ഉണ്ണികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കാം

കുട്ടികള്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ ഏത് അമ്മക്കാണ് സുഖമുണ്ടാവുക. കുട്ടികള്‍ വളരാനും വലുതാകാനും ഏത്  അമ്മയാണ് ആഗ്രഹിക്കാത്തത്? അതുകൊണ്ടുതന്നെയാണ് ഭൂരിഭാഗം അമ്മമാരും ഇന്ന് പരസ്യക്കമ്പനികളുടെ വലയില്‍പെട്ട് കുട്ടികളെ ഭാവിരോഗികളാക്കാന്‍ സഹായിച്ചുപോവുന്നത്. നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും സ്വാധീനിക്കുന്നതെന്നതില്‍ ഭിന്നാഭിപ്രായമില്ല.  പക്ഷേ, കഴിക്കുന്നതിലും കഴിപ്പിക്കുന്നതിലും നാം ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍, ഏതാനും മിനിറ്റുകള്‍ മാത്രം മാറ്റിവെച്ചാല്‍ നമ്മുടെ കുട്ടികള്‍ക്ക് വളര്‍ച്ചയും ആരോഗ്യവും നിലനിര്‍ത്താന്‍, വായക്ക് രുചികരമായ ഇഷ്ട വിഭവങ്ങള്‍ ഒരുക്കി നല്‍കാന്‍ അമ്മമാര്‍ക്ക് കഴിയും. അമ്മയുണ്ടാക്കുന്ന പലഹാരങ്ങളില്‍ കണ്ണുവെച്ച് വീട്ടിലേക്ക് ഓടിയത്തെുന്ന കുട്ടികളെ നമുക്ക് കാത്തിരിക്കുകയും ചെയ്യാം. ഒപ്പം അവരറിയാതെ അവരുടെ ശരീരവളര്‍ച്ചയെയും ആരോഗ്യത്തെയും നിലനിര്‍ത്താം. ജീവന് ഹാനികരമല്ലാത്തത് നല്‍കുന്നുവെന്ന അമ്മമനസ്സിന്‍െറ ചാരിതാര്‍ഥ്യത്തില്‍ പുലരുകയും ചെയ്യാം. ഓരോ ഘട്ട വളര്‍ച്ചക്കും വ്യത്യസ്തമായ വിറ്റമിനുകളും പ്രോട്ടീനുകളും ആവശ്യമാണ്. പയറുവര്‍ഗങ്ങളും ധാന്യങ്ങളും ഇലകളും കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പഴമക്കാരുടെ ഭക്ഷണശീലം തിരിച്ചുപിടിച്ചാല്‍ നമുക്ക് നമ്മുടെ ആരോഗ്യം നിലനിര്‍ത്താം. രോഗങ്ങളോട് ഗുഡ്ബൈ പറയുകയുമാകാം.

മുത്താറി ഊത്തപ്പം


ഉഴുന്ന് -ഒരു കപ്പ്
മുത്താറി -രണ്ട് കപ്പ്
ഉപ്പ് -ആവശ്യത്തിന്
സവാള (പൊടിയായി അരിഞ്ഞത്) -ഒന്ന്
പച്ചമുളക് -മൂന്നെണ്ണം
വേപ്പില -രണ്ട് തണ്ട്

തയാറാക്കുന്ന വിധം

ഉഴുന്നും മുത്താറിയും നന്നായി കഴുകിയരച്ച്  ദോശമാവിന്‍െറ പാകത്തില്‍ ഉപ്പ്ചേര്‍ത്ത് നന്നായി അരച്ചുവെക്കുക. പച്ചമുളകും വേപ്പിലയും പൊടിയായി അരിഞ്ഞ് സവാളയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വെക്കുക. പാന്‍ ചൂടാക്കി, മാവ് കോരിയൊഴിച്ച് അധികം പരത്താതെ ദോശയുണ്ടാക്കുക, മുകളില്‍ സവാളക്കൂട്ട് അല്‍പം എടുത്ത് വിതറിയിടുക. മൂടിവെച്ച് ചെറുതീയില്‍ ചുട്ടെടുക്കുക. എണ്ണ ആവശ്യമെങ്കില്‍ അല്‍പമൊഴിച്ച് മൊരിച്ചെടുക്കുക.  ചട്നിയോ, സോസോ, ചമ്മന്തിയോ ഒഴിച്ച് കഴിക്കാം.

സ്വീറ്റണ്‍ ഗ്രീഗ്രാം

ചെറുപയര്‍ മുളപ്പിച്ചത് -100 ഗ്രാം
ശര്‍ക്കര -മൂന്നെണ്ണം
(പാകത്തിന് ഉപയോഗിക്കാം)
തേങ്ങ ചിരകിയത് -അരക്കപ്പ്
ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം

