അതിരപ്പിള്ളി: ഏഴാറ്റുമുഖത്ത് ചെക്ക്പോസ്റ്റിന് സമീപം കാട്ടാന പരിഭ്രാന്തി സൃഷ്ടിച്ചു. എണ്ണപ്പന റോഡിലേക്ക് മറിച്ചിട്ട് ഗതാഗത തടസ്സം സൃഷ്ടിക്കുകയും വിനോദ സഞ്ചാരികൾക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളമാണ് കാട്ടാന ഗതാഗതം തടസ്സപ്പെടുത്തിയത്. പുലർച്ചെ എണ്ണപ്പനത്തോട്ടത്തിലെത്തിയ കാട്ടാന രാവിലെ 6.30 ഓടെ എണ്ണപ്പന തട്ടിയിട്ട ശേഷം റോഡിൽ നിലയുറപ്പിക്കുകയായിരുന്നു.
മിൽമയുടെ പാൽ ശേഖരിക്കുന്ന ടാങ്കർ ലോറിയടക്കം നിരവധി വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു. ബൈക്ക് യാത്രക്കാരും സഞ്ചാരികളും ആനയുടെ വരവ് കണ്ട് ഓടി രക്ഷപ്പെട്ടു. ആക്രമിക്കാനെത്തിയ ആനയെ ശബ്ദമുണ്ടാക്കി ഭയപ്പെടുത്തി പിന്തിരിപ്പിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. പ്ലാന്റേഷൻ ഭാഗത്തെ എണ്ണപ്പന തോട്ടത്തിലേക്ക് കാട്ടാന കയറി പോകുന്നതുവരെ വാഹനങ്ങൾക്ക് റോഡിൽ കാത്തുനിൽക്കേണ്ടി വന്നു.
പ്ലാന്റേഷൻ വക എണ്ണപ്പനത്തോട്ടത്തിലെത്തുന്ന കാട്ടാനകൾ നാട്ടുകാർക്കും സഞ്ചാരികൾക്കും വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഈയിടെയായി പതിവാണ്.
വാഴച്ചാൽ, അതിരപ്പിള്ളി വനമേഖലയിൽ നിന്നും പുഴയുടെ മറുവശത്ത് മലയാറ്റൂർ ഡിവിഷനിലെ വനമേഖലയിൽ നിന്നും ഒറ്റയ്ക്കും കൂട്ടമായും ഭക്ഷണം തേടിയും വെള്ളം തേടിയും കാടിറങ്ങി വരുന്നത് പലപ്പോഴും ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്.
ആനമല അന്തർ സംസ്ഥാന പാതയിൽ റോഡിന് കുറുകേ കടന്നു പോകുമ്പോൾ ഗതാഗത സ്തംഭനവും അപകടവും ഉണ്ടാകുന്നു. ഇവ കടന്നു പോകുന്ന മലയോര മേഖലയിൽ കർഷകരുടെ കൃഷിക്ക് നാശവും സൃഷ്ടിക്കുന്നു. വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയവ കൃഷിയിടത്തിൽ വൻനാശം വരുത്താറുണ്ട്.
കാട്ടാനകൾ എണ്ണപ്പനകൾ തള്ളിയിടുന്നതുമൂലം മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിൽ മിക്കപ്പോഴും ഗതാഗത തടസ്സവും ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വൈദ്യുതി തടസ്സവും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.