രുചിയൂറും മാങ്ങാക്കാലം

വേനല്‍ക്കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിളഞ്ഞുണ്ടാവുന്ന ഫലങ്ങളാണ് മാങ്ങയും ചക്കയും. മാങ്ങാക്കാലത്തെ ഉണ്ണിമാങ്ങ മുതല്‍ മാമ്പഴം വരെയുള്ള മാങ്ങയുടെ ഏതവസ്ഥയും ആര്‍ക്കും എപ്പോഴും പഥ്യമാണ്. ചില മാങ്ങാ വിഭവങ്ങളിലൂടെ...

തൊറ മാങ്ങ
മാങ്ങ -എട്ടെണ്ണം (സാമാന്യം വലുത്)
മുളകുപൊടി -മൂന്ന് ടേബ്ള്‍സ്പൂണ്‍
ഉലുവ വറുത്തുപൊടിച്ചത് -രണ്ട് ടീസ്പൂണ്‍
കടുക് വറുത്തുപൊടിച്ചത് -ഒരു ടീസ്പൂണ്‍
ജീരകം വറുത്തുപൊടിച്ചത് -ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
മഞ്ഞള്‍പൊടി -അല്‍പം
വറ്റല്‍മുളക് -നാലെണ്ണം

തയാറാക്കുന്ന വിധം
തൊലി ചെത്താത്ത മാങ്ങ വൃത്തിയായി കഴുകുക. അതിനുശേഷം മാങ്ങ മുങ്ങുന്ന തരത്തില്‍ വെള്ളം തിളപ്പിച്ച് 15 മിനിറ്റ് വേവിക്കുക. വെള്ളം ഊറ്റി തണുത്തശേഷം അണ്ടിയോടെ നീളത്തില്‍ നെറുകെ പിളര്‍ത്തി ഒരു ദിവസം നല്ല വെയിലത്തുവെക്കുക. അതിനുശേഷം അല്‍പം മഞ്ഞള്‍പ്പൊടിയും നന്നായി ഉപ്പുംചേര്‍ത്ത് മൂന്നുദിവസം വീണ്ടും വെയിലത്തുവെക്കുക. വൈകീട്ട് പാത്രത്തില്‍ എടുത്തുവെക്കണം. രാവിലെ ആകുമ്പോഴേക്കും മാങ്ങയില്‍നിന്ന് നീരുവീഴും. ഈ നീര് മാങ്ങയില്‍ പുരട്ടി ആറുദിവസം ഉണക്കുക. ഇതില്‍ പൊടിച്ച ജീരകം, കടുക്, മുളകുപൊടി, ഉലുവ, കുരുമുളക് പൊടി പാകത്തിന് ഉപ്പും ചേര്‍ത്ത് മാങ്ങ പൊതിയുക. ഭരണിയുടെ അടപ്പില്‍ വാഴയിലവെച്ച് മൂടിവെക്കുക. രണ്ടുമാസത്തിനുശേഷമേ ഉപയോഗിക്കാവൂ. തൈര് ചേര്‍ത്തുകഴിച്ചാല്‍ രുചി ഏറെയാകും.

മാമ്പഴക്കാളന്‍
നാട്ടുമാങ്ങ നന്നായി പഴുത്തത് -10
ഒരു മുറി തേങ്ങ
മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
തൈര് -ഒന്നരക്കപ്പ്
പച്ചമുളക് -നാല് (കാന്താരിയായാല്‍ രുചികൂടും)
വറ്റല്‍മുളക് -നാല്
കറിവേപ്പില -രണ്ടുതണ്ട്
ഉപ്പ് -പാകത്തിന്
ജീരകം -കാല്‍ സ്പൂണ്‍
കടുക് -അര സ്പൂണ്‍
ഉലുവ പൊടി -അല്‍പം
വെളിച്ചെണ്ണ -പാകത്തിന്

തയാറാക്കുന്ന വിധം
മാമ്പഴം തൊലിനീക്കി കത്തികൊണ്ട് വരിഞ്ഞ് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. തേങ്ങ അരച്ചതില്‍ ഉലുവപ്പൊടിയും പച്ചമുളകും രണ്ട് വറ്റല്‍മുളകും മയത്തില്‍ അരച്ച് തൈരുടച്ചതില്‍ കലക്കിവെക്കുക. മാങ്ങ വെന്തശേഷം തൈര് മിശ്രിതവും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. പതഞ്ഞുവരുമ്പോള്‍തന്നെ ഇറക്കിവെക്കുക (തിളക്കരുത്). വെളിച്ചെണ്ണയില്‍ കടുകും വറ്റല്‍മുളകും മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.