിയ വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.