ചെറുപയര്‍ തലേദിവസം വെള്ളത്തിലിട്ടതിനുശേഷം പിറ്റേന്ന് വെള്ളമൂറ്റി പാത്രത്തില്‍ ഇട്ടുവെക്കുക. പയര്‍ മുളച്ചതിനുശേഷം (വൈകീട്ടോടെയോ പിറ്റേന്ന് കാലത്തോടെയോ നല്ലവണ്ണം മുളക്കും) പരന്ന പാത്രത്തില്‍ അല്‍പം വെള്ളമൊഴിച്ച് ശര്‍ക്കരയും ചേര്‍ത്ത് വേവിക്കുക. (ചെറിയ വേവേ പാടുള്ളൂ) അതിലേക്ക് ചിരകിയ തേങ്ങയും ചേര്‍ത്തിളക്കുക. പായസരൂപത്തില്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്. വേവിക്കാതെ കുട്ടികള്‍ കഴിക്കുമെങ്കില്‍ അത്രയും നല്ലതാണ്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഏറെ ഗുണം ചെയ്യും. പ്രകൃതി ചികിത്സയിലെ പ്രധാന ഭക്ഷണരീതിയാണ് ധാന്യങ്ങള്‍ മുളപ്പിച്ച് പച്ചക്ക് കഴിക്കുന്നത്. ആരോഗ്യവും സൗന്ദര്യവും, ഓജസ്സും നിലനിര്‍ത്തുമെന്നതില്‍ അഭിപ്രായ തര്‍ക്കമില്ല.

മിക്സഡ് വെജിറ്റബ്ള്‍ ഇഡലി

 1. കോളിഫ്ളവര്‍ (പൊടിയായി അരിഞ്ഞത്) -കാല്‍ കപ്പ്
2. ഉരുളക്കിഴങ്ങ്  -രണ്ടെണ്ണം
3. കാരറ്റ്  -ഒന്ന്
4. സവാള  -ഒന്ന് (വലുത്)
5. ബീന്‍സ്  -അഞ്ചെണ്ണം
6. കാപ്സിക്കം  -ഒന്ന് (ചെറുത്)
7. ടൊമാറ്റോ സോസ് -ഒരു സ്പൂണ്‍
8. ഉപ്പ് -പാകത്തിന്
9. മുരിങ്ങയില -പൊടിയായി അരിഞ്ഞത്

തയാറാക്കുന്ന വിധം:

അരിഞ്ഞ പച്ചക്കറികളും ടൊമാറ്റോസോസും ഉപ്പും ചേര്‍ത്ത് അല്‍പനേരം കുഴച്ചുവെക്കുക. തയാറാക്കിവെച്ച ഇഡലി മാവ് എണ്ണപുരട്ടിയ ഇഡലിത്തട്ടില്‍ കുറച്ചുവീതം ഒഴിക്കുക. ഒരു സ്പൂണ്‍ പച്ചക്കറിക്കൂട്ട് അതിനുമീതെ വിതറി വീണ്ടും മാവൊഴിച്ച് തട്ട് നിറക്കുക. ഇഡലി വേവുന്ന സമയത്തിനുശേഷം ഇറക്കിവെക്കുക. കുട്ടികള്‍ക്ക് ഇഷ്ടമുള്ള പച്ചക്കറികളും ഇലക്കറികളും ചെറുതായരിഞ്ഞ് ചേര്‍ക്കാവുന്നതാണ്.  മെലിഞ്ഞ ശരീരപ്രകൃതിയുള്ള കുട്ടികള്‍ക്ക് തൈരും ചേര്‍ത്ത് കൊടുത്താല്‍ ശരീരപുഷ്ടി ഉണ്ടാവും. സ്കൂളില്‍ ഇടവേള ഭക്ഷണമായി കൊടുത്തുവിടാവുന്നതാണ്.


തവിട് ഉണ്ട

തവിട് ചൂടാക്കിയത് -ഒരു കപ്പ്
ശര്‍ക്കര പാവ് -മുക്കാല്‍ കപ്പ്
നിലക്കടല വറുത്ത് പൊടിച്ചത് -25 ഗ്രാം
ഏലക്കപ്പൊടി -മുക്കാല്‍ സ്പൂണ്‍
എള്ള് -മൂന്ന് സ്പൂണ്‍
ജീരകപ്പൊടി -മുക്കാല്‍ സ്പൂണ്‍
ഉണങ്ങിയ തേങ്ങ ചിരകിയത് -ഒരു കപ്പ്
അണ്ടിപ്പരിപ്പ് (നുറുക്കിയത്) -പത്തെണ്ണം

തയാറാക്കുന്ന വിധം:

ശര്‍ക്കരപാവില്‍ തേങ്ങയിട്ട് ചൂടാക്കിയതിനുശേഷം ബാക്കി ചേരുവകള്‍ ചേര്‍ത്ത് ഇളക്കുക.  ചൂടാറുന്നതിന് മുമ്പേ പാകത്തിന് ഉരുട്ടിയെടുക്കുക. മധുരം ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍ക്ക് ശര്‍ക്കര ഒഴിവാക്കാം. കുട്ടികളുടെ വളര്‍ച്ചക്കും ദേഹപുഷ്ടിക്കും വയറിനും ഉത്തമമാണ്. പലഹാര രൂപത്തില്‍ തവിടും ശര്‍ക്കരയും കുട്ടികള്‍ക്ക് നല്‍കുന്നത് രക്തത്തിലെ ഹീമോഗ്ളോബിന്‍െറ അളവ് വര്‍ധിപ്പിക്കാനും ഭാവി ജീവിതത്തിനുകൂടി ആരോഗ്യം പ്രദാനം ചെയ്യാനും സഹായകമാവും.
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.